
സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പന്’ കൂറ്റൻ സെറ്റ്; ചിത്രീകരണം ശബരിമല വനമേഖലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പൻ’ സിനിമയുടെ ചിത്രീകരണത്തിനു ശബരിമല വനമേഖല വേദിയാകുന്നു. ളാഹ ബിഎസ്എൻഎൽ എക്സ്ചേഞ്ചിനു സമീപത്തെ വനത്തിലാണ് ഇതിനായി സെറ്റ് ഒരുക്കിയിട്ടുള്ളത്. വലിയ പാറമടയിലൂടെ വണ്ടി ഓടിച്ചു കയറ്റുന്ന ഭാഗം ചിത്രീകരിക്കാനുള്ള സെറ്റിന്റെ പണി ഇവിടെ പൂർത്തിയായി. നാളെ മുതൽ ചിത്രീകരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. വലിയ വിജയം നേടിയ ‘മാളികപ്പുറം’ സിനിമയ്ക്കു ശേഷം ശബരിമല വനമേഖലയിൽ ചിത്രീകരണം നടക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ.
പൊതുവേ ഗ്രാമീണ സ്വഭാവമുള്ള ജില്ലയായിട്ടും പത്തനംതിട്ടയുടെ പശ്ചാത്തലമുള്ള മലയാള സിനിമകൾ കുറവാണ്. നഗരത്തിന്റെ തിരക്കുകളിൽ നിന്നു മാറി കാടും മലയും ലൊക്കേഷൻ തേടിയാണ് ഇപ്പോൾ പത്തനംതിട്ട ജില്ലയിലേക്ക് സിനിമക്കാർ എത്തുന്നത്. പ്രത്യേകിച്ചും റാന്നി, കോന്നി മേഖലകളാണ് അവർക്കു പ്രിയം. പുതിയ സിനിമകൾക്കായി ഒട്ടേറെ ആളുകൾ ഇവിടങ്ങളിൽ വന്നു ലൊക്കേഷൻ നോക്കുന്നുണ്ട്.
മാളികപ്പുറം സിനിമയുടെ ഒരുപാട് രംഗങ്ങൾ ശബരിമല വനത്തിലെ പ്ലാപ്പള്ളി, പമ്പ, ശബരിമല, കോന്നി കല്ലേലി മേഖലയിലാണു ചിത്രീകരിച്ചത്. സാജൻ ബേക്കറി, ലൂയിസ്, വിശുദ്ധ പുസ്തകം, വികട കുമാരൻ, മധുര മനോഹര മോഹം തുടങ്ങിയ ചിത്രങ്ങളൊക്ക ജില്ലയിൽ പൂർണമായോ ഭാഗികമായോ ചിത്രീകരിച്ചവയാണ്. 1985 ൽ ഇറങ്ങിയ ‘കരിമ്പിൻപൂവിനക്കരെ’ സിനിമയുടെ കുറച്ചു രംഗങ്ങളുടെ ലൊക്കേഷൻ മണ്ണാറക്കുളഞ്ഞി ആയിരുന്നു.
അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം ‘വരൻ’ കുറച്ചു രംഗങ്ങൾ എടുത്തത് ചെറുകോൽപ്പുഴ പാലത്തിനു സമീപമാണ്. 1979ൽ പുറത്തിറങ്ങിയ ‘ജീവിതം ഒരു ഗാനം’ എന്ന സിനിമ റാന്നി മേനാംതോട്ടം ആശുപത്രി, പുല്ലാട്, കൊടുമൺ റബർ പ്ലാന്റേഷൻ തുടങ്ങി ജില്ലയിലെ പല ഭാഗത്താണു ചിത്രീകരിച്ചത്. റാന്നി കഥാ പശ്ചാത്തലത്തിൽ മുൻപ് ഒരു മോഹൻലാൽ ചിത്രം മറ്റൊരിടത്ത് ചിത്രീകരിച്ചിട്ടുണ്ട്. 2008ൽ പുറത്തിറങ്ങിയ ‘മാടമ്പി’ എന്ന സിനിമ പൂർണമായും പത്തനംതിട്ട ജില്ലയിലെ കഥാ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലാണ് ഷൂട്ടിങ് നടന്നത്.