പുതുശ്ശേരി ∙ എലപ്പുള്ളിയിലെ നിർദിഷ്ട ബ്രൂവറിയുടെ കെട്ടിട
നിർമാണ ആവശ്യത്തിനു കഞ്ചിക്കോട്ടെ വാളയാർ–കോരയാർ പുഴയിൽ നിന്നു വെള്ളം നൽകാനുള്ള പുതുശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. സിപിഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്ത് നടത്തിയ ദുരൂഹ നീക്കമെന്ന് ആരോപിച്ച കോൺഗ്രസും ബിജെപിയും സമരത്തിലേക്കു കടന്നു.
ഒയേസിസ് കമ്പനി കെട്ടിട
നിർമാണത്തിനു പുഴകളിൽ നിന്നു ടാങ്കറിൽ വെള്ളം കൊണ്ടുപോകാൻ അനുമതി തേടി പുതുശ്ശേരി പഞ്ചായത്തിൽ രഹസ്യമായി കത്തു നൽകിയെന്നാണ് ആരോപണം. വലിയ വിവാദമായിട്ടും കമ്പനിയുടെ കത്ത് അജൻഡയിൽ ഉൾപ്പെടുത്തുന്നതിനു പകരം തപാൽ–കത്ത് എന്ന ഉപവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്.
ഈ മാസം 17 നാണ് കമ്പനി കത്തു നൽകിയിട്ടുള്ളത്.
അത് ഇതുവരെ പരസ്യപ്പെടുത്താൻ ഭരണസമിതി തയാറായില്ല. നിർമാണത്തിനാവശ്യമായ മുഴുവൻ വെള്ളവും ടാങ്കറിൽ ഇവിടെ നിന്നു കൊണ്ടുപോകാൻ അനുവദിക്കണമെന്നാണു കമ്പനി ആവശ്യം.
കഴിഞ്ഞ ദിവസം ചേർന്ന പുതുശ്ശേരി ഭരണസമിതി യോഗത്തിൽ കത്തു ചർച്ചയ്ക്കു വന്നതോടെ ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടായി. ഒടുവിൽ വോട്ടെടുപ്പിൽ ഭൂരിപക്ഷം കിട്ടിയതോടെ അനുമതി നൽകി.
എന്നാൽ നിരാക്ഷേപ പത്രമാണു നിലവിൽ നൽകിയതെന്നും ജലസേചന വകുപ്പിന്റേതാണ് അന്തിമ തീരുമാനമെന്നും പഞ്ചായത്ത് ഭരണസമിതി വാദിക്കുന്നു.
ഒയേസിസ് കമ്പനി നേരത്തേ ജലസേചന വകുപ്പിന്റെ അനുമതിക്കായി കത്തു നൽകിയിരുന്നു. അതിൽ പഞ്ചായത്തിന്റെ തീരുമാനം അറിയിക്കാനാണ് അപേക്ഷ നൽകിയിരുന്നതെന്നും ഭരണസമിതി പറയുന്നു.
ഒട്ടേറെ ജലസേചന പദ്ധതികളും ശുദ്ധജല പദ്ധതികളുമാണു കോരയാർ–വാളയാർ പുഴയിലുള്ളത്.
നിലവിൽ കെട്ടിട നിർമാണത്തിനു മാത്രമാണു വെള്ളം ആവശ്യപ്പെട്ടിട്ടുള്ളത്.
പതിയെ മദ്യനിർമാണത്തിനും ഇവിടെ നിന്നുള്ള ജലം ഉപയോഗപ്പെടുത്താനാകാം കമ്പനി നീക്കമെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
കാർഷികേതര ആവശ്യങ്ങൾക്കായി പുഴയിൽ നിന്നു വെള്ളമെടുക്കാൻ ഇതുവരെ പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല. വേനൽക്കാലത്ത് പുഴ വറ്റിയാൽ ശുദ്ധജലത്തിനു ടാങ്കർ വെള്ളമാണ് പഞ്ചായത്തിന് ആശ്രയം.
ഈ സാഹചര്യത്തിലാണ് മദ്യനിർമാണ കമ്പനിയുടെ കെട്ടിട നിർമാണ ആവശ്യത്തിനു പുഴ വെള്ളം നൽകാൻ പഞ്ചായത്ത് തീരുമാനിച്ചത്.
ഒരു തുള്ളി വെള്ളം കൊണ്ടുപോകാൻ അനുവദിക്കില്ല:ബിജെപി
പുതുശ്ശേരി ∙ ബ്രൂവറിക്കായി കോരയാർ–വാളയാർ പുഴയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കില്ലെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ.
എലപ്പുള്ളിയിലെ മദ്യനിർമാണ കമ്പനിക്കു പുതുശ്ശേരി പഞ്ചായത്തിലെ പുഴകളിൽ നിന്നു വെള്ളം നൽകാൻ തീരുമാനിച്ചതിനെതിരെ ബിജെപി പുതുശ്ശേരി മണ്ഡലം കമ്മിറ്റി പുതുശ്ശേരി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് കെ.ഗിരീഷ് ബാബു അധ്യക്ഷനായി. ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, പുതുശ്ശേരി പഞ്ചായത്ത് അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ എൻ.ഷൺമുഖൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് എം.സുരേഷ് കണ്ണൻ, സംസ്ഥാന കൗൺസിൽ അംഗം വി.ചിദംബരൻ, ജില്ലാ സെക്രട്ടറി സുമലത മുരളി, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി എസ്.ജയശ്രീ , വി.
സന്തോഷ്, എ.ശരത്ത്, വി.ശശി, ബി.മുരളി, എ.പി.മണി, സി.ജയറാം എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് ഉപരോധ സമരം ഇന്ന്
പുതുശ്ശേരി ∙ മദ്യക്കമ്പനിക്ക് കോരയാർ പുഴയിലെ ജലം നൽകാൻ തീരുമാനിച്ച പുതുശ്ശേരി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇന്നു രാവിലെ 8.30നു പുതുശ്ശേരി പഞ്ചായത്ത് ഉപരോധിച്ചു സമരം നടത്തുമെന്നു കോൺഗ്രസ് അറിയിച്ചു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.
കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ മുഖ്യാതിഥിയാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

