
കലഞ്ഞൂർ ∙ പൂമരുതിക്കുഴിയിൽ പുലി വീട്ടിലേക്ക് ഓടിക്കയറിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. നടുവത്തുമൂഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശമാണിവിടം.
കലഞ്ഞൂർ പഞ്ചായത്തിലെ 7–ാം വാർഡിൽ പൊന്മേലിൽ വീട്ടിൽ താമസിക്കുന്ന സതീഷിന്റെ വീട്ടിലേക്കാണ് പുലി ഓടിക്കയറിയത്. തിങ്കളാഴ്ച പകൽ മൂന്നരയോടെയാണ് സംഭവം.
വീട്ടുമുറ്റത്തു നിന്ന വളർത്തുനായയെ പിടികൂടാൻ വന്ന പുലിയാണ് നായയ്ക്കു പിന്നാലെ വീട്ടിനുള്ളിലേക്ക് കയറിയത്.
ആ സമയം സതീഷിന്റെ ഭാര്യ രേഷ്മയും രണ്ട് വയസ്സുള്ള ഇളയമകൻ സാരംഗും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ മുറിയിൽ കതക് അടച്ചാണ് രക്ഷപ്പെട്ടത്.
വിവരമറിഞ്ഞ് പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ആർ.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.ഉടൻതന്നെ വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയും കൂട് സ്ഥാപിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതനുസരിച്ച് ഇന്നലെ ഉച്ചയോടെ കോന്നി ആർആർടിയുടെ നേതൃത്വത്തിൽ സ്ഥലത്ത് കൂട് എത്തിച്ചു.
സതീഷിന്റെ വീടിന്റെ സമീപത്തായി കാടിനോട് ചേർന്നുള്ള പാതയിൽ കൂട് സ്ഥാപിച്ചു.
രാത്രി പുലിക്കു കെണിയൊരുക്കുന്നതിന് ആടിനെ കൂട്ടിൽ ഇടുകയും ചെയ്യും. പുലി കൂട്ടിൽ കയറിയാൽ വാതിൽ ഭാഗത്തെയും ആടിനെ ഇട്ടിരിക്കുന്ന ഭാഗത്തെയും ഷട്ടർ അടയുന്ന വിധത്തിലാണ് ക്രമീകരണം ചെയ്തിട്ടുള്ളത്.
കൂടിനു മുകളിലും ചുറ്റിലുമായി പച്ചിലകൾ ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു. പാക്കണ്ടം ഭാഗത്ത് പുലി കോഴിയെ പിടികൂടിയ ഭാഗത്ത് കൂട് സ്ഥാപിച്ചിട്ടില്ല.
ഇവിടെ പിന്നീട് കൂട് വയ്ക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
പുലി വീടിനുള്ളിൽ കടക്കുന്നത് ആദ്യം
കോന്നി ∙ പട്ടാപ്പകൽ പുലി വീടിനുള്ളിൽ കടക്കുന്നത് ഇത് ആദ്യത്തെ സംഭവം. കോന്നി വനമേഖലയിൽ കൂടൽ പാക്കണ്ടം, ഇഞ്ചപ്പാറ, കമ്പകത്തുംപച്ച, തട്ടാക്കുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പുലിയിറങ്ങി വളർത്തുനായ്ക്കളെയും ആടിനെയും പശുവിനെയുമൊക്കെ പിടികൂടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് രാത്രികാലങ്ങളിലായിരുന്നു. ഒരിക്കൽപോലും വീടുകളിലും കയറിയിട്ടില്ല.
കൈക്കുഞ്ഞുമായി വീട്ടമ്മ മാത്രമുള്ള സമയത്താണ് പുലി വീട്ടിലേക്ക് ഓടിക്കയറിയത്. മുറിയിൽ കയറി കതക് അടച്ചതുകൊണ്ടുമാത്രമാണ് ഇവർക്കു രക്ഷപ്പെടാൻ കഴിഞ്ഞത്.
നായയെ കിട്ടാത്തതിന്റെ ദേഷ്യത്തിൽ പുലി കതകിലും തറയിലും മാന്തുകയും ചെയ്തിരുന്നു. ചെറിയ പുലിയാണ് ഇവിടെയെത്തിയതെന്ന് കാൽപാടുകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
‘ഇതു പോലെ ഇനി ഉണ്ടാകാൻ പാടില്ല’
പൂമരുതിക്കുഴി ∙ സതീഷിന്റെ വീട്ടിൽ പുലിയെത്തിയതിന്റെ ഭീതിയിലാണ് പൂമരുതിക്കുഴി നിവാസികൾ.
ഇപ്പോഴും സംഭവം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഭയത്തോടെയാണ് ഇതു കേൾക്കാൻ കഴിയുകയെന്നും നാട്ടുകാർ പറയുന്നു. ഇതുപോലെ ഇനിയുണ്ടാകാൻ പാടില്ല.
നിങ്ങളുടെ ഇടപെടൽ ഇന്നത്തേക്കു മാത്രമായി മാറരുതെന്നും സ്ഥലത്തെത്തിയ വനപാലകരോടും മാധ്യമ പ്രവർത്തകരോടും അവർ പറഞ്ഞു. കുട്ടികൾ ഓടിക്കളിക്കുന്ന റോഡിലും വീട്ടുമുറ്റത്തേക്കുമാണ് പുലി എത്തിയത്.
പുലർച്ചെ ടാപ്പിങ് ജോലിക്കുപോകുന്ന തൊഴിലാളികളും ഇന്നലെ ജോലിക്കു പോയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]