പത്തനംതിട്ട ∙ ജീവനക്കാർക്ക് ഓണത്തിനു ശമ്പളവും ബോണസും മറ്റ് ആനുകൂല്യങ്ങളും നൽകാൻ പണമില്ലാതെ ദേവസ്വം ബോർഡ് കടുത്ത പ്രതിസന്ധിയിൽ.
ക്ഷേത്രങ്ങളിലെ മുഴുവൻ കാണിക്കവഞ്ചികളും പൊട്ടിച്ച് പണം സെപ്റ്റംബർ 2ന് മുൻപ് അടയ്ക്കാൻ ദേവസ്വം മാനേജർമാർക്ക് അക്കൗണ്ട്സ് ഓഫിസറുടെ നിർദേശം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 1256 ക്ഷേത്രങ്ങളും 5500 ജീവനക്കാരുമാണുള്ളത്.
ഒരുമാസം ശമ്പളം കൊടുക്കാൻ 26 കോടി രൂപയാണ് വേണ്ടത്. അതിനു പുറമേ പെൻഷൻ വിതരണത്തിനായി 14 കോടിയും പങ്കാളിത്ത പെൻഷൻ വിഹിതം അടയ്ക്കാനായി ഒരു കോടിയും വേണം.
ഇതിനു പുറമേ വിവിധ ഓഫിസുകളുടെ പ്രവർത്തനം, വൈദ്യുതി, വെള്ളം ബില്ലുകൾ തുടങ്ങി മറ്റ് ആവശ്യങ്ങൾക്കായി 4 കോടി വേറെയും വേണം.
എല്ലാത്തിനും കൂടി 46 കോടി രൂപ വേണം. അതിനിടെയാണ് ഓണം എത്തിയത്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകുന്ന അതേനിരക്കിലാണു മറ്റ് ആനുകൂല്യങ്ങളും കൊടുക്കുന്നത്.
ഇതനുസരിച്ച് ഓണത്തിന് 3000 രൂപ ബോണസും 20,000 അഡ്വാൻസും നൽകണം. പണം ഇല്ലാത്തതിനാൽ ഇതിന്റെ പ്രഖ്യാപനം നീളുകയാണ്.
മുഴുവൻ പേർക്കും ഓണം അഡ്വാൻസും ബോണസും നൽകണമെങ്കിൽ കുറഞ്ഞത് 11.5 കോടി രൂപ വേണം.
സംസ്ഥാന ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത സെപ്റ്റംബർ ഒന്നിനു നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ സർക്കാർ ഉത്തരവിനു പിന്നാലെ ദേവസ്വം ബോർഡും അതേ പ്രഖ്യാപനം നടത്താറുണ്ട്.
എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ദേവസ്വം ബോർഡ് ക്ഷാമബത്ത പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. 3 വർഷത്തെ കുടിശിക കാരണം ടെൻഡറുകൾ എടുക്കാൻ കരാറുകാർ മടിക്കുകയാണ്.
ശബരിമല തീർഥാടന ഒരുക്കങ്ങളെയും ഇത് ബാധിക്കും. അതിനാൽ കരാറുകാരുടെ കുറച്ചു ബില്ലു പാസാക്കി നൽകാനാണ് ബോർഡിന്റെ തീരുമാനം.
ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനം ശബരിമലയിൽ നിന്നാണ്.
ചെട്ടികുളങ്ങര, ഏറ്റുമാനൂർ, മലയാലപ്പുഴ, തിരുവല്ലം, വൈക്കം, കൊട്ടാരക്കര തുടങ്ങി ഏതാനും ക്ഷേത്രങ്ങൾ മാത്രമാണ് വരുമാനമുള്ളത്. നിത്യപൂജയ്ക്കു പോലും വരുമാനം ഇല്ലാത്തവയാണ് കൂടുതലും.
ഈ സാഹചര്യത്തിലാണ് ഓണം ചെലവിനു പണം കണ്ടെത്താൻ എല്ലാ ക്ഷേത്രത്തിലെയും കാണിക്കവഞ്ചികളും കുടങ്ങളും പൊട്ടിച്ച് പണം എണ്ണി തിട്ടപ്പെടുത്തി വരവ് തുക നീക്കിയിരിപ്പു വയ്ക്കാതെ ദേവസ്വം ഫണ്ടിൽ അടയ്ക്കണമെന്ന് അക്കൗണ്ട്സ് ഓഫിസർ ഉത്തരവിട്ടത്. ഇതനുസരിച്ച് കാണിക്കവഞ്ചി പൊട്ടിച്ച് പണം അടയ്ക്കുന്ന തിരക്കിലാണ് ദേവസ്വം മാനേജർമാർ.
കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് ആഗോള അയ്യപ്പ സംഗമത്തിനായി ലക്ഷങ്ങൾ ചെലവിടുന്നത്. സ്പോൺസർമാർ വഴി ഇതിനുള്ള പണം കണ്ടെത്താനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]