ശബരിമല ∙ പകൽ ചുട്ടുപൊള്ളുന്ന ചൂട്. രാത്രി തണുപ്പും വീശിയടിക്കുന്ന കാറ്റും.
ശബരിമലയിലെ കാലാവസ്ഥ പെട്ടെന്നാണു മാറിയത്. ഇന്നലെ പകൽ 33 ഡിഗ്രി ചൂടായിരുന്നു.
ചുട്ടുപൊള്ളുന്ന വെയിൽ ആയതിനാൽ മലകയറിയ തീർഥാടകർ വേഗം തളർന്നു പോകുന്നു. പമ്പയിൽ നിന്നു സന്നിധാനത്തേക്ക് തീർഥാടകരെ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴിയാണ് കടത്തിവിടുന്നത്. നീലിമല കയറുമ്പോഴേ പലരും തളരും.
പിന്നെ അണച്ച് ഒരുവിധത്തിലാണ് അപ്പാച്ചിമേട് കയറിയത്. കാറ്റടിക്കുമ്പോൾ പൊടി പറക്കുകയാണ്.
മാളികപ്പുറത്തു ഭസ്മം, മഞ്ഞൾപ്പൊടി എന്നിവ പറക്കുകയാണ്.
2 മിനിറ്റ് മാളികപ്പുറത്തു നിന്നാൽ മൂക്കിലൂടെ വായിൽ വരെ മഞ്ഞൾപ്പൊടി വരും. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള യാത്രയിലും പൊടിശല്യം രൂക്ഷമാണ്.
പമ്പാ മണപ്പുറം, ത്രിവേണി, ചക്കുപാലം എന്നിവിടങ്ങളിൽ രൂക്ഷമായ പൊടിശല്യം കാരണം നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. പമ്പാ മണപ്പുറത്തെ കോൺക്രീറ്റ് റോഡിൽ വാഹനത്തിൽ വെള്ളം കൊണ്ടുവന്ന് തളിക്കുന്നുണ്ട്.
5 മിനിറ്റ് ആകുന്നതിനു മുൻപ് വെയിലേറ്റ് വീണ്ടും പൊടി പറക്കുകയാണ്. വാഹനങ്ങൾ പോകുമ്പോൾ തൊട്ടടുത്തു നിൽക്കുന്നവരെ പോലും കാണാൻ കഴിയാത്ത വിധത്തിൽ പൊടി പറക്കുകയാണ്.
നിലയ്ക്കലും പൊടി ശല്യം രൂക്ഷമാണ്.
രാത്രി കോടമഞ്ഞും തണുപ്പും തീർഥാടകർക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. കാറ്റാണ് അവിടെയും പ്രശ്നം.
കാറ്റടിക്കുമ്പോൾ തണുത്തു വിറയ്ക്കുകയാണ്. കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടും കയറുമ്പോൾ ശരീരം ചൂടാകുന്നതിനാൽ കുറെ തീർഥാടകർക്ക് പ്രശ്നമില്ല.
കുട്ടികളുമായി വരുന്നവർ ശരിക്കും കഷ്ടപ്പെടുന്നു. തണുപ്പ് സഹിക്കാൻ കഴിയാതെ കുട്ടികൾ കരയുന്നതും കേൾക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

