തിരുവല്ല∙ വേദി വിട്ടു 10 മിനിറ്റിനകം തിരുവല്ലയിലെത്തിയ എസ്പിജിയുടെ സംഘത്തിനു പ്രധാനമന്ത്രിയുടെ ഫോൺ കോൾ. ആദ്യമാെന്നു പരിഭ്രമിച്ചെങ്കിലും ആവശ്യം കേട്ടപ്പോൾ അൽപം ആശ്വാസം.
തിരുവല്ലയിലെ വേദിയിൽ കണ്ട പേപ്പർ വെയ്റ്റ് ഡൽഹിക്ക് അയയ്ക്കാനായിരുന്നു നിർദേശം.
ഫെങ് ഷൂയി ഇനത്തിലെ താമരയുടെ പേപ്പർ വെയ്റ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരുവല്ലയിൽ ആകർഷിച്ചത്. ഫെങ് ഷൂയി എന്നത് ചൈനീസ് വാസ്തു വിദ്യയുടെ ഭാഗമാണ്.
പ്രതലത്തിൽ ഉറച്ച ശേഷം താമര കറക്കാൻ കഴിയുന്ന തരത്തിലെ പേപ്പർ വെയ്റ്റാണ് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലെ വേദിയിലുണ്ടായിരുന്നത്. ക്രിസ്റ്റലിൽ നിർമിച്ച 16 ദളങ്ങളോടു കൂടിയ താമര തിരുവല്ലയിലെ സ്വകാര്യ ബസ് സ്റ്റാഡിനു സമീപത്തെ കടയിൽ നിന്നാണു വാങ്ങിയത്.
2 എണ്ണം വേണമെന്നാണു പ്രധാനമന്ത്രി നിർദേശിച്ചത്. ഇന്നലെ രാത്രി തന്നെ ഗ്രീൻ റൂമിന്റെ ചുമതലയുണ്ടായിരുന്ന സംഘാടകർ തിരുവല്ല പിഡബ്ല്യുഡി ഗെസ്റ്റ് ഹൗസിലെത്തി അവിടെയുണ്ടായിരുന്ന എസ്പിജി സംഘത്തിന് ഇവ കൈമാറി.
സംഘം ഇന്നു ഡൽഹിക്ക് മടങ്ങും. അണിയിച്ചത് 200 കിലോയുടെ താമരമാല
തിരുവല്ല∙ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവല്ലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അണിയിച്ചതു 200 കിലോയുടെ താമര മാല.
ഇത് തയാറാക്കിയതു പെരിങ്ങര പേരകത്ത് വീട്ടിലെ ഇന്ദിരാമ്മ എന്ന 85 വയസ്സുകാരിയാണ്. 1500 താമരപ്പൂക്കളുടെ ഭീമൻ മാലയാണു മോദിക്കായി തയാറാക്കിയത്.
3 ദിവസത്തെ പരിശ്രമഫലമാണു മാല. ഒരു മണിക്കൂറോളം നീണ്ട
സുരക്ഷാ പരിശോധനകൾക്കു ശേഷമാണു മാല വേദിയിൽ എത്തിച്ചത്. ആറ് വൊളന്റിയർമാർ ചേർന്നാണു മാല ഉയർത്തിയത്.
പ്രധാനമന്ത്രിക്കായി ബന്ദിയും തുളസിയും താമരയും ചേർത്തുള്ള മാലയായിരുന്നു ആദ്യം പറഞ്ഞിരുന്നത്. 300 കിലോയുടെ മാല.
എന്നാൽ എസ്പിജിയുടെ മാനദണ്ഡപ്രകാരം ഭാരം കുറയ്ക്കുകയായിരുന്നു. ഇതോടെയാണു താമര മാത്രമായി 200 കിലോയിൽ മാല ഒതുക്കിയത്.
മലയാളത്തിൽ പ്രസംഗം; പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി
തിരുവല്ല ∙ കേരളത്തിലെ പ്രചാരണത്തിൽ മലയാളത്തിൽ പ്രസംഗം ആരംഭിക്കുന്ന പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി.
ജയ് കേരളം, ജയ് വികസിത കേരളം എന്നു പ്രസംഗം ആരംഭിച്ച അദ്ദേഹം കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ എല്ലാവർക്കും നമസ്കാരം എന്നു പറഞ്ഞാണു അഭിവാദ്യം ചെയ്തത്.
