പത്തനംതിട്ട∙ ഇംഗ്ലണ്ടിലെ കേംബ്രിജ് ഹിൻചിങ് ബ്രൂക്ക് ആശുപത്രിയിൽ അന്ന് എത്തിയ രോഗി സാധാരണക്കാരനല്ലായിരുന്നു. ബ്രിട്ടിഷ് സർക്കാരിന്റെ ഉന്നത ഉപദേഷ്ടാവ്.
ഡോക്ടറെ കണ്ടിട്ടു യൂറോപ്യൻ യൂണിയന്റെ പ്രധാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള തിടുക്കത്തിലായിരുന്നു അദ്ദേഹം. ചില പരിശോധനകൾ കൂടി നടത്തണമെന്നു കാൻസർ സർജൻ ഇടപെട്ടു പറഞ്ഞതു വിവിഐപി ഉദ്യോഗസ്ഥനു തീരെ പിടിച്ചില്ല.
തന്റെ പദവിയുടെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞു ഡോക്ടറുമായി തർക്കമായി. പുറമേ ലക്ഷണങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ രോഗത്തെപ്പറ്റി കേട്ടപ്പോൾ അദ്ദേഹം ദേഷ്യംകൊണ്ടു പൊട്ടിത്തെറിച്ചു.
ഒടുവിൽ യാഥാർഥ്യം മനസ്സിലാക്കിയപ്പോൾ തളർന്നു പോയി. സമനില വീണ്ടെടുത്ത് ആദ്യം ഡോക്ടറോടു ക്ഷമാപണം.
ജീവിതത്തിന്റെ ജാലകം അടയാൻ ഏതാനും മാസങ്ങൾ കൂടി മാത്രം. ചികിത്സകൊണ്ടു ഫലമില്ല.
മരണത്തെ നേരിടാൻ തക്ക കരുത്തു രോഗിക്കു പകരുക മാത്രമാണ് ഡോക്ടറുടെ മുൻപിലുണ്ടായിരുന്ന മാർഗം. കാര്യങ്ങൾ വിശദമായി കേട്ടതോടെ രോഗിക്ക് എല്ലാം ബോധ്യമായി.
ദിവസങ്ങൾ കടന്നുപോയി. അർബുദം അയാളിൽ പിടിമുറുക്കി.
തന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ജീവിതത്തിന്റെ ക്ഷണികതയെപ്പറ്റി പ്രസംഗിക്കണമെന്നു ഡോക്ടറോട് അദ്ദേഹം അഭ്യർഥിച്ചു. ആ വാക്കു പാലിക്കാനായി ഡോക്ടർ വളരെ ദൂരെയുള്ള സെമിത്തേരിയിലേക്കു കാറോടിച്ചു പോയി.
പുതിയൊരു വഴിയിലേക്കു തന്റെ ജീവിതം തിരിച്ചുവിടണമെന്ന ചിന്തയുമായാണ് ഡോക്ടർ ആ സംസ്കാര ചടങ്ങിൽനിന്ന് മടങ്ങിയത്. പത്തനംതിട്ട
കുമ്പഴ സ്വദേശിയായ ഡോ.ക്ലൈറ്റസ് ജോൺ മാത്യൂസ് എൻഡ് ഓഫ് ലൈഫ് കെയർ എന്ന ആശയത്തിലേക്കുള്ള യാത്ര തുടങ്ങിയത് അന്നാണ്. ബ്രൂക്ക് ആശുപത്രിയിലെ കാൻസർ സർജൻ പദവിയിൽനിന്നു വിരമിച്ചു നാട്ടിൽ തിരികെയെത്തിയപ്പോഴും ഡോ.ക്ലൈറ്റസിന്റെ യാത്ര ആ വഴികളിൽ മാത്രമാണ്.
മരണത്തിനും മുന്നൊരുക്കം
കേരളത്തിൽ എത്തുമ്പോഴെല്ലാം മരണാസന്നരായ രോഗികളെ കാണുന്നത് ഡോ.
ക്ലൈറ്റസിന്റെ പണ്ടേ ഉള്ള ശീലമാണ്. തിരുവനന്തപുരത്ത് 84 വയസ്സിലെത്തിയ ഒരു മുതിർന്ന വനിതയെ അങ്ങനെയാണ് കാണുന്നത്.
പരിശോധനകൾ നടത്തിയ ഡോക്ടർക്ക് മനസ്സിലായി: ഏറിയാൽ നാലു മാസം. പക്ഷേ മക്കൾ സമ്മതിക്കില്ല.
