സീതത്തോട് ∙ മലദൈവങ്ങളെ സാക്ഷിയാക്കി നാട്ടിലെ ആചാര അനുഷ്ടാനങ്ങളോടെ മൂഴിയാർ ആദിവാസി ഊരിൽ മായയെ താലി കെട്ടി രാഹുൽ ജീവിത സഖിയാക്കി. മൂഴിയാർ കോളനിയിൽ ഹിന്ദു ആചാര പ്രകാരം ആദ്യമായി നടന്ന വിവാഹത്തിനു സാക്ഷ്യയാകാൻ എത്തിയവർക്കു വിഭവ സമൃദ്ധമായ സദ്യ ഒരുക്കി കാടിന്റെ മക്കൾ.
നവദമ്പതികൾക്കു ആശംസകളുമായി ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം എത്തിയതിന്റെ സന്തോഷത്തിലാണ് മൂഴിയാറിലെ ആദിവാസി കുടുംബങ്ങൾ.
അട്ടത്തോട് സ്വദേശിയായ മായയും (22) മൂഴിയാർ സായിപ്പിൻകുഴി ആദിവാസി കോളനിയിൽ താമസിക്കുന്ന രാഹുലും (31) തമ്മിലുള്ള വിവാഹം ബുധൻ രാവിലെ 11.57നുള്ള മുഹുർത്തത്തിൽ മൂഴിയാർ ലുക്ക്ഔട്ടിനു സമീപത്തെ വീട്ടുമുറ്റത്ത് പ്രത്യേകം ഒരുക്കിയ കല്യാണ മണ്ഡപത്തിലാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രമോദാണ് വധുവിനെ അണിയിക്കുന്നതിനുള്ള താലി മാല രാഹുലിനു കൈമാറിയത്.
തുടർന്ന് ഇരുവരും പരസ്പരം മാലകൾ അണിഞ്ഞ് മംഗള മൂഹുർത്തത്തിനു സാക്ഷിയാകാൻ എത്തിയരെ കൂപ്പുകൈകളോടു വരവേറ്റു.
കതിർമണ്ഡപത്തിൽ വധുവിനു വീട്ടുകാർ നൽകാറുള്ള നിലവിളക്ക് മൂഴിയാർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഉദയകുമാർ കൈമാറി. നവദമ്പതികൾക്കു ഓണപുടവ സമ്മാനമായി നൽകി ഡോ.ഏബ്രഹാം മാർ സെറാഫിമിന്റെ നേതൃത്വത്തിലുള്ള സംഘം അവിചാരിതമായി എത്തിയതും മതമൈത്രി ആഘോഷങ്ങൾക്കു വിവാഹ ചടങ്ങുകൾ വേദിയായി മാറി.
മലമ്പണ്ടാരം വിഭാഗം ആദിവാസി കോളനിയിലെ ആചാരപ്രകാരം വധുവിനെ ഇഷ്ടപ്പെട്ടാൽ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ വരൻ വിളിച്ചുകൊണ്ടു പോന്നു കൂടെ താമസിപ്പിക്കുകയാണ് പതിവ്.
ഐശ്വര്യപൂർണമായ ഭാവി ജീവിതത്തിനു മലദൈവങ്ങൾക്കു പ്രത്യേക പൂജയും മുറുക്കാനും വയ്ക്കും. താലി ചാർത്തുകയും സദ്യ നൽകുകയോ തുടങ്ങിയ ചടങ്ങുകൾ ഒന്നും തന്നെ ഇല്ല.
ഇതിൽ നിന്നുമെല്ലാം വിഭന്നമായിട്ടായിരുന്നു മായ– രാഹുൽ ദമ്പതികളുടെ വിവാഹം. ബന്ധുവായ ദേവിയുടെ വീട്ടിലാണ് കെട്ടികയറിയത്.
നിലവിളക്കു തെളിച്ച് ദേവി നവദമ്പതികളെ വീടിനുള്ളിലേക്കു ആശീർവദിച്ച് ആനയിച്ചു. ദേവിയുടെ വീട്ടിൽ തന്നെയാണ് മണിയറയും ഒരുക്കിയത്.
ചടങ്ങുകൾക്കു മുന്നോടിയായി കോളനിയിൽ ഉള്ള കുട്ടികളുടെ കലാപരിപാടികളും ഗോത്രാചാര പാട്ടുകളും ഡാൻസും അരങ്ങേറിയിരുന്നു.
ഇതിനായി മൈക്ക് സെറ്റുകളും ക്രമീകരിച്ചു. ചടങ്ങുകളോടനുബന്ധിച്ച് പായിസം കൂട്ടിയുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയത് ബന്ധുവായ ദേവിയുടെ നേതൃത്വത്തിലായിരുന്നു.
മൂഴിയാർ സായിപ്പിൻ കുഴി, മൂഴിയാർ 40 ഏക്കർ, ളാഹ മഞ്ഞത്തോട് കോളനി തുടങ്ങിയ സ്ഥലത്തു നിന്നും ബന്ധുക്കളും എത്തിയിരുന്നു.
സീതത്തോട് പഞ്ചായത്ത് അംഗം ജോബി ടി ഈശോ, മൂഴിയാർ ശബരിഗിരിയിലെ താൽക്കാലിക ജീവനക്കാരൻ വിജയകുമാർ, രാജേഷ്, ട്രൈബൽ പ്രമോട്ടർ, മൂഴിയാർ സിവിൽ പൊലീസ് ഓഫിസർ സുബാഷ് രാജ്, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവാഹത്തിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. ഡോ.ഏബ്രഹാം മാർ സെറാഫിമിനൊപ്പം വൈദികരായ ഫാ.
എബി എ തോമസ്, ഫാ. ഷിനു പോൾ, ഫാ.
അഖിൽ മാത്യു സാം, നിതിൻ മണക്കാട്ടുമണ്ണിൽ, അൻസു മേരി വർഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]