ഇടയ്ക്കിടെ ‘എന്റെ സുഹൃത്തുക്കളെ’ എന്ന് അഭിസംബോധന ചെയ്ത മോദി ‘വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറും’ എന്നും മലയാളത്തിൽ പ്രഖ്യാപിച്ചു. പ്രസംഗത്തിന്റെ അവസാനം മലയാളത്തിൽ പ്രസംഗിക്കാൻ സാധിക്കാത്തതിൽ ഖേദവും പ്രകടിപ്പിച്ചു.
പരിഭാഷകനായി സ്ഥാനാർഥി
തിരുവല്ല∙ പ്രധാനമന്ത്രിക്കു പരിഭാഷകനായി സ്ഥാനാർഥി.
ഹരിപ്പാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ സന്ദീപ് വാചസ്പതിയാണു പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പരിഭാഷകനായത്. ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് കൂടിയാണ് സന്ദീപ്.
ആവേശം ആരവം…മോദിജി
പത്തനംതിട്ട
∙ ചൂടിൽ വിയർത്തെങ്കിലും അണികൾക്കു മോദിയെ കണ്ടപ്പോൾ ആവേശം ആളിക്കത്തി. മുഴക്കമേറിയ ശബ്ദത്തിൽ ഭാരത്മാതാ കീ ജയ്, വന്ദേമാതരം, മോദി മോദി വിളികൾ.
കാത്തിരിപ്പിന്റെ മണിക്കൂറുകൾക്കു ശേഷം എൻഡിഎ പൊതുയോഗ വേദിയിൽ പ്രധാനമന്ത്രിയെത്തിപ്പോൾ എൻഡിഎ പ്രവർത്തകർ അക്ഷരാർഥത്തിൽ ഇളകി മറിഞ്ഞു. കൊടും ചൂടിൽ മൂന്നു മണിക്കൂറിലേറെയാണു പ്രവർത്തകർ മോദിയെ കാത്തിരുന്നത്.
എൻഡിഎയുടെ പ്രധാന നേതാക്കളും 11 മണ്ഡലങ്ങളിലെ സ്ഥാനാർഥികളും വേദിയിലുണ്ടായിരുന്നു.
ആറന്മുളയിലെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ യോഗത്തിൽ അധ്യക്ഷനായി. കേരള രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവാകും ഈ തിരഞ്ഞെടുപ്പെന്നു കുമ്മനം പറഞ്ഞു.
യുഡിഎഫിനു വാഗ്ദാനങ്ങൾ നൽകാൻ മാത്രമാണറിയുന്നതെന്നും പ്രഖ്യാപിക്കുന്നത് നടപ്പാക്കുന്നത് എൻഡിഎയാണെന്നും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എ.എൻ.രാധാകൃഷ്ണൻ, എസ്.സുരേഷ്, അൽഫോൻസ് കണ്ണന്താനം, അനിൽ ആന്റണി, എൻ.ഹരി, ഷാജി ആർ.നായർ, വി.എ.സൂരജ് തുടങ്ങിയവർ പങ്കെടുത്തു.
എൻഡിഎ സ്ഥാനാർഥികളായ അനൂപ് ആന്റണി (തിരുവല്ല), തോമസ് കെ.സാമുവൽ (റാന്നി), ടി.പി.സുന്ദരേശൻ (കോന്നി), കുമ്മനം രാജശേഖരൻ(ആറന്മുള), പന്തളം പ്രതാപൻ (അടൂർ), എം.വി.ഗോപകുമാർ (ചെങ്ങന്നൂർ), സന്ദീപ് വാചസ്പതി (ഹരിപ്പാട്), അരുൺ അനിരുദ്ധൻ (അമ്പലപ്പുഴ), തമ്പി മേട്ടുത്തറ (കായംകുളം), കെ.എ.അജിമോൻ (മാവേലിക്കര), വി.രാധാകൃഷ്ണമേനോൻ (ചങ്ങനാശ്ശേരി) എന്നിവർ വേദിയിലുണ്ടായിരുന്നു. കേരളത്തോട് പക്ഷപാതം കാണിച്ചില്ല: മോദി
ഇന്നലെ ഉച്ചയ്ക്കു 12നു തന്നെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ കസേരകൾ നിറഞ്ഞു തുടങ്ങി.
