ഏനാത്ത്∙അച്ഛനും അമ്മയും കരുത്തായി മാറിയപ്പോൾ വൈകല്യത്തെ കവിത കൊണ്ടു തോൽപിച്ചു ജീവിത വിജയം നേടുകയാണ് ബിരുദാനന്തര ബിരുദ വിദ്യാർഥിയായ അയ്യപ്പൻ. ജന്മനാ ഭിന്നശേഷിയുള്ള കുട്ടിയായിരുന്ന അയ്യപ്പന് കവിതയെഴുത്തിലായിരുന്നു പ്രിയം.
സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ അമ്മയുടെ തോളിൽ കിടന്നു കണ്ട പൂക്കളും പുഴയും പൂമ്പാറ്റകളുമൊക്കെ അയ്യപ്പന്റെ ആദ്യ കവിതയിലെ കഥാപാത്രങ്ങളായി.
ഇളമണ്ണൂർ ഗവ.യുപി സ്കൂളിലെ പ്രാഥമിക പഠനം അയ്യപ്പനിലെ കുഞ്ഞുകവിക്ക് ജന്മം നൽകി.
അക്ഷരങ്ങൾ മനസ്സിൽ ഉറപ്പിച്ചപ്പോൾ അവ്യക്തമായ ശബ്ദത്തിലും കുറിപ്പുകളിലും രൂപംകൊണ്ട വരികൾ അമ്മ കടലാസിൽ കുറിച്ചെടുത്ത് കവിതാ സമാഹാരമാക്കി.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ പൂമ്പാറ്റ എന്ന പേരിൽ കവിതാ സമാഹാരം അടങ്ങിയ പുസ്തകം സ്കൂളിൽ വച്ച് പ്രകാശനം ചെയ്തു. പരിമിതികൾ തോറ്റു പിൻമാറിയപ്പോൾ ഇന്ന് വരികൾ കംപ്യൂട്ടറിൽ ടൈപ് ചെയ്തു കവിത പൂർത്തിയാക്കും യുവകവി.
സെറിബ്രൽ പാൾസിയെ തുടർന്ന് അഞ്ചു വയസ്സ് കഴിഞ്ഞാണ് അയ്യപ്പൻ നടന്നു തുടങ്ങിയത്. ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ മലയാള വിഭാഗം രണ്ടാം സെമസ്റ്റർ വിദ്യാർഥിയാണ്.
ഏഴംകുളം പത്മരാഗത്തിൽ ജി.പ്രദീപ് കുമാർ, ജി.എസ്.രശ്മി ദമ്പതികളുടെ മകനാണ് അയ്യപ്പൻ.
മലയാളം വിഭാഗം അധ്യാപികയായി സ്കൂളുകളിൽ താൽക്കാലിക ജോലി നോക്കിയിരുന്ന രശ്മി മുഴുവൻ സമയം മകന് കരുത്തും പരിചരണവും നൽകാൻ തീരുമാനിച്ചു. മകന്റെ വൈകല്യത്തെ തോൽപിക്കാൻ ഒപ്പം ചേരുന്നതിനായി സ്പെഷൽ എജ്യുക്കേഷനിൽ പരിശീലനം നേടി.
അയ്യപ്പന് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ വിദ്യാഭ്യാസം നൽകുന്നതിനും മകന്റെ പരിചരണവും ജോലിയും എന്ന സ്വപ്നവുമായി കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറ്റി.
സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ സ്പെഷൽ എജ്യൂക്കേറ്ററായി തിരുവനന്തപുരം ആർകെഡി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക ജോലി നേടുകയും മകനെ ഇതേ സ്കൂളിൽ വിദ്യാർഥിയാക്കി എല്ലാ പിന്തുണയും നൽകുകയും ചെയ്തു. പ്രവാസിയായ പ്രദീപ് മകന്റെ കവിത എഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനായി ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെട്ട
പ്രവാസി സംഘടനയുടെ സഹായത്തോടെ അയ്യപ്പന്റെ ഒരു കവിതാ സമാഹാരം അറബി ഭാഷയിലേക്കു തർജമ ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്തു.
മൂന്നു കവിതാ സമാഹാരങ്ങൾ ഇതിനോടകം പുസ്തകങ്ങളാക്കി പ്രസിദ്ധീകരിച്ചു. ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു.
ദിവസങ്ങൾക്കു മുൻപ് അയ്യപ്പന്റെ കവിതാ സമാഹാരത്തെ തേടി സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ ഗോൾഡൻ പെൻ പുരസ്കാരവും എത്തി. മലയാള ഭാഷയെ സ്നേഹിച്ചു പഠനം മുന്നോട്ടു കൊണ്ടുപോകാനാണ് അയ്യപ്പന്റെ ലക്ഷ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

