ഇട്ടിയപ്പാറ ∙ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്ന മുറിക്കു പഴവങ്ങാടി പഞ്ചായത്തിന്റെ കുടിയിറക്കു ഭീഷണി. കടമുറികളുടെ കരാറുകാരൻ എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്ന മുറിയും വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടതാണു വിനയായിരിക്കുന്നത്.
എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്ന ഷെഡ് പഞ്ചായത്ത് പൊളിച്ചു നീക്കിയിട്ടും പുനർ നിർമിച്ചു നൽകാത്തതും പൊല്ലാപ്പായി.
ഇട്ടിയപ്പാറയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ട് അര നൂറ്റാണ്ടിലധികമായി. പഞ്ചായത്ത് ഓഫിസിന്റെ പഴയ കെട്ടിടത്തിൽ താഴത്തെ നിലയിലെ ഒരു മുറിയായിരുന്നു വിട്ടു കൊടുത്തിരുന്നത്.
കെട്ടിടം പൊളിച്ചു നീക്കിയപ്പോൾ സ്വകാര്യ ബസ് സ്റ്റാൻഡിൽ ഒരു മുറി ഷെഡ് പണിതു നൽകി. അവിടേക്ക് എയ്ഡ് പോസ്റ്റ് മാറ്റി സ്ഥാപിച്ചു.
ഇതിനു ബലക്ഷയം നേരിട്ടപ്പോൾ പുതിയതു നിർമിക്കാൻ 2 വർഷം മുൻപു പൊളിച്ചു നീക്കി.
2 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിരുന്നു. പഴയ ആസ്ബസ്റ്റോസ് ഷീറ്റുകൾ തന്നെ മേൽക്കൂരയിൽ ഇടാനുള്ള നീക്കം പൊലീസ് ഓഫിസർമാർ വിലക്കിയതോടെ എസ്റ്റിമേറ്റ് പുതുക്കി നിർമിക്കുന്നതിനായി കരാർ റദ്ദാക്കി.
പിന്നീടു നിർമാണം നടന്നില്ല. ഇവിടം കാടു മൂടിക്കിടക്കുന്നു.
സമീപത്തെ 2 കടമുറികളിൽ ഒരു ഭാഗം ഷട്ടറിട്ടു തിരിച്ച് എയ്ഡ് പോസ്റ്റിനായി നൽകിയിരുന്നു.
3 ഷട്ടറുകളാണു കടമുറികൾക്കുള്ളത്. ഇതു ലേലത്തിനെടുത്ത വ്യക്തി എയ്ഡ് പോസ്റ്റിനു നൽകില്ലെന്ന നിലപാടിലാണ്.
പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഇവിടെ കിടന്ന മേശയും കസേരയുമെല്ലാം എടുത്തു പുറത്താക്കിയിരുന്നു. പൊലീസ് ഓഫിസർമാർ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തീരുമാനമുണ്ടായിട്ടില്ല.
അവരുടെ നിർദേശ പ്രകാരം ഹോം ഗാർഡുകൾ ഫർണിച്ചറെടുത്തു വീണ്ടും ഉള്ളിലിട്ടു. ഇതേ സ്ഥിതി തുടരുകയാണ്.
പോക്കറ്റടിക്കാരെയും മറ്റും ഹോം ഗാർഡുകൾ പിടികൂടുമ്പോൾ ഇവിടെയാണ് ഇരുത്തുന്നത്.
പിന്നീടു പൊലീസെത്തി സ്റ്റേഷനിൽ കൊണ്ടുപോകുകയാണ്. ഹോം ഗാർഡുകൾ യൂണിഫോം ധരിക്കുന്നതും വിശ്രമിക്കുന്നതും ഇതിനുള്ളിലാണ്.
പതിറ്റാണ്ടുകൾക്കു മുൻപു പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റിനു കെട്ടിട സൗകര്യം ഒരുക്കി നൽകേണ്ടത് പഞ്ചായത്താണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