കീമോ തെറപ്പി ചെയ്യണം. മൂന്നുനേരം ആഹാരം കഴിപ്പിക്കണം.
ഒരു ഡോക്ടർ തന്നെ ഇടപെട്ടു പറഞ്ഞതോടെ ഒടുവിൽ അവർക്ക് കാര്യം മനസ്സിലായി. കീമോയുടെ കാഠിന്യത്തിൽ നിന്നു തന്നെ രക്ഷിച്ച ഡോക്ടറെ ആ സ്ത്രീ നന്ദിയോടെ കൈകൂപ്പി.
നാലു മാസത്തിനുള്ളിൽ മരണത്തെ അവർ സധൈര്യം നേരിട്ടു.
മരണം അടുത്തെത്തുമ്പോഴല്ല അതിനുള്ള ഒരുക്കം തുടങ്ങേണ്ടതെന്നു ഡോ.ക്ലൈറ്റസ് പറയുന്നു. വീട്ടിൽ സ്വന്തം കിടക്കയിൽ പ്രിയപ്പെട്ടവരുടെ മധ്യത്തിൽ കിടന്നു വിശ്വാസങ്ങളും ആചാരങ്ങളും നിർവഹിച്ചു മരിക്കണം എന്ന് പലർക്കും ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും കഴിയാറില്ല.
മരണഭയം കുറയ്ക്കുകയാണ് ഏറ്റവും ആദ്യം വേണ്ടത്. മരണത്തിന്റെ കാലൊച്ച തിരിച്ചറിയണം.
മരിക്കുന്നവരും പരിപാലിക്കുന്നവരും മുൻകൂട്ടി തയാറെടുക്കണം. എവിടെ വച്ച്, എങ്ങനെ, എപ്പോൾ മരിക്കണം എന്നു തീരുമാനിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടി, എങ്ങനെ മരിക്കരുത് എന്നെങ്കിലും തീരുമാനിക്കാൻ ഒരു പരിധിവരെ വ്യക്തികൾക്കു കഴിയണം.
മരണത്തിനു മുൻപേ സ്വത്ത് വീതം വച്ച് വിൽപത്രം എഴുതണം. രക്ഷപ്പെടാൻ സാധ്യത കുറവുള്ള പ്രായമായവരെ വെന്റിലേറ്ററിൽ ഇടരുത്.
അവസാനകാലം ആശുപത്രിയിൽ വേണോ വീട്ടിൽ വേണോ എന്നു തീരുമാനിക്കാൻ വ്യക്തികളെ പ്രാപ്തരാക്കുന്ന തത്വസംഹിതയാണ് ഇത്.
മരണം പഠിപ്പിച്ച അനിത
ഭാര്യ ഡോ.അനിതയെ അർബുദം പിടികൂടിയപ്പോഴാണ് മരണത്തിന്റെ കാഠിന്യം ഡോ.ക്ലൈറ്റസിന്റെ ഹൃദയത്തിലൂടെ ആദ്യമായി ഇടിവാളായി കടന്നുപോയത്. ബ്രൂക്ക് ആശുപത്രിയിലെ മെഡിസിൻ മേധാവിയായിരിക്കുമ്പോൾ നടുവേദനയ്ക്കായി നടത്തിയ സ്കാനിങിലാണ് പാൻക്രിയാസ് കാൻസർ ഡോ.അനിതയുടെ ശരീരം മുഴുവൻ വ്യാപിച്ചതായി കണ്ടെത്തിയത്.
59 വയസ്സ്. ആ വർഷത്തെ ക്രിസ്മസ് കാണാനായാൽ ഭാഗ്യം എന്നാണ് അവരോട് ഡോക്ടർമാർ പറഞ്ഞത്.
‘ അങ്ങനെയൊന്നും ഞാൻ പോകില്ലെടോ.
പണ്ടു ബൈക്കപകടത്തിൽപെട്ട തന്നെ ഞാൻ 9 മാസം കൂടെനിന്ന് ശുശ്രൂഷിച്ചതല്ലേ, അതുപോലെ താനും എന്നെ ശുശ്രൂഷിക്കണം’, ആശുപത്രിയിൽനിന്ന് മടങ്ങുമ്പോൾ ഇങ്ങനെയാണ് ഡോ.അനിത ഭർത്താവിനോടു പറഞ്ഞത്.
ആ ക്രിസ്മസിന് ഒന്നും സംഭവിച്ചില്ല. അവർതന്നെ വിരുന്നൊരുക്കി.
നാളുകൾ എണ്ണപ്പെട്ടതോടെ എല്ലാം ഭർത്താവിന്റെ പേരിലാക്കി. ജനിക്കാനിരിക്കുന്ന പേരക്കുഞ്ഞിനു പേര് നിശ്ചയിച്ചു.
