
വിഴിഞ്ഞത്ത് നടന്നത് മുദ്രാവാക്യം വിളി മത്സരം: സതീശൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തിനു ബിജെപിയും സിപിഎമ്മും മത്സരിച്ചു മുദ്രാവാക്യം വിളിച്ച് പരിപാടിയുടെ പ്രസക്തി നഷ്ടപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തന്നെ വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തിനു വിളിക്കാത്തതിലോ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരനെ വിളിച്ചതിലോ പരിഭവമില്ല. പോകാതിരുന്നത് നന്നായി. മനോരമ ഹോർത്തൂസിലാണ് അദ്ദേഹം മനസ്സു തുറന്നത്.കേരള വികസനത്തിനു നാഴികക്കല്ലാകുന്ന പദ്ധതി തുടങ്ങാൻ കഴിഞ്ഞത് ഉമ്മൻ ചാണ്ടിയുടെ ത്യാഗവും അർപ്പണ മനോഭാവവും നിശ്ചയദാർഢ്യവുമായിരുന്നു. പ്രതിപക്ഷത്തിനു പറയാനുള്ള അവസരം ഇല്ലാത്തതിനാലാണു പോകാതിരുന്നത്.പദ്ധതിക്കു തുടക്കമിട്ട ഉമ്മൻ ചാണ്ടിയുടെ പേരുപോലും ആ വേദിയിൽ പറയാത്തത് നീതികേടും ജനാധിപത്യവിരുദ്ധവുമാണ്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സ്റ്റേജിൽ ഇരുന്നു മുദ്രാവാക്യം വിളിച്ചു. സിപിഎം സദസ്സിൽ നിന്നും രാഷ്ട്രീയം എത്ര മലീമസമാകുന്നു എന്നതിന്റെ തെളിവാണിത്.പരിപാടിക്കു 3 ദിവസം മുൻപ് പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം ഉദ്ഘാടനത്തിനു വിളിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ തുറമുഖ മന്ത്രി പറഞ്ഞത് സർക്കാരിന്റെ വാർഷികം പ്രതിപക്ഷം ബഹിഷ്കരിച്ചിരിക്കുന്നതിനാൽ വിളിക്കുന്നില്ലെന്നാണ്.
പിന്നീട് വിവാദമായപ്പോൾ കാഴ്ചക്കാരനായി വിളിക്കാമെന്നും പറഞ്ഞു. വെറും കാഴ്ചക്കാരനായി ഇരിക്കാൻ താൽപര്യം ഇല്ലാത്തതിനാൽ പോയില്ല.എന്റെ മണ്ഡലത്തിന്റെ കുറെ ഭാഗം നേരത്തെ എസ്.ശർമ പ്രതിനിധാനം ചെയ്തതാണ്. ശർമയുടെ കാലത്ത് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനത്തിനു ഞാൻ അദ്ദേഹത്തെ വിളിക്കാറുണ്ട്. സ്റ്റേജിൽ ഇരുത്തിക്കൊണ്ടുതന്നെ അദ്ദേഹമാണ് ഇതിനു തുടക്കം കുറിച്ചതെന്നു പറയാറുണ്ട്. അത് എന്റെ മര്യാദ.വിഴിഞ്ഞം പദ്ധതി 6000 കോടിയുടെ അഴിമതിയാണെന്ന് ആരോപണം ഉന്നയിച്ചവരാണു സിപിഎം. അവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ നടക്കുന്നത്.കെപിസിസിയുടെ തലപ്പത്ത് നേതൃമാറ്റം ഉണ്ടായാലും ഇല്ലെങ്കിലും ഒരു അപസ്വരവും പാർട്ടിയിൽ ഉണ്ടാകില്ല. നേതാക്കൾക്ക് ഇടയിലുള്ള കിടമത്സരം നേരത്തെ ഉണ്ടായിരുന്നത് ഇപ്പോഴില്ല. കോഴിക്കോട് ഡിസിസി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ അച്ചടക്കമില്ലാതെയുള്ള ചിലരുടെ പെരുമാറ്റം നാണക്കേടുണ്ടാക്കി. അച്ചടക്കത്തിന്റെയും ജനാധിപത്യത്തിന്റെയും അതിർവരമ്പുകൾ മനസ്സിലാക്കണം.മാധ്യമങ്ങൾക്കു തട്ടിക്കളിക്കാനുള്ള വസ്തുവാകരുത് കോൺഗ്രസ്. ഒന്നാം പിണറായി സർക്കാരിനു 50 മാർക്കാണ് നൽകുന്നുവെങ്കിൽ ഇപ്പോഴത്തെ സർക്കാരിനു 30 മാർക്കേ നൽകാനാകൂ. കേന്ദ്രസർക്കാരിനു 20 മാർക്കു പോലും കൊടുക്കാനാകില്ല. നെഹ്റുവിൽ നിന്നു മോദിയിലേക്കുള്ള മാറ്റം ജനാധിപത്യത്തിന്റെ തകർച്ചയാണ്. ഇതിൽ നിന്നെല്ലാം തിരിച്ചു വരുമെന്നതാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.