
കിസുമം ഗവ.ഹയർസെക്കൻഡറിക്ക് ഫിറ്റ്നസ് കിട്ടിയില്ല; ഉദ്യോഗസ്ഥ അവധിയിൽ, കുട്ടികളും അധ്യാപകരും ആധിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുലാപ്പള്ളി ∙ റാന്നി ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ തുടരുന്നു. കിസുമം ഗവ.ഹയർസെക്കൻഡറി സ്കൂളിനു ഇന്നലെയും ഫിറ്റ്നസ് രേഖ കിട്ടിയില്ല. പ്ലസ് ടൂ വിഭാഗം കുട്ടികൾ ഇന്നലെയും ക്ലാസിനു പുറത്തിരുന്നായിരുന്നു പഠനം.കെട്ടിടത്തിന്റെ ഫിറ്റ്നസ് രേഖ ലഭിക്കാനായി സ്കൂളിന്റെ കാത്തിരിപ്പു തുടങ്ങിയിട്ട് ഒന്നര വർഷം പിന്നിട്ടു.തിങ്കളാഴ്ച പെരുനാട് പഞ്ചായത്തിൽനിന്നു നമ്പർ ഇട്ട് നൽകിയതിനു തൊട്ടുപിന്നാലെ സ്കൂൾ അധികൃതർ ഇതു സംബന്ധിച്ച രേഖകൾ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ എത്തിച്ചിരുന്നു.
തുടർന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഉച്ചയോടെ സ്കൂളിൽ എത്തി കെട്ടിടത്തിന്റെ അളവുകൾ എല്ലാം എടുത്തു കൊണ്ടു പോയിരുന്നു. ഇനി മറ്റു തടസ്സങ്ങൾ ഒന്നും ഇല്ലെന്നും ഉടൻ തന്നെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാമെന്നുമാണു പറഞ്ഞിരുന്നത്. ഇന്നലെ ഉച്ചവരെയായിട്ടും നടപടികൾ ഒന്നും ഉണ്ടാകാത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ ബ്ലോക്ക് ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ സെക്ഷനിലെ ഉദ്യോഗസ്ഥ അവധിയാണെന്നായിരുന്നു മറുപടി.
ഇന്നലെ മുതൽ ക്ലാസിൽ കയറാമെന്നു പ്രതീക്ഷിച്ചിരുന്ന കുട്ടികളും അധ്യാപകരും നിരാശരായി. തുറസ്സായ സ്ഥലത്ത് പ്ലസ്ടുവിലെ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകൾ ഒന്നിച്ചിരുത്തിയായിരുന്നു പഠനം.സ്വന്തമായി കെട്ടിടം ഉണ്ടായിട്ടും മഴ പെയ്യുമ്പോൾ എറിച്ചിൽ അടിച്ചും കാറ്റ് ഏറ്റും ഇരിക്കേണ്ട അവസ്ഥയിലായിരുന്നു 40ൽ പരം കുട്ടികൾ. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ കുട്ടികളെ ഇരുത്തരുതെന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ കർശന ഉത്തരവ് ഉള്ളതിനാൽ ക്ലാസ് മുറിക്കുള്ളിൽ കയറാൻ കഴിയാത്ത അവസ്ഥയിലാണ് സ്കൂൾ അധികൃതർ.