സെമിത്തേരിയിൽ ചെന്നു കല്ലറയുടെ സ്ഥാനം കണ്ടു. സംസ്കാരത്തിനു ക്ഷണിക്കേണ്ടവരുടെ പേരു വരെ പറഞ്ഞ് ഏൽപ്പിച്ചു.
കൃത്യം 9 മാസത്തിനു ശേഷം 2020 ജൂലൈ 14നു അനിത മരിച്ചു. ജീവിതാന്ത്യത്തെ എങ്ങനെ നേരിടണമെന്നതിനു സ്വയം പാഠപുസ്തകമായി മാറിയ ഡോക്ടറുടെ ഓർമയ്ക്കായി ബ്രൂക്ക് ആശുപത്രി അധികൃതർ അവിടത്തെ എൻഡോക്രൈനോളജി റൂമിന് ഡോ.
അനിതാ മാത്യൂസ് മെമ്മോറിയൽ എന്നു പേരു നൽകി.
കുമ്പഴ ദുരന്തത്തിൽ അനാഥനായ പയ്യൻ
ജന്മദിനങ്ങളെക്കാൾ ചരമവാർഷികങ്ങളായിരുന്നു ഡോ.ക്ലെറ്റസിന്റെ ജീവിത കലണ്ടറിൽ എന്നും നിറഞ്ഞു നിന്നിരുന്നത്. അധ്യാപകരായ മാതാപിതാക്കൾ ഉൾപ്പെടെ 3 ബന്ധുക്കളെ 47 വർഷം മുൻപു കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടത്തിൽ നഷ്ടപ്പെട്ടപ്പോൾ തുടങ്ങിയതാണ് ആ മരണദിനങ്ങൾ.
1979 മാർച്ച് 30ന് 46 പേരെ മരണത്തിലേക്കു ടിക്കറ്റെടുപ്പിച്ച കുമ്പഴ ബസ് അപകടത്തിൽ പിതാവ് പത്തനംതിട്ട സ്കൂളിലെ അധ്യാപകനായ ശങ്കരത്തിൽ ജോൺ മാത്യുവും മാതാവ് വടക്കുപുറം സ്കൂളിലെ അധ്യാപിക മറിയക്കുട്ടിയും അതേ സ്കൂളിലെ പ്രധാന അധ്യാപകനായ പിതൃസഹോദരൻ കെ.എം.ഫിലിപ്പോസും കൂട്ടുകാരനായിരുന്ന അജോയ് എൻ.ഗോകുൽദാസുമാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു ക്ലൈറ്റസ് അന്ന്. ക്ലൈറ്റസിനും ബാജി, ബെന്നി എന്നീ ഇളയസഹോദരന്മാർക്കും താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ വിയോഗം.
മാതാപിതാക്കളുടെ മരണത്തോടെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ഇളകിയെങ്കിലും ഇച്ഛാശക്തിയുടെ കരുത്തിൽ ക്ലൈറ്റസ് പഠനം തുടർന്നു.
പക്ഷേ ദുരന്തം പിന്നെയും അപകട രൂപത്തിൽ ആ ജീവിതത്തിലേക്ക് ഇടിച്ചു കയറി.
ക്ലൈറ്റസ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട് പിന്നിലുണ്ടായിരുന്ന സുഹൃത്ത് മരിച്ചു. ഗുരുതര പരുക്കേറ്റ ക്ലൈറ്റസ് ഇത് അറിയുന്നത് 6 ദിവസം കഴിഞ്ഞു ബോധം തെളിയുമ്പോഴാണ്.
ആശുപത്രിയിൽ കിടന്നുള്ള ചികിത്സ 10 മാസം നീണ്ടു. കൂടെനിൽക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ.
ഒപ്പംനിന്ന് പരിചരിക്കാൻ സഹപാഠിയായ അനിത തയാറായത് അക്കാലത്ത് അദ്ഭുതമായിരുന്നു.
ചികിത്സ കഴിഞ്ഞ് മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാനൊരുങ്ങുമ്പോഴാണ് ഒന്നിനു പിറകെ ഒന്നായി വക്കീൽ നോട്ടിസുകൾ. അപകടത്തെ തുടർന്നുള്ള കേസ് വർഷങ്ങളോളം നീണ്ടു.
