സീതത്തോട് ∙ ഗവിയിലേക്കു സഞ്ചാരികളുടെ വൻ ഒഴുക്ക്. അവധി ആഘോഷിക്കാൻ നിരവധിയാളുകളാണ് ടിക്കറ്റുകൾ മുൻകൂർ ബുക്ക് ചെയ്തിരിക്കുന്നത്.
ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിനോടു ചേർന്ന് പ്രവർത്തിക്കുന്ന ടിക്കറ്റ് കൗണ്ടറിൽനിന്നുമാണ് പാസ് അനുവദിക്കുന്നത്. ഓൺലൈനിൽ (www.gavikakkionline.com) ബുക്ക് ചെയ്തശേഷം ഇവിടെയെത്തി പാസ് വാങ്ങി, കൊച്ചാണ്ടി കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റിൽ എത്തി പതിപ്പിക്കണം.
ഇവിടെനിന്നാണ് ഗവിയാത്രയുടെ തുടക്കം. കെഎസ്ആർടിസി ബസിലാണ് പോകുന്നതെങ്കിൽ പാസിന്റെ ആവശ്യമില്ല.
മീൻ പിടിക്കുന്ന ഫൈബർ കൂടുകൾ; ഫോട്ടോ ഷൂട്ടിന്റെ എക്കോ പാറ
കാനനപാതയിലൂടെ 70 കിലോമീറ്ററോളം താണ്ടിയുള്ള യാത്ര മറക്കാനാവാത്ത അനുഭവമാണ്.
നിലവിൽ മഞ്ഞും മഴയും കലർന്ന കാലാവസ്ഥയാണ്. കക്കാട് ജലവൈദ്യുത പദ്ധതിയുടെ മൂഴിയാർ അണക്കെട്ടാണ് ആദ്യ കാഴ്ച.
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയിൽ വെള്ളം എത്തിക്കുന്ന കൂറ്റൻ പെൻസ്റ്റോക്ക് പൈപ്പുകളും കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകളും കടന്നാണ് ഗവിയിലേക്ക് പോകുന്നത്. ആനത്തോട് അണക്കെട്ടിൽ ആദിവാസികൾ മീൻ വളർത്താൻ സ്ഥാപിച്ചിരിക്കുന്ന ഫൈബർ കൂടുകളും കണ്ട് കക്കി എക്കോ പോയിന്റിൽ എത്തുമ്പോഴേക്കും യാത്രയുടെ പകുതി ദൂരം പിന്നിട്ടു കഴിയും.
കക്കി, ആനത്തോട് അണക്കെട്ടുകളുടെ നിർമാണത്തിനു വേണ്ടി കരിങ്കൽ പാറ പൊട്ടിച്ച സ്ഥലമാണ് എക്കോ പാറയെന്ന് അറിയപ്പെടുന്നത്. സഞ്ചാരികളുടെ ഫോട്ടോ ഷൂട്ടിന്റെ പ്രധാന സ്ഥലം കൂടിയാണ് ഇന്ന് എക്കോ പാറ.
നോഹയുടെ പെട്ടകം ഉണ്ടാക്കിയ നിറംപല്ലി
സീസണാണെങ്കിൽ, വൃക്ഷങ്ങളിൽ പിണഞ്ഞുകിടക്കുന്ന മൂട്ടിപഴം കാണാം.
കുരങ്ങും പന്നികളും സർവസാധാരണമാണ്. അടുത്ത് പോകരുത്, ഏത് സമയവും ഇവ ആക്രമണകാരികളാവാം.
വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളും കരിങ്കുരങ്ങും ഗവിക്കടുത്ത് എത്താറാകുമ്പോൾ വൃക്ഷങ്ങളിൽ ഉണ്ടാവും. അപൂർവമായി കാണാനാകുന്ന നക്ഷത്ര ആമകളും പ്രത്യേക ഇനത്തിൽപെട്ട
ചിലന്തികളും ഇഴജന്തുക്കളും തുടങ്ങി കാഴ്ചയുടെ പെരുമഴയാണ് ഗവി സമ്മാനിക്കുന്നത്. നോഹയുടെ പെട്ടകം ഉണ്ടാക്കിയതായി കരുതുന്ന നിറംപല്ലി ഇനത്തിൽപെട്ട
വൃക്ഷം ഗവി തടാകത്തിനോടു ചേർന്ന് വനംവകുപ്പിന്റെ സംരക്ഷണയിൽ വളരുന്നുണ്ട്. ശ്രീലങ്കയിൽനിന്നു പുരധിവസിപ്പിച്ചവരാണ് ഗവിയുടെ നിലവിലുള്ള അവകാശികൾ.
ഏറെ ശ്രദ്ധയോടെയുള്ള നിരീക്ഷണത്തിലാകും ജീവജാലങ്ങൾ കണ്ണിൽപെടുക.
വാഹനത്തിനു പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം. പാമ്പുകൾ അടക്കമുള്ളവ ഉണ്ടാവും.
മയിലുകളുടെ കൂട്ടങ്ങളെ കക്കി കഴിയുമ്പോൾ കാണാം. ഗവിയിലുള്ള കളിസ്ഥലത്തിനോടു ചേർന്ന പ്രദേശത്താണ് പ്രധാനമായും ഇവയെ കാണാനാകുന്നത്.
കാട്ടുപോത്തുകളും കൂട്ടങ്ങളും സമീപ പുൽമേടുകളിൽ തീറ്റതിന്നുന്നുണ്ടാവും.
പുൽമേടുകളിലും നീർച്ചാലുകൾക്കു സമീപവും കാട്ടാനകളുടെ സാന്നിധ്യം പലപ്പോഴും ഉണ്ടാകും. അടുത്തുപോകാൻ ശ്രമിക്കരുത്.
യാത്രയിൽ ആനയെ കണ്ടാൽ ഇവ പോകുംവരെ വാഹനം നിർത്തിയിടണം. ഹോൺ മുഴക്കരുത്.
ഭാഗ്യമുണ്ടെങ്കിൽ സംഭരണിയിൽ കാട്ടാനകളുടെ നീരാട്ടവും കാണാനാകും. കക്കി–ഗവി റൂട്ടിൽ കാണുന്ന ഒറ്റക്കൊമ്പനും ഒരുപക്ഷേ റോഡിൽ ഉണ്ടാവും.
വഴിയിലുള്ള വെള്ളക്കെട്ടുകളിൽ ഇറങ്ങുകയോ പ്രധാന പാതവിട്ട് പോകാനോ ശ്രമിക്കരുത്. വെള്ളക്കെട്ടുകളിൽ നീർനായയുടെ സാന്നിധ്യം ഉണ്ടാവും.
മ്ലാവും കേഴയും തടാകങ്ങൾക്കു സമീപവും പുൽമേടുകളിലും നിന്ന് തീറ്റതിന്നുന്നതും കാണാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]