
നിയന്ത്രണങ്ങളില്ല; കോഴഞ്ചേരി പാലത്തിൽ ഗതാഗതക്കുരുക്ക് പതിവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴഞ്ചേരി∙ നിയന്ത്രണങ്ങളില്ല, കോഴഞ്ചേരി പാലത്തിൽ ഗതാഗതക്കുരുക്കു പതിവാകുന്നു. വലിയ വാഹനങ്ങൾ ഇരുവശത്തു നിന്നു പാലത്തിലേക്കു കയറുന്നതാണു പ്രശ്നം സൃഷ്ടിക്കുന്നത്. വലിയ വാഹനങ്ങൾ രണ്ടെണ്ണത്തിന് ഒരേ സമയം കടന്നു പോകാൻ കഴിയാത്ത പാലത്തിൽ നിയന്ത്രണങ്ങളില്ലാതെ ഇരുവശത്തു നിന്നും വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതാണു ഗതാഗത തടസ്സം ഉണ്ടാക്കുന്നത്. ഇന്നലെ രാവിലെ 8.30നു പത്തനംതിട്ട ഭാഗത്തേക്കു പോയ ടിപ്പർ ലോറി പാലം കടക്കാറായപ്പോൾ മാരാമൺ ഭാഗത്തേക്കു പോകുന്ന സ്വകാര്യ ബസ് പാലത്തിലേക്കു കയറിയതാണ് ഗതാഗത കുരുക്ക് ഉണ്ടാക്കിയത്.
ബസ് പിന്നിലേക്ക് എടുക്കാൻ ഡ്രൈവർ തയാറാകാതെ വന്നതിനെ തുടർന്ന് 27 മിനിറ്റോളം ഗതാഗതം നിശ്ചലമായ അവസ്ഥയായിരുന്നു. ഒടുവിൽ നാട്ടുകാരും യാത്രക്കാരും ബഹളം ഉണ്ടാക്കിയതോടെയാണു ബസ് പരമാവധി ഒതുക്കി ടിപ്പർ കടന്നു പോകാൻ വഴി ഉണ്ടാക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്ന് വിദഗ്ധചികിത്സയ്ക്കായി രോഗികളുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾ അടക്കം ഈ ഗതാഗത കുരുക്കിൽ പെട്ടുപോകുന്നത് പതിവാണ്.
കോഴഞ്ചേരിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും പലപ്പോഴും ഇവിടെ ഒരു ഹോംഗാർഡ് മാത്രമാണ് ഉണ്ടാകാറുള്ളത്. പാലത്തിന്റെ ഇരുവശത്തും പൊലീസ് ഉണ്ടെങ്കിൽ മാത്രമേ ഗതാഗതം സുഗമമായി നടക്കൂ എന്ന സ്ഥിതിയാണ്. എന്നാൽ പാലത്തിന്റെ ഒരു കര ആറന്മുളയിലെയും മറുകര കോയിപ്രം പൊലീസ് സ്റ്റേഷന്റെയും പരിധിയിലായതും പ്രശ്നം സൃഷ്ടിക്കുന്നു.