പാലക്കാട് ∙ ഉച്ചനേരത്തെ വേവുന്ന ചൂടിലും തിങ്ങിനിറഞ്ഞ എൻഡിഎ പ്രവർത്തകരിൽ, ആവേശവും ആത്മവിശ്വാസവും നിറച്ചും തിരഞ്ഞെടുപ്പിനു ബിജെപിക്കും എൻഡിഎ മുന്നണിക്കും പുതിയ ഊർജം നൽകിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി. ജില്ലയിൽ ഇത്തവണ വലിയ മുന്നേറ്റം പാർട്ടി നേതൃത്വം അവകാശപ്പെടുന്നതിനിടെയാണു പ്രധാനമന്ത്രിയുടെ വരവ്.
ജില്ലയിലെ രാഷ്ട്രീയ, കാർഷിക, വ്യാവസായിക പ്രശ്നങ്ങൾ ഉയർത്തിയുള്ള അദ്ദേഹത്തിന്റെ പ്രസംഗവും ശ്രദ്ധേയമായി. ജില്ലയിലെ സാംസ്കാരിക കേന്ദ്രങ്ങളെ പരാമർശിച്ചും ആദരിച്ചും തുടങ്ങിയ പ്രസംഗത്തിൽ ജില്ലയിലെ പ്രധാന പ്രശ്നമായ നെൽക്കർഷക ദുരിതവും കർഷകരെ വിലയിടിച്ചുകാണുന്ന ഇടതു സർക്കാരിന്റെ നിലപാടും കടന്നുവന്നു.
പാർട്ടിയുടെ പ്രചാരണവിഷയങ്ങളിലൊന്നായ കോൺഗ്രസ് എംഎൽഎയ്ക്കെതിരെയുള്ള ആരോപണവും കഴിഞ്ഞദിവസം പാലക്കാട് നഗരസഭാകൗൺസിലർക്കെതിരെ ഉയർന്നുവന്ന കേസും സൂചിപ്പിച്ചു.
പ്രധാനമന്ത്രി 2.22നാണു വേദിയിലെത്തിയതെങ്കിലും രാവിലെ 11നു തന്നെ സദസ്സിലേക്ക് പ്രവർത്തകർ വന്നുതുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒന്നോടെ പന്തൽ നിറഞ്ഞു.
പിന്നീട് വന്നവരിൽ കുട്ടികളും സ്ത്രീകളും യുവാക്കളും ഉൾപ്പെടെ ചൂട് സഹിച്ച് വേദിയുടെ പരിസരത്തു നിലയുറപ്പിച്ചു.
ഇതിനിടെ എൻഡിഎയുടെ ജില്ലയിലെ 12 സ്ഥാനാർഥികളും എത്തി. ഹെലികോപ്റ്ററിന്റെ ശബ്ദം കേട്ടതോടെ പ്രവർത്തകർ നരേന്ദ്ര മോദിക്കു ജയ് വിളിച്ചു.
പ്രധാനമന്ത്രി വേദിയിലേക്ക് എത്തുന്നതായി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ അറിയിച്ചതോടെ കണ്ണേ, കരളേ മോദിജി എന്ന ശോഭ സുരേന്ദ്രന്റെ മുദ്രാവാക്യം സദസ്സ് ആവേശത്തോടെ എറ്റെടുത്തു. പ്രസംഗത്തിന്റെ തുടക്കത്തിൽ കേരളത്തിൽ പാർട്ടി വളരാൻ പ്രവർത്തകർ സഹിച്ച ത്യാഗം മോദി ഒാർമിച്ചു.
ഇടത്, യുഡിഎഫ് മുന്നണികളെ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ സദസ്സിൽ നിന്നു വൻ കരഘോഷം ഉയർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ഇ.ശ്രീധരനെ പാലക്കാട്ട് രണ്ടാം സ്ഥാനത്ത് എത്തിച്ച ജനത്തോട്, ഇത്തവണ ശോഭ സുരേന്ദ്രനെ വൻഭൂരിപക്ഷത്തിൽ ജയിപ്പിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.
