തിരുവല്ല ∙ സമാധാനകാംക്ഷികളും രാജ്യസ്നേഹികളും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവരുമായ ക്രൈസ്തവരെ വേട്ടയാടിയും ഭയപ്പെടുത്തിയും നിശബ്ദരാക്കുന്ന സമകാലിക പ്രവണത നാടിന്റെ പ്രയാണത്തിന് തടസ്സം സൃഷ്ടിക്കുമെന്നും ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന വിശ്വാസ സ്വാതന്ത്ര്യം ആർക്കും കവർന്നെടുക്കാനാവില്ലെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത.
മാർത്തോമ്മാ സഭ വാർഷിക പ്രതിനിധി മണ്ഡലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ദേശീയ ഗാനം കേട്ടാൽ ആദരവോടെ നിൽക്കുകയും കണ്ണ് നിറഞ്ഞു പോവുകയും ചെയ്യുന്ന രാജ്യസ്നേഹികളായ ഉത്തമ പൗരന്മാരാണ് ഇവിടത്തെ വിശ്വാസ സമൂഹം.
വോട്ടർ പട്ടികയിലെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരോട് തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തിനാണ് അസഹിഷ്ണുത കാട്ടുന്നത്. സാങ്കേതികത്വത്തിന്റെ പേരിൽ അവകാശം നിഷേധിക്കലല്ല, തെറ്റു തിരുത്താൻ അവകാശം നൽകുകയാണ് വേണ്ടത്.
രാജ്യത്താകമാനം, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ വർധിച്ചു വരുന്ന ആക്രമണങ്ങളും പൊലീസ് നടപടികളും സൃഷ്ടിക്കുന്ന ആശങ്ക ഒട്ടും ചെറുതല്ല.
വൈദികർക്കും മിഷനറിമാർക്കുമെതിരെ നീങ്ങിയാൽ പാരിതോഷികം നൽകാമെന്ന് പരസ്യമായി വാഗ്ദാനം ചെയ്യുന്ന സ്ഥിതിയിലേക്ക് ജനപ്രതിനിധികൾ പോലും മാറുന്നത് അപകടകരമാണ്. മതപരിവർത്തന നിരോധന നിയമം പലപ്പോഴും ദുരുപയോഗം ചെയ്യുന്നു. ജനസംഖ്യയിൽ കുറവ് വരുന്ന ക്രൈസ്തവരെയും മറ്റും മൈക്രോ മൈനോറിറ്റിയായി പ്രഖ്യാപിച്ചു സംരക്ഷണം നൽകണം.
സർക്കാർ നയങ്ങൾ കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കരുത്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടു സർക്കാർ എടുത്തിരിക്കുന്ന നയം കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്ക് പ്രോത്സാഹജനകമല്ല. സ്ഥിര നിയമന അംഗീകാരമില്ലാതെ അധ്യാപകരെ ദിവസ വേതനക്കാരാക്കി മാറ്റുന്നത് ഗുണനിലവാര തകർച്ചയിലേക്ക് നയിക്കുമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.സാഹിത്യകാരൻ പ്രഫ.എം.തോമസ് മാത്യു ധ്യാനപ്രസംഗം നടത്തി.
സഭാ സെക്രട്ടറി റവ.എബി ടി.മാമ്മൻ സഭയുടെ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്, ഡോ.ഐസക് മാർ പീലക്സിനോസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ.മാത്യൂസ് മാർ മക്കാറിയോസ്, ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ.തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ.ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം, സീനിയർ വികാരി ജനറൽ റവ.മാത്യു ജോൺ, സഭാ വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയൽ, അത്മായ ട്രസ്റ്റി അൻസിൽ സഖറിയാ കോമാട്ട് എന്നിവർ നേതൃത്വം നൽകി.
വിവിധ രാജ്യങ്ങളിൽ നിന്നായി 1604 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സമ്മേളനം നാളെ സമാപിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]