മീനാക്ഷിപുരം ∙ സർക്കാർപതിയിൽ നിന്നു സ്പിരിറ്റ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയും പിടിയിൽ. ഒന്നാം പ്രതി സിപിഎം പെരുമാട്ടി 2 ലോക്കൽ കമ്മിറ്റി സെക്രട്ടറി കന്നിമാരി മൂലത്തറ മുള്ളൻതോട് എൻ.ഹരിദാസ് (51), രണ്ടാം പ്രതി കന്നിമാരി ചെക് പോസ്റ്റിനു സമീപം താമസിക്കുന്ന ഉദയകുമാർ (46) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾ ഇന്നലെ ഉച്ചയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. മുൻപ് അറസ്റ്റിലായ മീനാക്ഷിപുരം സർക്കാർപതി സ്വദേശിയും തോപ്പുടമയുമായ കെ.കണ്ണയ്യൻ (56), ആലപ്പുഴ സ്വദേശി ബി.മനോജ് (43), തിരുവനന്തപുരം സ്വദേശി വി.വികാസ് (29), കന്യാകുമാരി സ്വദേശി സി.വാസവ് ചന്ദ്രൻ (30) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
പിടിയിലായ കെ.കണ്ണയ്യൻ കോൺഗ്രസ് പ്രവർത്തകനാണ്.
മീനാക്ഷിപുരം പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് കണ്ണയ്യന്റെ വീടിനോടു ചേർന്ന പറമ്പിലെ ഷെഡിൽ 36 കന്നാസുകളിലായി സൂക്ഷിച്ച 1260 ലീറ്റർ സ്പിരിറ്റ് പിടികൂടിയത്. ഹരിദാസും ഉദയകുമാറും ചേർന്നാണു സ്പിരിറ്റ് എത്തിച്ചതെന്ന കണ്ണയ്യന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതിചേർത്തത്.
അതേസമയം, കേസെടുത്ത വിവരം ലഭിച്ച പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
പ്രദേശത്തെ തോപ്പുകളിലെ കള്ളിൽ സ്പിരിറ്റ് കലർത്തി മറ്റു ജില്ലകളിലെ ഷാപ്പുകളിലേക്കു കയറ്റി അയയ്ക്കാനാണു സ്പിരിറ്റ് എത്തിച്ചതെന്ന് അറസ്റ്റിലായ ഹരിദാസ് മൊഴി നൽകിയതായി മീനാക്ഷിപുരം ഇൻസ്പെക്ടർ ഐ.ബി.ദീപു പറഞ്ഞു. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്നും വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
ഹരിദാസ് മേൽനോട്ടം വഹിക്കുന്ന മീനാക്ഷിപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള തോപ്പുകളിൽ നിന്നു കള്ളു കൊണ്ടുപോകുന്ന ഷാപ്പുകൾക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സ്പിരിറ്റ് കേസിൽ അറസ്റ്റിലായ ഹരിദാസിനെതിരെ പാർട്ടി ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഒരുതരത്തിലും പ്രതിയെ സംരക്ഷിക്കില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

