പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം സർവീസ് സഹകരണ ബാങ്കിൽ ഉണ്ടായ വൻ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ബാങ്ക് സെക്രട്ടറി, മുൻ പ്രസിഡന്റ്, രണ്ട് ഭരണസമിതി അംഗങ്ങൾ എന്നിവർക്കെതിരെ കേരള ബാങ്ക് നിയമനടപടികൾ ആരംഭിച്ചു.
ബാങ്ക് എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് നടപടി. വായ്പാ ഇനത്തിൽ ഒരു കോടിയോളം രൂപയാണ് ബാങ്ക് എടുത്തിരുന്നത്.
പലിശ ഉൾപ്പെടെ കുടിശിക തുക ഇപ്പോൾ 1.27 കോടി രൂപയായി വർധിച്ചിരിക്കുകയാണ്. ബാങ്കിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണ്.
നിക്ഷേപകർക്ക് പണം തിരികെ നൽകാനോ ആവശ്യക്കാർക്ക് വായ്പ അനുവദിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഈ സഹകരണ സ്ഥാപനം. ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് കൃത്യമായ പലിശ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാങ്കിൽ വൻ തോതിലുള്ള ക്രമക്കേടുകൾ നടക്കുന്നതായി നേരത്തെ തന്നെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പ്യൂൺ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച് പിന്നീട് സെക്രട്ടറി പദവിയിൽ എത്തിയ നേതാവ്, താൽക്കാലിക സെക്രട്ടറിയെ ഉപയോഗിച്ച് ബാങ്കിൽ നിന്ന് വൻ തുകകൾ പിൻവലിച്ച് സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായാണ് ആരോപണം.
ഓഡിറ്റിംഗിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് പണം പിന്നീട് തിരിച്ചടച്ചതായി മുൻ ഭരണസമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, പട്ടികജാതി വിഭാഗത്തിൽപെട്ട
രണ്ട് യുവാക്കൾ വസ്തു പണയം വെച്ച് എടുത്ത വായ്പ തിരിച്ചടച്ച ശേഷം, അവരുടെ അറിവില്ലാതെ അതേ വസ്തു വീണ്ടും പണയം വെച്ച് മറ്റൊരു സിപിഎം നേതാവ് വായ്പ തരപ്പെടുത്തിയ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരു കാലത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറും വളം വിൽപന ശാലകളും ഭരണരംഗത്തെ പിടിപ്പുകേട് മൂലം ഇപ്പോൾ അടച്ചുപൂട്ടിയ നിലയിലാണ്.
അതേസമയം, ജില്ലയിലെ സഹകരണ മേഖലയിൽ മികച്ച പ്രവർത്തന മാതൃകകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിനൊരു ഉദാഹരണമാണ് കൈപ്പട്ടൂർ സർവീസ് സഹകരണ ബാങ്ക്.
61 കോടി രൂപ നിക്ഷേപമുള്ള ഈ ബാങ്ക് 42 ശതമാനം റിസർവ് കരുതലോടെയാണ് പ്രവർത്തിക്കുന്നത്. 106 വർഷത്തെ പാരമ്പര്യമുള്ള ഈ ബാങ്ക്, 1983 മുതൽ തുടർച്ചയായി ലാഭവിഹിതം നൽകി വരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 2 കോടി രൂപയുടെ നിക്ഷേപ വർധനവാണ് ബാങ്കിന് ഉണ്ടായത്. പ്രതിസന്ധികൾക്കിടയിലും സുതാര്യമായ പ്രവർത്തനത്തിലൂടെ നിക്ഷേപകരുടെ വിശ്വാസം ആർജിക്കാൻ കൈപ്പട്ടൂർ ബാങ്കിന് കഴിഞ്ഞതായി ബാങ്ക് പ്രസിഡന്റും ജില്ലാ റിട്ടയേർഡ് ട്രഷറി ഓഫീസറുമായ പ്രസാദ് മാത്യു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

