
വ്യവസായ ഇടനാഴിക്ക് കരുത്തേകാൻ ഐഐടി പാലക്കാടും ഒരുങ്ങുന്നു; സേവന സജ്ജമായി 140 വിദഗ്ധർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ നവീന ആശയങ്ങൾ രൂപപ്പെടുത്തിയും സാങ്കേതിക, ഗവേഷണ മേഖലകളിൽ സഹായങ്ങൾ നൽകിയും നിർദിഷ്ട വ്യവസായ ഇടനാഴിക്കുൾപ്പെടെ കരുത്തേകാൻ ആധുനിക സംവിധാനങ്ങളുമായി ഐഐടി പാലക്കാടും ഒരുങ്ങുന്നു. വ്യവസായ ഇടനാഴിയുടെ പ്രധാന കേന്ദ്രമായ കഞ്ചിക്കോട്ടാണ് ഐഐടി ക്യാംപസ് എന്നതു സംരംഭകർക്കു വലിയ നേട്ടമാണ്. സമയബന്ധിതമായും കൃത്യമായും വിദഗ്ധ സേവനം ലഭിക്കാൻ ഇതു സഹായിക്കും. ഐഐടിയുടെ ഭാഗമായി, സംസ്ഥാനത്തെ മുഴുവൻ വ്യവസായ മേഖലകൾക്കും ഉപകാരപ്പെടുന്ന വിധം ടെക്നിക്കൽ, ഇന്നവേഷൻ ആൻഡ് റിസർച് സെന്റർ ആരംഭിക്കാനുള്ള നടപടികളും പുരോഗതിയിലാണ്.
ഐഐടിക്കു സമീപം വ്യവസായ വകുപ്പിന്റെ സ്ഥലത്താണു പദ്ധതി ആരംഭിക്കുക. വ്യവസായ മേഖലയിൽ നിന്നുള്ള ആവശ്യമനുസരിച്ചു നിലവിൽ തന്നെ സേവനം നൽകിവരുന്നതായി ഐഐടി അധികൃതർ പറഞ്ഞു. അതിനായി കഞ്ചിക്കോട് ഇൻഡ്രസ്ട്രിയൽ ഫോറവുമായി (കിഫ്) ധാരണയുണ്ട്. കോയമ്പത്തൂരിലെ വ്യവസായികളുടെ സംഘടനയായ കൊഡീഷയും സഹായം തേടാറുണ്ട്.
വിവിധ വിഷയങ്ങളിലായി 140 വിദഗ്ധർ ഐഐടിയിലുള്ളതിനാൽ വ്യവസായങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ച് സേവനം ലഭ്യമാക്കാനാകും. നിലവിൽ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കു ചെറിയ തകരാറുകൾ പരിഹരിക്കാൻ കൂടുതൽ പണവും സമയവും ചെലവഴിക്കേണ്ട സ്ഥിതിയുണ്ട്. ഐഐടിയുടെ നേതൃത്വത്തിലുള്ള പുതിയ സംരംഭത്തിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. വിവിധ സാങ്കേതിക കാര്യങ്ങൾക്കു മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതും ഭാവിയിൽ ഇല്ലാതാകും.
ഇപ്പോൾ തന്നെ ജില്ലയ്ക്കകത്തും പുറത്തുമുള്ള പലരും വിവിധ രീതിയിൽ സ്ഥാപനത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. പരമ്പരാഗത രീതിയിലുള്ള വ്യവസായങ്ങൾ നവീകരിക്കാനും തകരാറുകൾ നിർണയിക്കാനും പുതിയ സാങ്കേതിക വിദ്യകൾ നടപ്പാക്കാനും ഐഐടിക്ക് സഹായിക്കാനാകും. ഇതിനായി തദ്ദേശസ്ഥാപനങ്ങളുമായും മാനേജ്മെന്റുകളുമായും ധാരണാപത്രം ഉണ്ടാക്കുന്നതു ഐഐടി പരിഗണിക്കുന്നുണ്ട്. സ്മോൾ ആൻഡ് മീഡിയം ഇൻഡസ്ട്രീസ്, മൈക്രോ സ്കെയിൽ ഇൻഡസ്ട്രീസ് എന്നിവയുടെ പ്രോത്സാഹനത്തിനു പ്രത്യേക പരിഗണന നൽകുന്നുണ്ട്.
ചെറുതും വലുതുമായ സാങ്കേതിക ഇടപെടലുകളും സേവനങ്ങളും ഉൾപ്പെടെ ഒറ്റ കേന്ദ്രത്തിൽ നിന്നു നൽകുന്ന സാഹചര്യം ഒരുക്കാനാണ് ഐഐടി ശ്രമിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുതിയ സംവിധാനങ്ങളും ആലോചനയിലുണ്ട്. വിവിധ വിഷയങ്ങളിൽ സേവനം ലഭ്യമാക്കാൻ ടെക്നോളജി ഒാഫ് ഹൈഹബ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നുണ്ട്. സഹായം വേണ്ട സ്ഥാപനങ്ങൾക്ക് അധികൃതരെ സമീപിക്കാം. അക്കാദമിക് ഗവേഷണത്തിന്റെ ഭാഗമായി സ്ഥാപനത്തിൽ ഇന്നവേഷൻ സെന്റർ നേരത്തേ തന്നെ സ്ഥാപിച്ചു.