ശബരിമല ∙ സന്നിധാനത്തെ അന്നദാനത്തിൽ തീർഥാടകർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ കേരളീയ സദ്യ നൽകാൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.
ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ എന്ന വിധത്തിലാണു ക്രമീകരണം ഒരുക്കുന്നത്. നിലവിലുളള ടെൻഡർ ഉപയോഗിച്ചു തന്നെ സദ്യയ്ക്കുള്ള സാധനങ്ങളും വാങ്ങും.
ഇതിനു നിയമപ്രശ്നമില്ലെന്നു ദേവസ്വം കമ്മിഷണർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വ മുതൽ സദ്യ നൽകാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള കാലതാമസവും സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനെച്ചൊല്ലി ബോർഡ് അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും കാരണം വൈകി.
നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ ദേവസ്വം കമ്മിഷണർ അധ്യക്ഷനായ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇന്നലെ നടന്ന ബോർഡ് യോഗം സദ്യയുടെ വിഭവങ്ങളും നിശ്ചയിച്ചു.
ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ് സദ്യ വിളമ്പുക.
കുറഞ്ഞത് 3 ദിവസത്തിനുള്ളിൽ സദ്യ നൽകിത്തുടങ്ങാൻ കഴിയുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.
ഇന്നലെ മുതൽ നടപടികൾ തുടങ്ങി. സദ്യയ്ക്ക് ആവശ്യമായ അധിക ക്രമീകരണത്തിനായി ദേവസ്വം കമ്മിഷണറെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാലിന്യ സംസ്കരണ പ്രശ്നം ഒഴിവാക്കാൻ ഇലയ്ക്കു പകരം സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുന്നത്. ദേവസ്വം ബോർഡിന്റെ അന്നദാന ഫണ്ടിൽ ഇപ്പോൾ 9 കോടി രൂപ ഉണ്ട്.
അതിനാൽ സദ്യയ്ക്കു ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