മൂന്നു ജില്ലകളിൽ നിന്നായി എൻഡിഎ പ്രവർത്തകർ പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുയോഗത്തിലേക്കെത്തി. അണികളെ ആവേശത്തിലാക്കാൻ നേതാക്കളുടെ ആവേശ പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും.
എൽഡിഎഫ് – യുഡിഎഫ് രാഷ്ട്രീയത്തിൽനിന്ന് കേരളത്തിനു മോചനം വേണമെന്ന് തിരുവല്ലയിലെ എൻഡിഎ സ്ഥാനാർഥി അനൂപ് ആന്റണി പറഞ്ഞു. വൈകിട്ടു മൂന്നോടെ മോദിയുടെ ഹെലികോപ്റ്റർ ചങ്ങനാശേരിയിലെത്താറായ വിവരം അനൂപ് അറിയിച്ചപ്പോൾ അണികൾക്ക് ആവേശം.
വികസിത കേരളമെന്നതാണ് എൻഡിഎയുടെ മുദ്രാവാക്യമെന്നുറപ്പിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷിന്റെ പ്രസംഗം. 3.34ന് പ്രധാനമന്ത്രിയെത്തുമ്പോൾ ‘മോദി മോദി മോദി’ കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങൾ മുഴങ്ങി.
പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സ്റ്റേജിന്റെ എല്ലാ വശങ്ങളിലും മോദിയെത്തി.
പ്രധാന വേദിക്കു പുറത്തുള്ളവരെയും താൻ കണ്ടെന്നു സൂചന നൽകി ഇരു കൈകളും വീശി നേതാക്കളുടെ അടുത്തേക്ക്.സ്വാഗത പ്രസംഗത്തിനു ശേഷം താമരപ്പൂമാലയണിയിച്ച് മോദിക്കു വരവേൽപ്. പിന്നാലെ ഉപഹാരങ്ങളുടെ പ്രവാഹമായിരുന്നു.
പടയണിയുടെ തപ്പും ആറന്മുള കണ്ണാടിയും ഉൾപ്പടെ ഉപഹാരമായി നൽകി. തപ്പിൽ മോദി താളം പിടിച്ചപ്പോൾ പ്രവർത്തകർക്കും ആവേശം.ചിത്രങ്ങൾ വരച്ചത് ഉയർത്തിക്കാണിച്ച കുട്ടികളുടെ അടുത്തേക്ക് എസ്പിജി ഉദ്യോഗസ്ഥരെത്തി.വെൺപാല സ്വദേശി നൈമികും ചെന്നിത്തല സ്വദേശി ശ്രീവിനായകും ഉൾപ്പെടെയുള്ള കുട്ടികൾ ചിത്രങ്ങൾ നൽകി.
അവർക്കു മോദി പ്രത്യേക നന്ദി പറഞ്ഞു. പ്രസംഗം തുടങ്ങിയ ശേഷം വേദിയുടെ മധ്യത്തിലേക്കെത്തി സ്ഥാനാർഥികളായ 11 പേർക്കൊപ്പം കയ്യുയർത്തി അഭിവാദ്യം.
മേയ് 4ന് എൻഡിഎ സർക്കാർ വരുമെന്നു പ്രഖ്യാപനം. കേരളത്തിന്റെ വികസന സാധ്യതകൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയ വിമർശനങ്ങളിലേക്കു കടന്നു.
കേരളത്തിൽ ബിജെപി സർക്കാർ അല്ലാതിരുന്നിട്ടും പക്ഷപാതം കാണിച്ചില്ല. വികസനത്തിനു വേണ്ട
എല്ലാം കേന്ദ്രം ചെയ്തു. യുപിഎ സർക്കാർ ചെയ്തതിന്റെ അഞ്ചിരട്ടി സഹായം എൻഡിഎ കാലത്ത് നൽകി.
റബർ കർഷകർക്ക് ഉൾപ്പടെ ആനുകൂല്യം ലഭിച്ചു. ന്യൂനപക്ഷം ഭൂരിപക്ഷമായ വടക്കു – കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ബിജെപി അധികാരത്തിലുള്ള കാര്യം ഓർമപ്പെടുത്തി.
