
ഇനി ആക്ഷൻ മാത്രം! അത്തിക്കയം ചെറിയ പാലം ബലപ്പെടുത്തൽ ഏറ്റെടുത്ത് ആക്ഷൻ കൗൺസിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അത്തിക്കയം ∙ റീബിൽഡ് കേരള പദ്ധതിയിൽ അത്തിക്കയം ചെറിയ പാലം പൊളിച്ചു പണിയുന്നതു കാത്തിരുന്ന നാട്ടുകാർ ഒടുവിൽ സഹികെട്ട് ആക്ഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ ബലപ്പെടുത്താനുള്ള പണി തുടങ്ങി. കരാറുകാരൻ നിർമാണം ഉപേക്ഷിച്ചതോടെയാണ് ആക്ഷൻ കൗൺസിൽ ഏറ്റെടുത്തത്. ജനകീയ പങ്കാളിത്തത്തോടെ 5 ലക്ഷം രൂപ ചെലവഴിച്ച് പുനരുദ്ധരിക്കാനാണു നീക്കം. അത്തിക്കയം–ഗുരുമന്ദിരം–കടുമീൻചിറ റോഡിലെ പാലമാണിത്.
1.80 കിലോമീറ്റർ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനും പാലം നിർമിക്കുന്നതിനുമായി റീബിൽഡ് കേരള പദ്ധതിയിൽ 3.5 കോടി രൂപയാണ് രണ്ടര വർഷം മുൻപ് അനുവദിച്ചിരുന്നത്. റോഡിന്റെ പണി പൂർത്തിയായിട്ടു മാസങ്ങളായി. എന്നിട്ടും പാലം പണി തുടങ്ങിയില്ല. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം പാലം നിർമാണം നടത്താൻ കഴിയില്ലെന്നാണ് കരാറുകാരൻ ആക്ഷൻ കൗൺസിലിനെ അറിയിച്ചത്. എസ്റ്റിമേറ്റ് പുതുക്കി നൽകാൻ റീബിൽഡ് കേരള തയാറായിട്ടില്ല. പാലത്തിന്റെ സമീപന റോഡിനോടു ചേർന്ന ഭാഗത്തെ സംരക്ഷണഭിത്തി 2 തവണ ഇടിഞ്ഞിരുന്നു.
ഇരുവശത്തും നാശം നേരിട്ടിട്ടുണ്ട്. നിലവിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ മടന്തമൺ വഴി ചുറ്റിയാണ് കടുമീൻചിറയിലെത്തുന്നത്. ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ പാലം നിർമാണം ഉടനെ തുടങ്ങണമെന്ന് ജനപ്രതിനിധികളും ആക്ഷൻ കൗൺസിലും കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു. ഉടനെ പണി തുടങ്ങുമെന്നു പറയാൻ തുടങ്ങിയിട്ട് 9 മാസമായി. കുടിശിക കിട്ടിയപ്പോൾ കരാറുകാരൻ പറ്റിച്ചെന്നാണു നാട്ടുകാർ പറയുന്നത്.
ഇതേ തുടർന്നാണ് അവർ വശം ബലപ്പെടുത്താൻ മുന്നിട്ടിറങ്ങിയത്. വലതു ഭാഗത്തെ ഇടിഞ്ഞു കിടന്ന കല്ലും മണ്ണുമെല്ലാം നീക്കി. പഴയ അടിത്തറ നോക്കി വാനമെടുത്തു കോൺക്രീറ്റ് ചെയ്യാനാണു നീക്കം. വെള്ളിയാഴ്ച പെയ്ത മഴയ്ക്കിടെ ചെറുതായി വീണ്ടും ഇടിഞ്ഞിരുന്നു. ഇതൊഴിവാക്കാൻ വെള്ളം തിരിച്ചു വിട്ടിട്ടുണ്ട്. ഒരു ലോഡ് കല്ലും ഇറക്കി. കരാറുകാരനോ റീബിൽഡ് കേരള അധികൃതരോ പണി നടത്താൻ തയാറായി വന്നാൽ മാത്രം ഇതിൽ നിന്നു പിൻമാറിയാൽ മതിയെന്നാണ് ആക്ഷൻ കൗൺസിൽ തീരുമാനം.