മുഴുവൻ എൻഡിഎ സ്ഥാനാർഥികളുടെയും വിജയം ഉറപ്പാക്കാനും ആവശ്യപ്പെട്ടു.
ഒരു മണിക്കൂർ നീണ്ട പ്രസംഗം അവസാനിപ്പിക്കുന്നതിനു മുൻപ് വേദിയിൽ നിരയായി നിൽക്കാൻ അദ്ദേഹം സ്ഥാനാർഥികളോട് നിർദേശിച്ചു.
പിന്നെ അവർക്കൊപ്പം കൈകോർത്തു നിന്നു. പ്രസംഗം അവസാനിപ്പിച്ച് വീണ്ടും സ്ഥാനാർഥികൾക്കൊപ്പം നിന്നു പ്രധാനമന്ത്രി.
വേദിയിൽ അദ്ദേഹത്തിനു ചുറ്റും നേതാക്കളും, സ്ഥാനാർഥികളും ഒരു മിനിറ്റ് കൂടിനിന്നു. 3.25നാണു പ്രധാനമന്ത്രി വേദിവിട്ടത്.
കണക്കുകൂട്ടലുകൾ തെറ്റിച്ച് റാലിക്ക് കൂടുതൽ ആളുകളെത്തിയെന്ന് ബിജെപി ഈസ്റ്റ്, വെസ്റ്റ് ജില്ലാ പ്രസിഡന്റുമാരായ പ്രശാന്ത് ശിവൻ, പി.വേണുഗോപാലൻ എന്നിവർ പറഞ്ഞു.
സംസ്ഥാന ജനറൽസെക്രട്ടറി ശോഭ സുരേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സി.കൃഷ്ണകുമാർ, വി.ഉണ്ണിക്കൃഷ്ണൻ, എൻഡിഎ സംസ്ഥാന കോ–കൺവീനർ എ.എൻ.രാധാകൃഷ്ണൻ, സംസ്ഥാന സമിതി അംഗം ശ്രീപത്മനാഭൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ്, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ.പത്മനാഭൻ, പാർട്ടി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലൻ, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, 20 ട്വന്റി ചെയർമാൻ സാബുജേക്കബ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ്, നാഷനലിസ്റ്റ് കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ഹരിദാസ്, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് വി.വി.രാജേന്ദ്രൻ, കാമരാജ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ, എൻജെപി രാംവിലാസ് സംസ്ഥാന പ്രസിഡന്റ് അരുൺ വേലായുധൻ, ജനാധിപത്യ രാഷ്ട്രീയ സഭാനേതാവ് പി.ടി.കുമാരദാസ് തുടങ്ങിയവർ പങ്കെടുത്തു.
നെല്ലറയെ രക്ഷിക്കും: ഇതു മോദി ഗാരന്റി
പാലക്കാട് ∙ കേന്ദ്രം നെല്ലിന്റെ താങ്ങുവിലയിൽ വൻ വർധന വരുത്തിയപ്പോൾ സംസ്ഥാന സർക്കാർ തങ്ങളുടെ വിഹിതം കുറച്ച് കർഷകരെ കടത്തിൽ കുടുക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
കേരളത്തിൽ എൻഡിഎ സർക്കാർ വന്നാൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഇത് മോദിയുടെ ഗാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് കേരളത്തിന്റെ നെല്ലറയാണ്. കൃഷിക്കാരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ വിശേഷണം ലഭിച്ചത്.
നെല്ലിന്റെ സംഭരണവും വില വിതരണവും ഇവിടെ സ്ഥിരമായി വൈകുന്നത് മൂലം കർഷകർ സമരത്തിലാണ്. ആയിരക്കണക്കിനു കർഷകർ ബുദ്ധിമുട്ടുന്നു.
കൃഷിക്കാരുടെ പ്രതിസന്ധി പരിഹരിക്കാൻ ബിജെപി സർക്കാരിനെ കഴിയൂ. പിഎം കിസാൻ സമ്മാൻ നിധിയിലൂടെ ലക്ഷക്കണക്കിനു കൃഷിക്കാർക്ക് അക്കൗണ്ടിലേക്ക് നേരിട്ടു പണം ലഭിക്കുന്നു.
