വെച്ചൂച്ചിറ ∙ വനമില്ലാത്ത പഞ്ചായത്താണെങ്കിലും വന്യജീവികൾക്കു പഞ്ഞമില്ല. കാടു വളർന്നുകിടക്കുന്ന റബർ തോട്ടങ്ങളിൽ അവ വിഹരിക്കുമ്പോൾ കൃഷിനാശം മാത്രമല്ല, ഭീതിയിൽനിന്നു മുക്തി നേടാനും കർഷകർക്കു കഴിയുന്നില്ല.
വെച്ചൂച്ചിറ പഞ്ചായത്തിലെ ദുഃസ്ഥിതിയാണിത്. കാട്ടുപന്നികൾ ഇവിടെ താവളമാക്കിയിട്ടു കാലങ്ങളായി. ഇടയ്ക്കിടെ പമ്പാനദി കടന്ന് കാട്ടാനയും കാട്ടുപോത്തുമെത്തും.
അടുത്തയിടെ താന്നിക്കാപുഴ ഭാഗത്ത് ടാപ്പിങ് തൊഴിലാളി വന്യജീവിയെ കണ്ടിരുന്നു. അവയെ പിടികൂടാൻ വനംവകുപ്പ് കൂടുവച്ചെങ്കിലും ജീവിയെ കണ്ടെത്താനായില്ല.
ജനം ഇപ്പോഴും ഭീതിയിൽ കഴിയുകയാണ്.
നട്ടുവളർത്തുന്ന കാർഷിക വിളകൾ കാട്ടുപന്നികൾ ഉൾപ്പെടെയുള്ളവ വ്യാപകമായി നശിപ്പിക്കുന്നു. പരുവയിലും പരിസരങ്ങളിലും കർഷകർക്കു കൃഷിയിറക്കാൻ പറ്റുന്നില്ല.
പരുവ കാനത്തിൽ സാബുവിന്റെ കപ്പക്കൃഷി കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നി വൻതോതിൽ നശിപ്പിച്ചു. വലിച്ചുകെട്ടിയ വല നശിപ്പിച്ചാണ് കാട്ടുപന്നി കൃഷിയിടത്തിൽ കടന്നത്. പരുവ, കട്ടിക്കൽ, വർക്കലമുക്ക്, നവോദയ, താന്നിക്കാപുഴ, വാറുചാൽ എന്നിവിടങ്ങളിൽ രാത്രി കാട്ടുപന്നി ഇറങ്ങി വിളകൾ നശിപ്പിക്കുന്നുണ്ട്.
കാട്ടുപന്നികളെ തുരത്താൻ രാത്രി കാവൽ ഇരുന്നിട്ടും കർഷകർക്കു രക്ഷയില്ല.
കൃഷി ഭൂമിയോടു ചേർന്ന് രാത്രി പടക്കം പൊട്ടിച്ച് വന്യജീവികളെ തുരത്താൻ ചില കർഷകർ ശ്രമം നടത്തിയെങ്കിലും അതും ഫലിക്കുന്നില്ല. വിജനമായി കിടക്കുന്ന സ്ഥലങ്ങളിലും കാട്ടുപന്നി തമ്പടിക്കുന്നുണ്ട്.
ദിവസവും കാട്ടുപന്നി ഇറങ്ങുന്ന മേഖലയുമുണ്ട്. കാട്ടുപന്നിയെ ഭയന്ന് അനവധി കർഷകർ കൃഷി ഉപേക്ഷിക്കുകയാണ്.
വർക്കലമുക്ക് മേഖലയിൽ കാട്ടുപന്നി, കേഴ, മയിൽ, മലയണ്ണാൻ എന്നിവയുടെ ശല്യം രൂക്ഷമാണ്.
മലയണ്ണാൻ തേങ്ങയും കരിക്കും ഉൾപ്പെടെ നശിപ്പിക്കുന്നു. മയിൽ കൃഷി വിളകളുടെ നാമ്പ് ഉൾപ്പെടെ നശിപ്പിക്കും.
വിളകൾക്കു സർക്കാർ നൽകുന്ന നഷ്ടപരിഹാരവും ഇവിടങ്ങളിൽ ലഭിക്കുന്നില്ല. വന്യജീവികൾ കൃഷി നശിപ്പിക്കുന്നത് ഒഴിവാക്കാൻ സർക്കാർ തലത്തിൽ കാര്യക്ഷമമായ ഇടപെടൽ ആവശ്യപ്പെടുകയാണ് കർഷകർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]