ആലത്തൂർ ∙ ദേശീയപാത 544ൽ സ്വാതി ജംക്ഷനു സമീപം വാനൂരിൽ അടിപ്പാത നിർമിക്കാനുള്ള പദ്ധതി തയാറാക്കി നൽകാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്കു കെ.രാധാകൃഷ്ണൻ എംപി നിർദേശം നൽകി. പദ്ധതിക്ക് അംഗീകാരം ലഭിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കാണുമെന്നും എംപി പറഞ്ഞു.
ഇന്നലെ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. വാനൂരിലെ അടിപ്പാത ഉൾപ്പെടെ ദേശീയപാതയിലെ എല്ലാ പ്രവൃത്തികളും അടുത്ത വർഷം ഏപ്രിൽ അവസാനത്തോടെ മഴ തുടങ്ങുന്നതിനു മുൻപായി പൂർത്തിയാക്കണമെന്ന ആവശ്യവും എംപി മുന്നോട്ടുവച്ചു.
നിലവിലെ മേൽപ്പാലത്തിനു താഴെ ഉയരമുള്ള ഭാഗം നോക്കി അടിപ്പാത നിർമിച്ചാൽ നിലവിലെ ഡിപിആറിൽ മാറ്റം വരുത്താതെ പ്രശ്നം പരിഹരിക്കാനാകുമോയെന്ന കാര്യം പരിശോധിക്കണമെന്നു കെ.ഡി.പ്രസേനൻ എംഎൽഎ ആവശ്യപ്പെട്ടു.
അടുത്ത ദിവസം എംപിയുടെയും എംഎൽഎയുടെയും നേതൃത്വത്തിൽ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തു വീണ്ടും പരിശോധന നടത്തും. യോഗത്തിൽ കലക്ടർ എം.എസ്.മാധവിക്കുട്ടി, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ രജനി ബാബു, പഞ്ചായത്ത് അധ്യക്ഷ എ.ഷൈനി, തഹസിൽദാർ എ.ശരവണൻ, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ അൻസിൽ ഹസൻ, ജനകീയ സമിതി ചെയർമാൻ സി.ഉണ്ണിക്കൃഷ്ണൻ, കൺവീനർ എൻ.ഗിരീഷ് എന്നിവർ പങ്കെടുത്തു.
സ്വാതി ജംക്ഷനിൽ അടിപ്പാത നിർമിക്കുന്നതിനു വേണ്ടിയുള്ള കലുങ്കുകളുടെ നിർമാണത്തിനിടെ ദേശീയപാത കുറുകെ പൊളിച്ചതോടെയാണു വാനൂർ പ്രദേശം ഒറ്റപ്പെട്ടത്.
സർവീസ് റോഡ് ഗതാഗത യോഗ്യമാക്കിയശേഷം ദേശീയപാത പൊളിച്ചിരുന്നെങ്കിൽ പ്രതിസന്ധി രൂക്ഷമാകില്ലായിരുന്നു. ഇതു ജനപ്രതിനിധികളും ദേശീയപാത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
വാനൂരിൽ നിന്ന് ആലത്തൂരിലേക്കുള്ള റോഡും തടസ്സപ്പെട്ടതോടെ പ്രദേശവാസികൾക്ക് ആലത്തൂരിലെത്താൻ കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടതുണ്ട്. റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധം നാട്ടുകാർ നടത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]