പത്തനംതിട്ട ∙ ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്നത്തെ സ്പെഷൽ കമ്മിഷണറുടെ വീഴ്ചകളും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 2019 ജൂലൈ 20 മുതൽ ഒന്നര മാസത്തിലേറെ ദ്വാരപാലക ശിൽപത്തിലെ പാളികൾ നീക്കിയ നിലയിലായിരുന്നു.
ശബരിമല വിഷയത്തിൽ സർക്കാരിന് പല കാര്യങ്ങളും ഒളിക്കാനുണ്ട്. സിപിഎം ഉന്നതർക്ക് സ്വർണ കൊള്ളയിൽ പങ്കുണ്ട്.
തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ വീഴ്ചകൾക്കൊപ്പം യുഡിഎഫിന്റെ മുഖ്യപ്രചാരണ വിഷയം സ്വർണക്കൊള്ളയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പത്തനംതിട്ട
പ്രസ് ക്ലബിൽ നടന്ന തദ്ദേശം 2025ൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കോടതി നേരിട്ട് ഇടപെട്ടതുകൊണ്ട് മാത്രമാണ് അന്വേഷണം ഇത്രയധികം പുരോഗമിക്കുന്നത്. പത്മകുമാറിനെതിരെ പാർട്ടി കൂടുതൽ നടപടി എടുക്കാത്തത് ഭരണപക്ഷത്തെ പ്രധാനികളുടെ പേര് പുറത്തു വരുമെന്ന് ഭയന്നാണ്.
ദേവസ്വം ബോർഡ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിഷയത്തിൽ നിലപാടിൽ മാറ്റമില്ല. ദേവസ്വം മാനുവലും ഹൈക്കോടതി നിർദ്ദേശവും അവഗണിച്ചാണ് ദ്വാരപാലക ശിൽപം പുറത്തേക്ക് കൊണ്ടു പോയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ ഏൽപ്പിക്കണമെന്നാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞത്.
അതുകൊണ്ടാണ് പ്രശാന്തിനെ ചവിട്ടി പുറത്താക്കണമെന്ന് പ്രതിപക്ഷം പറഞ്ഞത്.
∙ മസാല ബോണ്ട് അഴിമതി നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഇഡി എന്ന് പറഞ്ഞു ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു.
തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അത് അവസാനിക്കും. മുഖ്യമന്ത്രിക്ക് വന്ന ഇഡി നോട്ടിസിലും അതായിരിക്കും സംഭവിക്കുന്നത്.
കേന്ദ്രത്തിന് കോൺഗ്രസിനെ തകർക്കുക മാത്രമാണ് ലക്ഷ്യം. അല്ലാതെ അഴിമതിക്കെതിരെ അന്വേഷണം നടത്തുക എന്നതല്ല അവരുടെ അജണ്ട. ആശുപത്രിയിൽ മരുന്നില്ലാത്തപ്പോൾ ഖജനാവിന്റെ അവസ്ഥ നോക്കിയ ശേഷമേ മുഖ്യമന്ത്രിക്ക് പുതിയ കാറുവാങ്ങാൻ ധനവകുപ്പ് തുക അനുവദിക്കാവൂയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ, പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, സെക്രട്ടറി ജി. വിശാഖൻ എന്നിവർ പങ്കെടുത്തു.
പരാതി കൈമാറിയത് മാതൃകാപരം
കോഴഞ്ചേരി ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായി കെപിസിസി പ്രസിഡന്റിനു കിട്ടിയ പരാതി ഒരു മണിക്കൂർ പോലും കയ്യിൽ വയ്ക്കാതെ ഡിജിപിക്ക് കൈമാറിയത് മാതൃകാപരമെന്ന് വി.ഡി.സതീശൻ.
പ്രധാനപ്പെട്ട പലർക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറിക്കും കിട്ടിയ പരാതികളൊന്നും പൊലീസിന് കൈമാറിയിട്ടില്ല.
രാഹുലിന്റെ കാര്യത്തിൽ പൊലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്.
പരാതി പോലും വരാതെയാണ് ആദ്യം മാതൃകാപരമായ നടപടി എടുത്തത്. പലരുടെയും പേരിൽ പാർട്ടിക്കുള്ളിൽ നിന്നും പരാതി കിട്ടിയിട്ടും പോലും പാർട്ടി തന്നെ അന്വേഷണം നടത്തി തീർത്ത പാർട്ടിയാണ് സിപിഎം.
ഞങ്ങൾ ആരും ആരെയും പ്രതിരോധിക്കാൻ ഇറങ്ങിയിട്ടില്ല. കുറ്റകൃത്യം നടന്നാൽ സ്വയം അന്വേഷണം നടത്തുന്ന സിപിഎമ്മിനെ പോലെയല്ല കോൺഗ്രസ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
കടകംപള്ളിക്കു പരിഹാസം
ശബരിമലയിലെ സ്വർണപ്പാളികൾ ഏത് കോടീശ്വരനാണ് വിറ്റതെന്ന് ചോദിച്ചതിന് കടകംപള്ളി രണ്ട് കോടിയുടെ മാനനഷ്ട
നോട്ടീസ് അയച്ചു. കോടതിയിൽ എത്തിയപ്പോൾ മാനം പത്ത് ലക്ഷമായി കുറഞ്ഞു. കടകംപള്ളിക്ക് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന് തെളിവ് എന്റെ പക്കലുണ്ട്. സ്വപ്ന സുരേഷ് ഗുരുതര ആരോപണം ഉന്നയിച്ചിട്ടും വക്കീൽ നോട്ടിസ് പോലും അയക്കാത്ത ആളാണ് തനിക്കെതിരെ കോടതിയിൽ പോയതെന്നും അദ്ദേഹം പരിഹസിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

