
ആവശ്യക്കാർ വരൂ, ബാറ്ററി കാർ റെഡി: പ്ലാറ്റ്ഫോം യാത്രയ്ക്ക് പുതിയ സൗകര്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷൊർണൂർ ∙ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സ്റ്റേഷനുകളിലൊന്നായ ഷൊർണൂരിൽ ട്രെയിനിനടുത്തേക്കും ബോഗിക്ക് അടുത്തേക്കും എത്താൻ ഇനി പ്രയാസപ്പെടേണ്ട. ചെറിയ തുക നൽകി ബാറ്ററി കാറിൽ യാത്രചെയ്യാം. നിലവിൽ 2 ബാറ്ററി ഓപ്പറേറ്റഡ് കാറുകളാണ് എത്തിച്ചിരിക്കുന്നത്. ഒരെണ്ണംകൂടി ഉടൻ വരും. പ്ലാറ്റ്ഫോമിൽ ഒരു ഭാഗത്തു നിന്നു മറുഭാഗത്തേക്കു പോകാൻ മാത്രമല്ല, ഒരു പ്ലാറ്റ്ഫോമിൽ നിന്നു മറ്റൊരു പ്ലാറ്റ്ഫോമിലേക്കു പോകാനും ഇത് പ്രയോജനപ്പെടുത്താം. ഓരോ പ്ലാറ്റ്ഫോമിന്റെയും അവസാന ഭാഗത്ത് ട്രാക്കിനു കുറുകെ പൂട്ടുകട്ടകൾ പതിച്ച ഭാഗത്തു കൂടിയാണ് വാഹനം ട്രാക്ക് മറികടന്ന് മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് എത്തുക. ഗുഡ്സ് ട്രെയിനുകൾക്കു നീളം കൂടുതൽ ആയതിനാൽ ഇവ എത്തുന്ന സമയത്തു മാത്രം പ്ലാറ്റ്ഫോം മറികടന്നു പോകാൻ സാധിക്കില്ല.
യാത്രക്കാർക്ക് വാഹനത്തിൽ കയറുന്നതിനു പ്രത്യേകം ബുക്ക് ചെയ്യുകയോ ടിക്കറ്റെടുക്കുകയോ വേണ്ട. വാഹനത്തിന്റെ ഓപ്പറേറ്റർക്കു പണംനൽകിയാൽ മതിയാകും. ഒരു യാത്രക്കാരന് 20 രൂപയും ഒരു ബാഗിന് 10 രൂപയുമാണു നിരക്ക്.ടെൻഡർ പ്രകാരമുള്ള ഏജൻസിയാണ് 3 വർഷത്തേക്ക് ബാറ്ററി ഓപ്പറേറ്റഡ് കാർ ഓടിക്കാൻ ഷൊർണൂരിൽ കരാർ എടുത്തിരിക്കുന്നത്. പ്ലാറ്റ്ഫോമുകളിലെ കുഴിയും നവീകരണപ്രവൃത്തികളും വാഹനം ഓടിക്കാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും യാത്രക്കാർക്കു വലിയ ആശ്വാസമാണ്. ദിവസവും നൂറോളം യാത്രക്കാർ ഇപ്പോൾ തന്നെ ബാറ്ററി ഓപ്പറേറ്റഡ് കാർ ഉപയോഗിക്കുന്നുണ്ട്. നവീകരണപ്രവൃത്തികൾ കാരണം നടപ്പാലം പോലും കൃത്യമായി ഉപയോഗിക്കാനാകാത്ത സ്ഥിതിയുണ്ട്.