ഡിഐജി മധുസൂദനനും ഫീസ് വാങ്ങാതെ കേസ് നടത്താൻ തിരുവനന്തപുരം ബാറിലെ മുതിർന്ന അഭിഭാഷകൻ ജയന്തൻ നായരും ഏതാനും സുഹൃത്തുക്കളും അന്നു സഹായിച്ചു. കേസിലെ വിധി ക്ലൈറ്റസിന് അനുകൂലമായിരുന്നു.
നിരാശയുടെ നടുവിൽ ബലമേകി നിന്ന കുമ്പഴയിലെ പ്രിയ സുഹൃത്ത് ഇതിനിടെ അപകടത്തിൽ മരിച്ചതു മറ്റൊരു ഞെട്ടലായി. ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണു ബാലു ചെറിയാൻ എന്നൊരു സുഹൃത്തും 1979ൽ തന്നെ മരിച്ചു.
കൂടെ നിന്ന അനിത
1982ൽ പഠനം പൂർത്തിയാക്കി അനിതയെ വിവാഹം കഴിച്ചതോടെ ജീവിതം വീണ്ടും ശാന്തമായി.
1984ൽ അനിതയെ യുകെയിലേക്കു യാത്ര അയയ്ക്കാൻ പോയ ഭാര്യാപിതാവ് കെ.എം.ഏബ്രഹാം ബോംബെയിൽ മരിച്ചത് മറ്റൊരു ആഘാതമായി. യാത്ര മാറ്റി വച്ച് അനിത തിരികെ വന്നു.
ആറുമാസം കഴിഞ്ഞ് അനിതയും വൈകാതെ ക്ലൈറ്റസും യുകെയിലേക്കു പോയി. ഇരുവർക്കും കേംബ്രിജിലെ ആശുപത്രിയിൽ ജോലി കിട്ടി.
1991–ൽ ഇളയ സഹോദരൻ ബാജിയെക്കൂടി മരണം അടർത്തിയെടുത്തു. കാൻസറായിരുന്നു.
തുടർന്നു ജോയി, ടോമി, പയസ് എന്നീ അടുത്ത ബന്ധുക്കളുടെ അകാലമരണം. ഭാര്യ അനിത കൂടി വിടവാങ്ങിയതോടെ ഉറപ്പിച്ചു: പേടിക്കേണ്ടാത്ത ഒരേ ഒരു ജീവിതസത്യത്തിന്റെ കൂടെയാവട്ടെ ഇനി സഞ്ചാരം.
അനിതാ ലിവിങ് മെമ്മറി എൻഡ് ഓഫ് ലൈഫ് കെയർ സപ്പോർട്ട് (ALIM trust )എന്ന സേവന പ്രവർത്തനം കേരളത്തിൽ വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് ഡോ.ക്ലൈറ്റസ്.
ഇതിനോടകം നൂറുകണക്കിന് മരണാസന്നരെ സന്ദർശിച്ചു ധൈര്യം പകർന്ന് അവരെ ശാന്തമായി മരണത്തിന്റെ കുളിർമയിലേക്കു കടത്തിവിട്ടു. പ്രായമായവരുടെ എണ്ണം കൂടിവരുന്ന കേരളത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കു മരണപരിശീലനവും സാന്ത്വനവും അനിവാര്യമാണെന്നു ഡോ.ക്ലൈറ്റസ് പറയുന്നു.
വിദേശ മലയാളി ഡോക്ടർമാരും നാട്ടിലെ സാന്ത്വന പരിചരണ പ്രവർത്തകരും ചേർന്നൊരു കൂട്ടായ്മയാണ് ലക്ഷ്യം.
ഒടുവിൽ ലേഖ; ഒപ്പമൊരാൾ
എല്ലാ വാതിലുകളും അടയുമ്പോൾ ദൈവം ചില ജനലുകൾ തുറന്നിടാറുണ്ട്. അങ്ങനെയാണ് 2023ൽ മക്കളും ചില സ്നേഹിതരും ചേർന്നു ശ്രീലേഖയെ ഡോ.ക്ലൈറ്റസിന് ഒപ്പം ചേർത്തത്.
ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ സ്വദേശി. ഭർത്താവ് മരിച്ച ശ്രീലേഖയ്ക്കും അത് ഒരു പുതിയ ജീവിതമായിരുന്നു.
മനുഷ്യർ തമ്മിൽ സ്നേഹിക്കുമ്പോൾ ലോകം മറ്റൊരു ഉദ്യാനമായി മാറുന്നു എന്നതിനു തെളിവായി ഇരുവരും യുകെയിലും കേരളത്തിലുമായി ഒട്ടേറെപ്പേരുടെ മനസ്സുകളിലേക്കു സ്നേഹത്തിന്റെ സാന്ത്വനം പകർന്നു യാത്ര ചെയ്യുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