ഈ പദ്ധതി വഴി കേന്ദ്രം പാലക്കാട്ടെ കർഷകർക്ക് ഏതാണ്ട് 700 കോടിയിലധികം രൂപ നൽകി അവരുടെ ബാധ്യത കുറച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
ഹമാരാ പാലക്കാട്
ഹമാരാ പാലക്കാട്… പാലക്കാട് കേരളത്തിന്റെ പ്രവേശന കവാടമാണ്. പ്രകൃതിയുടെ അദ്ഭുതകരമായ സൗന്ദര്യം ഉണ്ടിവിടെ.
കേരളത്തിൽ പ്രാചീന ജീവിത സംസ്കാരമുണ്ട്. പാലക്കാട് പ്രതിഭകളുടെയും കഠിനാധ്വാനത്തിന്റെയും വലിയ കേന്ദ്രമാണ്.
ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, മന്നത്ത് പത്മനാഭൻ, മഹാത്മാ അയ്യങ്കാളി, വിശുദ്ധ ചാവറയച്ചൻ.. അങ്ങനെ വളരെയധികം മഹാത്മാക്കളുടെ ജന്മസ്ഥലമാണു കേരളം.
അവരെ പ്രണമിക്കുന്നു. ഈ പാവന ഭൂമിയെ നമസ്കരിക്കുന്നു.
കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമിയെ പ്രണമിച്ച്
പാലക്കാട് ∙ ‘മേം കൽപാത്തി ശ്രീ വിശാലാക്ഷി സമേത് ശ്രീ വിശ്വനാഥ് സ്വാമിജി കെ ചരണോം മേ പ്രണാമ് കർത്താ ഹും…, ജയ് കേരളം, ജയ് വികസിത് കേരളം… കേരളത്തിന്റെ പ്രിയപ്പെട്ട
സഹോദരങ്ങളേ വിനീതമായ നമസ്കാരം…’ ഈ വാക്കുകൾക്കു ശേഷം കൽപാത്തി ക്ഷേത്രത്തിന്റെ മഹത്വം പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. കൽപാത്തി ക്ഷേത്ര മഹത്വം പറയുമ്പോൾ സ്വാഭാവികമായും കാശിയെപ്പറ്റിയും അവിടത്തെ വിശേഷങ്ങളെപ്പറ്റിയും പറയും.
ഞാൻ കാശിയിൽ നിന്നുള്ള ലോക്സഭാംഗമാണ്. അതുകൊണ്ട് എനിക്കതു വളരെ വിശേഷപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാറി മാറി ഇടതും വലതും, വികസനം മാത്രം ഇല്ല
പാലക്കാട് മണ്ഡലത്തെ ഇതുവരെ പ്രതിനിധീകരിച്ചത് എൽഡിഎഫ്, യുഡിഎഫ് എംഎൽഎമാരാണ്.
എന്നിട്ടും വികസനം ഉണ്ടായില്ല. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെ പാലക്കാട് ഐഐടി വന്നു.
റെയിൽവേ സ്റ്റേഷൻ വികസിപ്പിച്ചു. പാലക്കാടിനായി സ്മാർട് ഇൻഡസ്ട്രിയൽ സിറ്റിയും നിർമിക്കാൻ പോകുന്നു.
ഇതിലൂടെ പാലക്കാട്ടെ യുവതയ്ക്ക് ജോലിക്കുള്ള പുതിയ അവസരം തുറക്കുകയാണ്. ബിജെപി വന്നാലേ വികസനം വരൂ.
ഇ.ശ്രീധരന്റെ തോൽവിയിൽ വിഷമിച്ചു
രാഷ്ട്രവും ലോകവും അഭിമാനമായി കാണുന്ന മെട്രോമാൻ ഇ.ശ്രീധരനെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പാലക്കാട്ടു നിന്നു മത്സരിപ്പിച്ചത്.
അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. ആ ഫലത്തിൽ ഞങ്ങൾ ഡൽഹിയിൽ ഇരുന്ന് എത്ര വിഷമിച്ചോ അത്രയും പാലക്കാട്ടുകാരും വിഷമിച്ചിരുന്നു.
