നഗരപരിധിയിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ കർശന പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. അടൂർ ബൈപാസിലെ ഹോട്ടലുകൾ ഉൾപ്പെടെ ആകെ 16 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
ഇതിൽ 10 സ്ഥാപനങ്ങളിൽ നിന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുക്കുകയുണ്ടായി. പരിശോധന ഹൈസ്കൂൾ ജംക്ഷൻ ഭാഗത്ത് എത്തിയപ്പോൾ അസോസിയേഷൻ നേതാക്കൾ നടപടി തടയാൻ ശ്രമിച്ചത് ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിന് ഇടയാക്കി.
തുടർന്ന് സംഭവസ്ഥലത്ത് പൊലീസ് എത്തി പ്രതിഷേധക്കാരെ നീക്കം ചെയ്ത ശേഷമാണ് ഉദ്യോഗസ്ഥർ പരിശോധന പുനരാരംഭിച്ചത്. ഹോട്ടൽ രാജധാനി, ഓലപ്പന്തൽ, ബിഗ്മൗത്ത്, അമ്മച്ചിക്കട, ഡിങ്കന്റെ തട്ടുകട, അൽറാസി, ഹൈസ്കൂൾ ജംക്ഷനിലെ എസ്എൻ ഹോട്ടൽ, പാർക്ക് റസിഡൻസി, സൂര്യ ഹോട്ടൽ, സെൻട്രൽ പാർക്ക് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തത്.
ഇതിൽ രാജധാനി ഹോട്ടലിൽ നിന്ന് മാത്രം 50 കിലോ പഴയ മത്സ്യമാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില സ്ഥാപനങ്ങളിൽ ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലെന്നും ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ചട്ടങ്ങൾ ലംഘിച്ച കടകളിൽ നിന്ന് പിഴ ഈടാക്കുമെന്നും വീഴ്ച ആവർത്തിക്കരുതെന്ന് കാണിച്ച് കർശന നോട്ടിസ് നൽകുമെന്നും ക്ലീൻസിറ്റി മാനേജർ മുഹമ്മദ് ഫൈസൽ അറിയിച്ചു. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കവിത, അമൽ, ഷഹന, മിനി, ആഷ്ന, ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യൂസ്, മാത്തുക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന സംഘം പ്രവർത്തിച്ചത്.
അതേസമയം, പരിശോധന തടഞ്ഞെന്ന രീതിയിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) ജില്ലാ നേതൃത്വം അറിയിച്ചു. അടൂർ നഗരസഭയിൽ അസോസിയേഷന് നിലവിൽ യൂണിറ്റില്ലെന്നും മറ്റ് എല്ലാ യൂണിറ്റുകളിലും ആരോഗ്യ വിഭാഗവുമായി ചേർന്ന് ക്ലാസുകൾ നൽകാറുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പരിശോധനയ്ക്ക് സംഘടന എതിരല്ലെന്നും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി, സെക്രട്ടറി എം.െക.ഉല്ലാസ്, രാജേഷ് ജി.നായർ, സുനിത ബിജു, കെ.എം.രാജ, എൻ.കെ.നന്ദകുമാർ, സക്കീർ ശാന്തി എന്നിവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

