പന്തളം ∙ പന്തളം കൊട്ടാരത്തിലും വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലും തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരക്ക് നിയന്ത്രിക്കാൻ മുന്നൂറിലധികം പൊലീസുകാരെ നിയോഗിച്ചു.
ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സായുധസേന ഘോഷയാത്രയുടെ സുരക്ഷയ്ക്കായി ഒപ്പമുണ്ടാകും.
11 ഇടത്ത് ദർശന സൗകര്യം
ഘോഷയാത്ര കടന്നുപോകുന്ന പാതയിൽ 11 സ്ഥലങ്ങളിൽ ആഭരണപ്പെട്ടികൾ തുറന്ന് ദർശനമുണ്ടാകും. കുളനട
ഭഗവതിക്ഷേത്രം, ഉള്ളന്നൂർ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമൺ അയ്യപ്പക്ഷേത്രം, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തിൽ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദർശനം.
കാൽനടയായി പരമ്പരാഗതപാതയിലൂടെ; മൂന്നാം നാൾ സന്നിധാനത്ത്
പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് 1.15ന് മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ ആദ്യ സ്വീകരണം. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം-1.30, കുളനട
ഭഗവതി ക്ഷേത്രം-2.00, ഉള്ളന്നൂർ ഭദ്രാദേവീക്ഷേത്രം-3.00, പറയങ്കര ഗുരുമന്ദിരം-3.20, കുറിയാനിപ്പള്ളി ദേവീക്ഷേത്രം-3.30, കാവുംപടി ക്ഷേത്രം-4.00, കിടങ്ങന്നൂർ ജംക്ഷൻ-4.30, നാൽക്കാലിക്കൽ സ്കൂൾ ജംക്ഷൻ-5.00, ആറന്മുള കിഴക്കേനട-5.30, പൊന്നുംതോട്ടം ക്ഷേത്രം-5.45, പാമ്പാടിമണ്ണ്-7.00, ചെറുകോൽപ്പുഴ ക്ഷേത്രം-8.30, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം-9.30, വിശ്രമം.
രണ്ടാം ദിവസം
പുലർച്ചെ രണ്ടിന് പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് മൂക്കന്നൂർ-3.40, ഇടപ്പാവൂർ-3.50, പേരൂർചാൽ-4.00, ആയിക്കപ്പാറ-4.15, ഇടക്കുളം അയ്യപ്പക്ഷേത്രം-4.30, വടശേരിക്കര ചെറുകാവ് ക്ഷേത്രം-8.00, പ്രയാർ മഹാവിഷ്ണു ക്ഷേത്രം-9.30, മാടമൺ ഋഷികേശ ക്ഷേത്രം-10.30, പൂവത്തുമൂട്-11.00, കൂടക്കാവ്-12.00, കൊട്ടാരത്തിൽ-12.30, പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രം-1.30, പെരുനാട് രാജേശ്വരീ മണ്ഡപം-3.30, ളാഹ വനംവകുപ്പ് സത്രം-8.00, വിശ്രമം.
മൂന്നാം ദിവസം
പുലർച്ചെ രണ്ടിന് ളാഹയിൽ നിന്നും ഘോഷയാത്ര പുറപ്പെടും. പ്ലാപ്പള്ളി-5.00, ഇലവുങ്കൽ-6.30, നിലയ്ക്കൽ ക്ഷേത്രം-9.00, അട്ടത്തോട്-10.00, കൊല്ലമൂഴി-10.30, ഒലിയമ്പുഴ-11.30, വലിയാനവട്ടം-12.30, ചെറിയാനവട്ടം-1.00, നീലിമല-2.30, ശബരിപീഠം-4.30, ശരംകുത്തി-5.30, സന്നിധാനം-6.00.
പുണർതംനാൾ നാരായണവർമ രാജപ്രതിനിധി, ഗുരുസ്വാമിയായി മരുതുവന ശിവൻകുട്ടി
പന്തളം രാജപ്രതിനിധിയായി ഘോഷയാത്രയെ നയിക്കുന്നത് പന്തളം കൊട്ടാരത്തിലെ പുണർതംനാൾ പി.എൻ.നാരായണവർമ.
പന്തളം വലിയതമ്പുരാന്റെ പ്രതിനിധിയായാണ് പല്ലക്കിലേറി യാത്ര. ഘോഷയാത്രയ്ക്കൊപ്പമുള്ള അദ്ദേഹം പമ്പയിലെ രാജമണ്ഡപത്തിലെത്തി ഭക്തരെ അനുഗ്രഹിക്കും.
മൂന്നാം ദിവസം മലകയറും. 18ന് കൊട്ടാരംവക കളഭാഭിഷേകവും 19ന് ഗുരുതിയും രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാണ്. 19ന് രാത്രി വരെയാണ് ഭക്തർക്ക് ദർശനം.
20ന് രാവിലെ ആറോടെ നട അടച്ചു തിരുവാഭരണവുമായി പടിയിറങ്ങി മടക്കയാത്ര തുടങ്ങും.
തിരുവാഭരണ പേടകവാഹകസംഘത്തിന്റെ ഗുരുസ്വാമിയായി ഇക്കുറി നിയോഗം മരുതുവന കെ.എൻ.ശിവൻകുട്ടിക്കാണ്. 40 വർഷമായി സംഘത്തിലുണ്ടായിരുന്നു.
20 വർഷം ഗുരുസ്വാമിയായിരുന്ന കുളത്തിനാലിൽ ഗംഗാധരൻ പിള്ള പ്രായാധിക്യം കാരണം പിൻവാങ്ങിയതോടെയാണ് പുതിയ നിയോഗം.
പ്രധാന പേടകത്തിൽ ഈ ആഭരങ്ങൾ
ആഭരണങ്ങളിൽ പ്രധാനപ്പെട്ടതും ഇന്ദ്രനീലക്കല്ല് പതിച്ച് ശബരീശവിഗ്രഹത്തിൽ ചാർത്താൻ പാകത്തിലുള്ളതുമായ തിരുമുഖം, നവരത്നമോതിരം, മണിമാല, ശരപ്പൊളിമാല, എരിക്കിൻപൂമാല, ചുരിക, വാൾ, സ്വർണ തളിക, പ്രഭാമണ്ഡലം, ആന, പുലി, പൂർണ പുഷ്കലമാർ എന്നിവയാണ് പ്രധാന പെട്ടിയിൽ. ഇതേ പെട്ടിയിലുള്ള ചുരികയും പിടിച്ചാണ് രാജപ്രതിനിധി പതിനെട്ടാംപടി കയറി ദർശനം നടത്തുക.
രണ്ടാമത്തെ പെട്ടിയിൽ കളഭാഭിഷേകത്തിനുള്ള സ്വർണക്കുടം, വെള്ളി കെട്ടിയ ശംഖ്, പൂജാപാത്രങ്ങൾ. മൂന്നാമത്തെ പെട്ടിയിൽ ശബരിമലയിൽ എഴുന്നള്ളിപ്പിനുള്ള ജീവത, നെറ്റിപ്പട്ടം, തലപ്പാറ, ഉടുമ്പാറ മലകളുടെ കൊടികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

