
തിരുവല്ല പബ്ലിക് സ്റ്റേഡിയം: കാടുവെട്ടാൻപോലും നടപടിയില്ല; ട്രാക്കിൽ പുല്ല്, അകത്ത് ചെളിക്കുളം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവല്ല∙ പബ്ലിക് സ്റ്റേഡിയം കാടും പുല്ലും വളർന്ന് ഉപയോഗശൂന്യമായി. അത്ലറ്റിക് ട്രാക്കിൽ ഉൾപ്പെടെ പുല്ലുവളർന്നു നിൽക്കുകയാണ്.മഴക്കാലമായാൽ സ്റ്റേഡിയത്തിൽ വെള്ളം കെട്ടി നിന്നു ചതുപ്പായി മാറും. ബൈപാസ് റോഡിൽ നിന്നും മറ്റും ഒഴുകിയെത്തുന്ന വെള്ളവും മാലിന്യങ്ങളും സ്റ്റേഡിയത്തിനുള്ളിലേക്കാണ് എത്തിപ്പറ്റുന്നത്. മഴ മാറി 2 മാസം കഴിഞ്ഞാലും സ്റ്റേഡിയം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കാടു വളർന്നു നിൽക്കുന്നതിനാൽ പ്രഭാത സവാരിക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടിലാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യം ഉള്ളതായി കായികതാരങ്ങൾ ഉൾപ്പെടെ പരാതിപ്പെടുന്നു. സ്റ്റേഡിയത്തിനു ചുറ്റും തെരുവുനായകളുടെ ശല്യവും ഏറിയിരിക്കുകയാണ്.മുൻപ് നഗരസഭയുടെ ചുമതലയിൽ വർഷത്തിൽ 3 തവണയെങ്കിലും പുല്ലും കാടും വെട്ടിത്തെളിക്കുകയും മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു.
കുറേക്കാലമായി ഇത്തരം ജോലികൾ ഒന്നും നഗരസഭ നടത്തുന്നില്ല..വിവിധ കായിക സംഘടനകൾ സ്റ്റേഡിയം നവീകരണത്തിനായി സമർപ്പിച്ച പദ്ധതികൾ എല്ലാം തന്നെ കടലാസിൽ ഉറങ്ങുകയാണ്. രഞ്ജി ട്രോഫി മത്സരം, സന്തോഷ് ട്രോഫി മേഖല മത്സരങ്ങൾ, സംസ്ഥാന സ്കൂൾ മീറ്റ്, സംസ്ഥാന അത്ലറ്റിക്ചാംപ്യൻ ഷിപ് , ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ് തുടങ്ങിയവ ഈ സ്റ്റേഡിയത്തിൽ നടന്നിട്ടുണ്ട്. ക്രിക്കറ്റിൽ രാജ്യാന്തര താരം കൃഷ്ണമാചാരി ശ്രീകാന്ത് ഉൾപ്പെടെ ഇവിടെ കളിച്ചിട്ടുണ്ട്.സ്റ്റേഡിയത്തിനു സമീപം കേരള ക്രിക്കറ്റ് അസോസിയേഷൻ തുടങ്ങിയ ഇൻഡോർ കോർട്ടിൽ എസ് അനീഷ് , രാജേഷ് ബക്കു, വിഷ്ണു വിനോദ്, മോനു കൃഷ്ണൻ , ഏദൻ ആപ്പിൾ ടോം തുടങ്ങി ഒട്ടേറെ ക്രിക്കറ്റ് പ്രതിഭകൾ പരിശീലനം നടത്തി കഴിവ് തെളിയിച്ചവരാണ്.
ഇപ്പോഴും നാനൂറോളം കുട്ടികൾ പല സമയങ്ങളിലായി ഇൻഡോർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പരിശീലനത്തിനു വരുന്നുണ്ട്. എന്നാൽ കുട്ടികളുടെ ആരോഗ്യത്തിനു ഹാനികരമാകുന്ന രീതിയിലും ഇൻഡോർ സ്റ്റേഡിയത്തെ മൂടുന്ന രീതിയിലും സ്റ്റേഡിയത്തിനു സമീപം മാലിന്യം ശേഖരിക്കുന്ന നടപടി തുടരുകയാണ്. സ്റ്റേഡിയം വാടകയ്ക്ക് എടുത്തു തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം മാതൃകയിൽ ക്രിക്കറ്റ് മൈതാനം ഒരുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ മുന്നോട്ട് വന്നതാണ്. എന്നാൽ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഈ വർഷം ക്രിക്കറ്റ് അസോസിയേഷൻ ലീഗ് മത്സരങ്ങൾ കോട്ടയം, പത്തനംതിട്ട എന്നീ സ്ഥലങ്ങളിലേക്കു മാറ്റേണ്ടിവന്നു.