ഇത്തവണ ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ള എൻഡിഎ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം കടക്കെണിയിലെന്ന് പ്രധാനമന്ത്രി
∙ കേരളം 5 ലക്ഷം കോടിയിലേറെ കടത്തിലാണ്. കേരളത്തിലെ യുവതയ്ക്കു തൊഴിലിനും പഠനത്തിനും നാടുവിടേണ്ടി വരുന്നു.
കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെയും പെൻഷന്റെയും കാര്യത്തിൽ ആശങ്കയാണ്. അടുത്ത മാസം കിട്ടുമോ എന്ന് ഉറപ്പില്ല.
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഡിഎയും ലീവ് സറണ്ടറും സംബന്ധിച്ചു കോൺഗ്രസ് ഇടതുപക്ഷത്തെ കുറ്റം പറയുന്നു. പക്ഷേ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാകെ അവസ്ഥ ഇതിലും മോശമാണ്.
കേരളത്തിലെ യുവാക്കളുടെ വിശ്വാസം എൻഡിഎയിലും ബിജെപിയിലുമാണ്. എൻഡിഎ സർക്കാർ കേരളത്തിന്റെ ദ്രുതഗതിയിലുള്ള വികസനം സാധ്യമാക്കും.
യുദ്ധത്തിലും കോൺഗ്രസിന് ദുഷ്ടചിന്ത
∙ പശ്ചിമേഷ്യയിൽ യുദ്ധം നടക്കുമ്പോഴും എങ്ങനെ മുതലെടുപ്പു നടത്താമെന്ന ദുഷ്ടചിന്തയാണു കോൺഗ്രസിനെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
കേരളത്തിൽ നിന്നുള്ളവർ ഉൾപ്പെടെ ഒരുകോടിയോളം പേർ ആ രാജ്യങ്ങളിലുണ്ട്. യുദ്ധം തുടങ്ങിയ ശേഷം ഈ രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരുമായി നിരന്തരം സമ്പർക്കത്തിലാണു കേന്ദ്രം.
വിദേശത്തുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ നമ്മുടെ നയതന്ത്ര കാര്യാലയങ്ങൾ രാവും പകലും ജോലിചെയ്യുന്നു. എന്നാൽ, കോൺഗ്രസ് ആഗ്രഹിക്കുന്നത് ഗൾഫിൽ ജോലി ചെയ്യുന്നവർ അപകടത്തിലാകണമെന്നാണ്.
അതിൽ നിന്നു രാഷ്ട്രീയലാഭം ഉണ്ടാക്കണമെന്നാണ് അവരുടെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.
അണ്ണാമലൈ എത്തിയില്ല
കോയമ്പത്തൂർ ∙ പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ പോകുന്നതിനായി കോയമ്പത്തൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ എത്തിയില്ല. ഇന്നലെ ഉച്ചയ്ക്ക് വ്യോമസേനയുടെ ബി 777 വിമാനത്തിലാണു പ്രധാനമന്ത്രി എത്തിയത്.
സ്വീകരിക്കാൻ 19 പേർക്കാണ് അനുമതി നൽകിയിരുന്നത്. മറ്റു 18 പേരും എത്തി.
വിമാനത്താവളത്തിൽ നിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അണ്ണാമലൈ വിട്ടുനിന്നത് ചർച്ചയായി. പാലക്കാട്ടേക്കു പുറപ്പെടാനായി വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററിൽ കയറുന്നതിനു മുൻപ് 5 മിനിറ്റാണ് പ്രധാനമന്ത്രി കോയമ്പത്തൂരിൽ ചെലവഴിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോയമ്പത്തൂരിൽ ബിജെപിക്കു കൂടുതൽ സീറ്റ് ലഭിക്കാത്തതും അനുയായികൾക്കു സീറ്റ് ഉറപ്പിക്കാൻ സാധിക്കാത്തതുമാണ് അണ്ണാമലൈയുടെ അമർഷത്തിനു പിന്നിലെന്നു കരുതുന്നു.
