
മഴ ചാറിയപ്പോഴും ചിതറാതെ ഒരു നാടു മുഴുവൻ നിന്നു; കണ്ണന് കണ്ണീരോടെ വിട…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ മഴ ചാറിയപ്പോഴും ചിതറാതെ ഒരു നാടു മുഴുവൻ പ്രിയപ്പെട്ട കണ്ണനെ ഒരു നോക്കു കാണാൻ കാത്തു നിന്നു. മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചവരുടെ പോലും കണ്ണു നിറഞ്ഞ് കണ്ഠമിടറി. പോരാടിയും ചേർത്തു പിടിച്ചും ഒപ്പം കൂട്ടിയവരെല്ലാം പരിഭവമില്ലാതെ മണിക്കൂറുകൾ കാത്തുനിന്ന് കക്ഷി രാഷ്ട്രീയത്തിനപ്പുറം യാത്രാമൊഴിക്കായി നാടൊഴുകിയെത്തി. ഇന്നലെ രാത്രി എട്ടോടെ പ്രിയങ്കരനായ കണ്ണന് ഹൃദയവേദനയോടെ നാട് വിടചൊല്ലി. വിലാപയാത്രയുടെ തുടക്കം മുതൽ ആദരാഞ്ജലികളർപ്പിക്കാൻ നാടൊന്നാകെ എത്തിയതോടെ പൊതുദർശനം മണിക്കൂറുകൾ വൈകി. പരുമലയിൽ നിന്ന് അടൂരിലെ ഗാന്ധിസ്മൃതി മൈതാനത്തേക്ക് വിലാപയാത്രയെത്തിയത് ഉച്ചയ്ക്ക് 12നു ശേഷമാണ്.
കോൺഗ്രസ് ജില്ലാ ആസ്ഥാനത്ത് വിലാപയാത്രയെത്തിയപ്പോൾ സമയം ഉച്ചകഴിഞ്ഞ് 3. ഇവിടെയും ഒട്ടേറെപ്പേർ അന്തിമോപചാരമർപ്പിക്കാനെത്തി. തുടർന്ന് കണ്ണൻ പഠിച്ച, പിന്നീട് പിടിഎ പ്രസിഡന്റായി പ്രവർത്തിച്ച മാത്തൂർ ഗവ.യുപി സ്കൂൾ, മഞ്ഞനിക്കര വാലുതറയിലുള്ള ഭാര്യയുടെ വസതി, കണ്ണൻ പ്രസിഡന്റായിരുന്ന പുലിപ്പാറമല മഹാദേവക്ഷേത്രത്തിന്റെ വളപ്പിന് സമീപത്തെ സമുദായകെട്ടിടം, എന്നിവിടങ്ങളിലെ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഒരുപക്ഷേ തിരഞ്ഞെടുപ്പിൽ വിജയിച്ച് ആഹ്ലാദപ്രകടനമായി എത്തേണ്ടിയിരുന്ന വഴികളിലൂടെ കണ്ണൻ നിശ്ചലനായി വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ സന്ധ്യ പിന്നിട്ടിരുന്നു. ‘കണ്ണേ കരളേ കണ്ണേട്ടാ,l ഞങ്ങളെ ആകെ നയിച്ചവനെ’ മുദ്രാവാക്യങ്ങൾ മാത്തൂരിൽ മാറ്റൊലി തീർത്തു. വിശ്രമം ഇല്ലാത്ത തിരക്കുകളിലൂടെയായിരുന്നു എന്നും കണ്ണന്റെ രാഷ്ട്രീയ ജീവിതവും.
നിറപ്പകിട്ടില്ലാത്ത ബാല്യകാലം, ബിരുദ പഠനത്തിനു ശേഷം കേബിൾ ടെക്നിഷ്യൻ ജോലി, ഇതിനു ശേഷം പത്രഏജന്റിന്റെ ജോലിയിലേക്ക്. ഈ ഗ്രാമത്തിന്റെയും സ്വപ്നമായിരുന്നു കണ്ണന്റെ വിജയങ്ങൾ. ഒടുവിൽ ആ സ്വപ്നം ബാക്കിയാക്കി മാത്തൂരിന്റെയും അടൂരിന്റെയും കണ്ണൻ യാത്രയായി.കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, കെ.യു.ജനീഷ് കുമാർ, മാത്യു കുഴൽനാടൻ, രാഹുൽ മാങ്കൂട്ടത്തിൽ, പ്രമോദ് നാരായൺ, ചാണ്ടി ഉമ്മൻ, നേതാക്കളായ വി.എം.സുധീരൻ, എം.എം.ഹസൻ, കെ.സി.ജോസഫ്, പന്തളം സുധാകരൻ, പി.ജെ.കുര്യൻ, ഷാനിമോൾ ഉസ്മാൻ, വി.ടി.ബൽറാം, സുനിൽ പി.ഉമ്മൻ, കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻമാരായ ജോസഫ് എം.പുതുശ്ശേരി, ഡി.കെ.ജോൺ, കേരള കോൺഗ്രസ് (എം) സംസ്കാര വേദി പ്രസിഡന്റ് വർഗീസ് പേരയിൽ, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിം, ഏബ്രഹാം മാർ സെറാഫിം, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ്, വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ, കേരള കോൺഗ്രസ് (എം) ദലിത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം.സി.ജയകുമാർ, ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി നൗഷാദ് കണ്ണങ്കര, കോൺഗ്രസ് എസ്.ബി.ഷാഹുൽ ഹമീദ്, എസ്വൈഎസ് ജില്ലാ സെക്രട്ടറി സുധീർ വഴിമുക്ക്, മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അൻസിൽ സക്കറിയ കോമാട്ട്, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുപ്ലാക്കൽ, സിനിമാ നിർമാതാവ് എം.രഞ്ജിത്ത്, നടിമാരായ ചിപ്പി, അനുശ്രീ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.