വളഞ്ഞവട്ടം ∙ വിരണ്ടോടിയ പോത്ത് 5 മണിക്കൂറോളം നാടിനെ പരിഭ്രാന്തിയിലാക്കി. പോത്ത് ആക്രമണത്തിൽ ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനടക്കം 6 പേർക്കു പരുക്കേറ്റു.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. സുരേഷ് കാട്ടിൽപറമ്പിൽ എന്നയാൾ 6 മാസമായി വളർത്തുന്ന പോത്താണ് വിരണ്ടത്.
ഓട്ടത്തിനിടയിൽ ആദ്യം പുത്തൻപുരയിൽ ബ്ലസനെ ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് മുന്നൂറ്റി പുത്തൻപുരയ്ക്കൽ എം.എസ്.സാമുവലിന്റെ വാഴത്തോട്ടത്തിലേക്ക് ഓടിക്കയറി.
പോത്തിനെ ഓടിക്കാൻ ചെന്ന സാമുവലിന്റെയും ഭാര്യ കുഞ്ഞുമോളുടെ നേരെ പാഞ്ഞടുത്തു. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ വീണ് ഇരുവർക്കും പരുക്കേറ്റു.
ചിതറി ഓടുന്നതിനിടെ ചെറുനിലത്ത് ബോബി, കാട്ടിൽപറമ്പിൽ വിജയൻ, ദാസപ്പൻ നായർ ശങ്കരമംഗലം എന്നിവർക്കും പോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു.
പഞ്ചായത്തംഗങ്ങളായ സൂസമ്മ പൗലോസ്, ജോർജ് തോമസ് എന്നിവർ പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിച്ചു. തിരുവല്ലയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം 3 മണിക്കൂറോളം പോത്തിനെ പിടിച്ചു കെട്ടാനുള്ള ശ്രമം നടത്തി.
പോത്തിന്റെ കയറിൽ പിടിത്തം കിട്ടിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വർഗീസ് ഫിലിപ്പ് തെങ്ങിൽ ചുറ്റിക്കെട്ടാൻ ശ്രമം നടത്തിയെങ്കിലും പോത്ത് തിരിച്ചോടിയെത്തി ആക്രമിക്കാൻ ശ്രമിച്ചു. പുല്ലിൽ തട്ടി വീണ വർഗീസ് ഫിലിപ്പിനെ ചവിട്ടിയാണ് പോത്ത് ഓടിയത്.
ചവിട്ട് കിട്ടി വീണിട്ടും വിടാതെ പോത്തിന്റെ കയറിൽ പിടിച്ച് പിറകെ ഓടിയ വർഗീസിനെ കുറെ സമയത്തിനുശേഷം വീണ്ടും പോത്ത് തിരിഞ്ഞുവന്ന് കൈക്ക് ഇടിച്ചു. ഇദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
പോത്തിന്റെ ഉടമയായ സുരേഷ് ഈ സമയം നാട്ടിലില്ലായിരുന്നു.
പൊലീസിന്റെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തിൽ ഇയാളെ ബന്ധപ്പെട്ട് തിരികെ എത്താൻ നിർദേശം നൽകി. ഇതിനിടയിൽ തഹസിൽദാർ ജോബിൻ കെ.ജോർജ് കലക്ടറുമായി ബന്ധപ്പെട്ടു.
കലക്ടർ മയക്കുവെടി വയ്ക്കുന്നതിനുള്ള അനുമതി നൽകാൻ തിരുവല്ല സബ് കലക്ടറോട് നിർദേശിച്ചു. എന്നാൽ 4 മണിക്കൂറിനുശേഷം ഒരു മണിയോടെയാണ് സബ് കലക്ടറുടെ അനുമതി ലഭിച്ചത്.ഇതിനിടെ പോത്ത് വെള്ളം നിറഞ്ഞ പാടശേഖരത്തിൽ ഇറങ്ങി നിൽപ്പുറപ്പിച്ചു.
സംഭവ സ്ഥലത്തെത്തിയ ഉടമ പോത്തിനെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തി. ഒന്നരയോടെയാണ് ഇതിനെ കരയ്ക്കു കയറ്റി കയറുകെട്ടി ബന്ധിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

