രാജ്യത്തെ പ്രമുഖ സംരംഭങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്ത് ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. കുമ്പനാട് കേന്ദ്രീകരിച്ചു നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 1.02 കോടി രൂപയാണ് ഇരകൾക്ക് നഷ്ടമായത്.
പ്രസ്തുത വിഡിയോയിൽ പരാമർശിക്കുന്ന സംരംഭങ്ങളിൽ നിക്ഷേപിച്ചാൽ തുക ഇരട്ടിയായി തിരികെ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു പ്രചാരണം. ഈ കെണിയിൽ വീണവർ ലിങ്കുകളിൽ ക്ലിക്ക് ചെയ്താണ് തട്ടിപ്പിന് ഇരയായത്.
വിഡിയോയുടെ ആധികാരികതയിൽ പൊലീസ് അതീവ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ രീതി
കേന്ദ്രമന്ത്രിമാർ നിർദേശിക്കുന്ന സംരംഭങ്ങളിൽ നിക്ഷേപിച്ചാൽ വൻ ലാഭം വാഗ്ദാനം ചെയ്യുന്ന വ്യാജ ലിങ്കുകളാണ് പ്രചരിപ്പിക്കുന്നത്.
ലിങ്കിൽ പ്രവേശിക്കുന്നവർ അക്കൗണ്ട് ആരംഭിച്ച് പണം നിക്ഷേപിക്കാൻ നിർബന്ധിതരാകുന്നു. നിക്ഷേപം നടത്തുന്നതോടെ, പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് ഇ.ഡി, സിബിഐ തുടങ്ങിയ ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ടെന്നും, ഇത് ഒഴിവാക്കാൻ കൂടുതൽ പണം നൽകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു.
ഈ വിവരം മറ്റാരെയും അറിയിക്കരുതെന്ന് കർശനമായി നിർദേശിക്കുകയും ചെയ്യും. ബാങ്ക് ജീവനക്കാരുടെ സംശയം ഒഴിവാക്കാൻ, ശസ്ത്രക്രിയയ്ക്കും വീടുപണിക്കുമുള്ള പണമാണെന്ന് പറയാൻ തട്ടിപ്പുകാർ ഇരകൾക്ക് പരിശീലനം നൽകുന്നു.
ഉത്തരേന്ത്യൻ കേന്ദ്രീകൃതമായ സംഘമാണ് ഇതിന് പിന്നിലെന്നും, ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഇവർ ആശയവിനിമയം നടത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്. റിട്ടയർ ചെയ്ത ദമ്പതികൾക്ക് നഷ്ടമായത് 87 ലക്ഷം
സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ദമ്പതികൾക്ക് ഈ സംഘം വഴി നഷ്ടമായത് 87 ലക്ഷം രൂപയാണ്.
തമിഴ്നാട് പൊലീസിന്റെ ക്യു ബ്രാഞ്ച് നടത്തിയ മറ്റൊരു കേസ് അന്വേഷണത്തിനിടെയാണ് പണം തട്ടിയെടുത്ത അക്കൗണ്ടിലേക്ക് ഈ തുക എത്തിയതായി കണ്ടെത്തിയത്. പല ഘട്ടങ്ങളിലായി 44 ലക്ഷം രൂപയും മാർച്ചിൽ 43 ലക്ഷം രൂപയുമാണ് ഇവർ നിക്ഷേപിച്ചത്.
തമിഴ്നാട് പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം ഇവർ അറിയുന്നത്.
ബാങ്ക് ജീവനക്കാരുടെ ഇടപെടൽ തടഞ്ഞത് വലിയ തട്ടിപ്പ്
മറ്റൊരു സംഭവത്തിൽ 77-ഉം 66-ഉം വയസ്സുള്ള ദമ്പതികളിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് 50 ലക്ഷം രൂപ കൈമാറാൻ ശ്രമിക്കവെയാണ് ബാങ്ക് അധികൃതരുടെ ഇടപെടൽ രക്ഷയായത്.
വെല്ലൂർ മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം ആവശ്യപ്പെട്ടത്. ഫെഡറൽ ബാങ്കിന്റെ കുമ്പനാട് ശാഖയിൽ പണം കൈമാറാനെത്തിയപ്പോഴാണ് സംശയം തോന്നിയത്.
സീനിയർ മാനേജർ ജയ്മേരി എം.വർഗീസ് നടത്തിയ പരിശോധനയിൽ പണം കൈമാറേണ്ട അക്കൗണ്ട് രാജസ്ഥാനിലേതാണെന്നും, ഒന്ന് ‘ശ്രീബജ്റങ് ഡിജിറ്റൽ സ്റ്റുഡിയോ ആൻഡ് മൊബൈൽ ഷോപ്പിന്റേതാണെന്നും കണ്ടെത്തി.
ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ രോഗികളാരും ചികിത്സയിലില്ലെന്നും വ്യക്തമായി. തുടർന്ന് കോയിപ്രം സ്റ്റേഷൻ എസ്ഐ ആർ.രാജീവ്, സൈബർ സ്റ്റേഷൻ എസ്ഐ ആർ.നിതിൻ എന്നിവരെ വിവരം അറിയിച്ചു.
പത്തനംതിട്ട സൈബർ പൊലീസ് സ്റ്റേഷനിൽ നിലവിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

