
നെല്ലിയാമ്പതി∙ സംസ്ഥാനത്തു കാണപ്പെടുന്ന 4 ഇനം വേഴാമ്പലുകളുടെ സാന്നിധ്യം നെല്ലിയാമ്പതി മേഖലയിൽ ഉള്ളതായി പാലക്കാട് നാച്വറൽ ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറി ലിജോ പനങ്ങാടൻ. മലമുഴക്കിവേഴാമ്പൽ, കോഴിവേഴാമ്പൽ, നാട്ടുവേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ എന്നിവയുണ്ടെന്നു സൊസൈറ്റിയുടെ നിരീക്ഷണത്തിൽ വ്യക്തമായി.
വിവിധ അത്തിമര ഇനങ്ങളുടെ വിത്തുകൾ വ്യാപനം ചെയ്യാൻ സഹായിക്കുന്നതിനാൽ വേഴാമ്പലുകളെ വനത്തിലെ കർഷകരായാണ് കണക്കാക്കുന്നത്. ഈ കീസ്റ്റോൺ ഇനങ്ങൾ ഇല്ലെങ്കിൽ ആവാസ വ്യവസ്ഥ തകരാറിലാകും.
കുഞ്ഞുങ്ങളെ വളർത്താൻ എടുക്കുന്ന പരിശ്രമം കാട്ടിലെ മറ്റു പക്ഷികളെ അപേക്ഷിച്ച് കൂടുതലാണ്.
കൂറ്റൻ മരങ്ങളിലെ വലിയ പൊത്തുകളിലാണു കൂടു വയ്ക്കാറുള്ളത്. പത്തിരിപ്പൂ, മുളകുനാറി, ലൂബിക്ക, ആൽപ്പഴങ്ങൾ, കുളമാവ്, ആഫ്രിക്കൻ ഫ്രൂട്ട് തുടങ്ങിയവയാണ് ഭക്ഷണം.നെല്ലിയാമ്പതി മേഖലയിൽ ഏകദേശം 200 മലമുഴക്കി വേഴാമ്പലുകൾ ഉള്ളതായി കണക്കാക്കുന്നു.
ഇവ പറമ്പിക്കുളം, വാഴച്ചാൽ, അതിരപ്പള്ളി, വാൾപ്പാറ, മേഖലയിലേക്കും തിരിച്ചും ദേശാടനം നടത്താറുണ്ട്.
നെല്ലിയാമ്പതിയിൽ വേഴാമ്പലുകളെക്കുറിച്ചുള്ള ദീർഘകാല പഠനങ്ങൾ വളരെ കുറവാണ്. ഇതു പരിഹരിക്കാൻ സൊസൈറ്റിയും വനം വകുപ്പുമായി സഹകരിച്ചു നിരീക്ഷണ-സംരക്ഷണ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ലിജോ അറിയിച്ചു.
വേഴാമ്പലുകളുടെ ആവാസവ്യവസ്ഥ, ഭക്ഷണ രീതികൾ, ആരോഗ്യം, ഭീഷണി, സംരക്ഷണം എന്നിവ പഠനവിഷയമാക്കും. പദ്ധതിയുടെ ഭാഗമായി നെല്ലിയാമ്പതി, ആലത്തൂർ, കൊല്ലങ്കോട് റേഞ്ചുകളിൽ 3 ദിവസത്തെ നിരീക്ഷണം നടത്തിയിരുന്നു.
നിത്യഹരിത വനങ്ങൾ, അർധ നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ, തോട്ടങ്ങൾ, ജലസംഭരണികൾ ഉൾപ്പെടുത്തി 3 ദിവസങ്ങളിലായി 160 കിലോമീറ്ററിലെ 21 പാതകളിലൂടെ നടന്നാണ് സർവേ നടത്തിയത്.
മലമുഴക്കി വേഴാമ്പൽ, കോഴിവേഴാമ്പൽ, നാട്ടു വേഴാമ്പൽ എന്നിങ്ങനെ മൂന്നു വേഴാമ്പൽ ഇനങ്ങളെ തിരിച്ചറിഞ്ഞു. ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ വിജയാനന്ദന്റെ അനുമതിയോടെ നടത്തിയ സർവേ എസിഎഫ്.
ആർ.ശിവപ്രസാദ്, ഡിഎഫ്ഒ. പി.പ്രവീൺ എന്നിവരുടെ മേൽനോട്ടത്തിൽ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ പ്രവീൺ വേലായുധൻ, ലിജോ പനങ്ങാടൻ, സയ്യിദ് അൻവർ അലി എന്നിവരുടെ ഏകോപനം വഴിയായിരുന്നു സർവേ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]