വന്ദേഭാരത് ഉൾപ്പെടെ അതിവേഗ ട്രെയിനുകൾ വന്ന കാര്യവും പ്രസംഗത്തിൽ പരാമർശിച്ചു. ശബരിപാത വരാതിരിക്കാൻ കേരളത്തിലെ സർക്കാരുകൾ ശ്രമിച്ചെന്നു വിമർശനം.
എൻഡിഎ ജയിച്ചാൽ എല്ലാം നടപ്പാക്കും. അത് മോദിയുടെ ഗാരന്റിയെന്ന് വാഗ്ദാനം.
കേരളത്തിൽ അഴിമതിയും വർഗീയതയും പ്രശ്നങ്ങളെന്നു കടുത്ത വിമർശനം ഉന്നയിച്ചു. യുവാക്കൾ തൊഴിൽ തേടി നാടു വിടുന്നു.
കള്ളം പറയുന്നതും രാജ്യത്തെ അപമാനിക്കുന്നതും കോൺഗ്രസിന്റെ പതിവെന്ന് വിമർശിച്ചു. വോട്ട് എൻഡിഎക്കു തന്നെയെന്ന് ഉറപ്പിച്ച് തുടർച്ചയായ വന്ദേമാതരം വിളികളോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.
അനൂപ് എന്റെ വലംകയ്യായി പ്രവർത്തിച്ചയാൾ; തിരുവല്ലയ്ക്കു നൽകുന്നു: നരേന്ദ്രമോദി
തിരുവല്ല ∙ പ്രസംഗത്തിനിടെ തിരുവല്ലയിലെ എൻഡിഎ സ്ഥാനാർഥി അനൂപ് ആന്റണിയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
വ്യക്തിപരമായ അടുപ്പം മുഴുവൻ പ്രകടമാക്കുന്ന വാക്കുകളാണു പ്രധാനമന്ത്രി ഉപയോഗിച്ചത്. ‘ഇവിടെ ഇരിക്കുന്ന അനൂപ് കഴിഞ്ഞ 5 വർഷമായി എന്റെ വലംകയ്യായി പ്രവർത്തിക്കുന്ന ചെറുപ്പക്കാരനാണ്.
രാജ്യം മുഴുവൻ സഞ്ചരിച്ച് എനിക്കു വേണ്ടി ജോലികൾ ചെയ്തിരുന്ന ആളാണ് അദ്ദേഹം. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്ന ആളാണ്.
ഞാൻ ഇന്ന് അദ്ദേഹത്തെ തിരുവല്ലയ്ക്കു സംഭാവന ചെയ്യുകയാണ്.’
നിറഞ്ഞ കരഘോഷത്തോടെയാണു എൻഡിഎ പ്രവർത്തകർ മോദിയുടെ വാക്കുകളെ വരവേറ്റത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ അനൂപ് ആന്റണിയുടെ നിയമസഭയിലേക്കുള്ള രണ്ടാം മത്സരമാണിത്.
സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ സർക്കാർ വരുന്നത് വികസന പ്രവർത്തനങ്ങൾക്കു വേഗം നൽകുമെന്ന രീതിയിൽ ‘ഡബിൾ എൻജിൻ’ പ്രയോഗം മോദി നേരത്തെ മുതൽ ഉപയോഗിക്കുന്നുണ്ട്. ഇത്തവണ തിരുവല്ലയിലെ പ്രചാരണത്തിൽ അനൂപ് ആന്റണി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കും നരേന്ദ്രമോദിയുടെ ഡബിൾ എൻജിൻ പ്രയോഗമാണ്.പ്രധാനമന്ത്രിയുടെ വരവോടെ പ്രവർത്തകർ കൂടുതൽ ആവേശത്തിലാകുമെന്നും മണ്ഡലത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നുമാണു ബിജെപിയുടെ പ്രതീക്ഷ.
മോദിയെത്തിയ പൊതുയോഗത്തിൽ പ്രവർത്തകരെ ആവേശത്തിലാക്കാൻ പ്രസംഗങ്ങളുടെ ഇടവേളകളിൽ മുദ്രാവാക്യം വിളിച്ച് അനൂപ് ആന്റണിയും സദസ്സിനെ കയ്യിലെടുത്തു. പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് സമൂഹമാധ്യമത്തിലൂടെ അനൂപ് ആന്റണി പിന്നീട് നന്ദി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