അദ്ദേഹം ആവശ്യപ്പെട്ട മണ്ഡലങ്ങൾ ലഭിക്കാത്തതും നീരസത്തിനു കാരണമായി.അതേസമയം, ശനിയാഴ്ച കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘവാലുവിനൊപ്പം വിമാനത്താവളത്തിനു സമീപമുള്ള ടെന്നിസ് കോർട്ടിൽ കളിക്കാനായി അണ്ണാമലൈ എത്തിയിരുന്നു.
അണ്ണാമലൈക്ക് പാസ് ലഭിച്ചിരുന്നുവെന്നും അദ്ദേഹം എന്തുകൊണ്ടാണ് വരാത്തതെന്ന് അറിയില്ലെന്നും പ്രധാനമന്ത്രിയെ യാത്രയാക്കി പുറത്തെത്തിയ വാനതി ശ്രീനിവാസൻ പ്രതികരിച്ചു.
അണ്ണാമലൈ എല്ലാവരുടെയും പ്രിയപ്പെട്ട സഹോദരനാണ്, ആർക്കാണു പദവി നൽകേണ്ടതെന്നു പാർട്ടി നേതൃത്വത്തിനു നന്നായി അറിയാം, വിജയസാധ്യതയുള്ള സ്ഥാനാർഥികൾക്കായിരിക്കും സീറ്റ് ലഭിക്കുകയെന്നും മഹിളാമോർച്ച ദേശീയ അധ്യക്ഷ കൂടിയായ വാനതി പറഞ്ഞു.
മികച്ച സുരക്ഷ ഒരുക്കി പൊലീസ്
പാലക്കാട് ∙ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ പ്രധാനമന്ത്രിക്കു മികച്ച സുരക്ഷയൊരുക്കി പൊലീസ്.
കനത്ത ചൂടായിരുന്നിട്ടും അതൊന്നും പൊലീസിന്റെ പ്രവർത്തനത്തെ ബാധിച്ചില്ല. ഒട്ടും താളപ്പിഴകൾ ഇല്ലാതെയായിരുന്നു പൊലീസിന്റെ സുരക്ഷാ നടപടികൾ.
പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള എസ്പിജിക്കു പുറമേ സംസ്ഥാന ഇന്റലിജൻസ് എഡിജിപി പി.വിജയൻ, ഐജി രാജ്പാൽ മീണ, ഡിഐജി യതീഷ് ചന്ദ്ര, ജില്ലാ പൊലീസ് മേധാവി അജിത്കുമാർ, എസ്പിമാരായ ആർ.വിശ്വനാഥ്, അശ്വതി ജിജി, ടി.കെ.സുബ്രഹ്മണ്യൻ, എം.കെ.കൃഷ്ണൻ, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം സേനാംഗങ്ങളാണു സുരക്ഷ ഒരുക്കിയത്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ നിയന്ത്രിച്ച് പൊലീസ് നഗരത്തിൽ സുഗമ ഗതാഗതം ഉറപ്പാക്കി.
മോദി എത്താനിരിക്കെ പന്തലിൽ ഷോർട് സർക്കീറ്റ്; ഉടൻ പരിഹരിച്ചു
പാലക്കാട് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തുന്നതിന് അരമണിക്കൂർ മുൻപു കോട്ടമൈതാനത്തെ പന്തലിന്റെ ഒരു ഭാഗത്തുണ്ടായ ഷോർട് സർക്കീറ്റ് ഉടൻ പരിഹരിച്ചു.
നേരിയ ശബ്ദം ഉയർന്ന ഉടനെ പാർട്ടി വൊളന്റിയർമാരും പൊലീസും സ്ഥലത്തെത്തി. ആംപ്ലിഫയറിലാണ് ഷോർട് സർക്കീറ്റ് ഉണ്ടായത്.
തുടർന്ന് മൈക്കിന്റെ ശബ്ദത്തിനു വ്യത്യാസം വന്നു. പിന്നീട് ടെക്നിഷ്യന്മാർ തകരാർ പരിശോധിച്ചു പരിഹരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

