മീനാക്ഷിപുരം ∙ തെങ്ങിൻതോപ്പിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 1260 ലീറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടിയ സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. തോപ്പ് ഉടമയുൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തു.
പ്രധാന പ്രതി ലോക്കൽ സെക്രട്ടറി എൻ.ഹരിദാസ് ഉൾപ്പെടെ 2 പേർ ഒളിവിലാണ്. ഹരിദാസിനെ സിപിഎം പുറത്താക്കി. 27നു വൈകിട്ട് മീനാക്ഷിപുരം സർക്കാർപതിയിലെ തെങ്ങിൻതോപ്പിൽ ചിറ്റൂർ ഡിവൈഎസ്പി പി.അബ്ദുൽ മുനീറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും മീനാക്ഷിപുരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 36 കന്നാസുകളിൽ സൂക്ഷിച്ച സ്പിരിറ്റ് പിടികൂടിയത്.
തോപ്പുടമ കെ.കണ്ണയ്യൻ (56), തമിഴ്നാട്ടിൽ നിന്നു സ്പിരിറ്റ് എത്തിച്ച കായംകുളം കാർത്തികപ്പള്ളിയിലെ ബി.മനോജ് (43), നെയ്യാറ്റിൻകര സ്വദേശി വി.വികാസ് (29), കന്യാകുമാരി ചെറുവള്ളൂർ സ്വദേശി സി.വാസവ് ചന്ദ്രൻ (30) എന്നിവരെ കുഴൽമന്ദത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.
കരിയിലക്കുളങ്ങരയിൽ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതും സ്പിരിറ്റ് കടത്തും ഉൾപ്പെടെ 4 കേസുകളിൽ പ്രതിയാണു മനോജ്. മറ്റു 3 പേർക്കെതിരെയും നേരത്തേ കേസുകളുണ്ട്.
4 പ്രതികളെയും ചിറ്റൂർ കോടതി റിമാൻഡ് ചെയ്തു.
സിപിഎം ലോക്കൽ സെക്രട്ടറി എൻ.ഹരിദാസ്, മറ്റൊരു പ്രതിയായ ഉദയകുമാർ എന്നിവർ ചേർന്നാണു തന്റെ വീട്ടിൽ സ്പിരിറ്റ് എത്തിച്ചതെന്നു കണ്ണയ്യൻ പൊലീസിന് മൊഴി നൽകി. ഹരിദാസിന്റെ വീട് പൊലീസ് പരിശോധിച്ചു.
തമിഴ്നാട്ടിൽ നിന്നു തോപ്പിൽ സ്പിരിറ്റ് എത്തിച്ചുവെന്ന വിവരത്തെത്തുടർന്ന് എക്സൈസും പരിശോധന നടത്തിയിരുന്നു. മീനാക്ഷിപുരം സിഐ ബി.ദീപു, എസ്ഐ വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
സ്പിരിറ്റ് ഗോവയിൽ നിന്ന്
മീനാക്ഷിപുരം ∙ ഗോവയിൽ നിന്നു തമിഴ്നാട് വഴിയാണു സ്പിരിറ്റ് എത്തിച്ചതെന്നാണു പ്രതികൾ പൊലീസിനു നൽകിയ വിവരം.
സ്പിരിറ്റ് വാഹനം കന്നിമാരി പാലത്തിനു സമീപം നിർത്തിയിടാനായിരുന്നു നിർദേശം. പിന്നീടു മറ്റൊരു സംഘമെത്തി വാഹനം കൊണ്ടുപോയി സ്പിരിറ്റ് രഹസ്യകേന്ദ്രത്തിലിറക്കി തിരികെ അതേ സ്ഥലത്തെത്തിച്ചു.
മീൻ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന, പിൻഭാഗം മൂടിക്കെട്ടിയ വാഹനത്തിലാണു സ്പിരിറ്റ് എത്തിച്ചത്. കള്ളുഷാപ്പുകളിലും ബാറുകളിലും സംഘം കുറച്ചു കാലമായി സ്പിരിറ്റ് എത്തിക്കുന്നതായാണു പൊലീസിനു ലഭിച്ച വിവരം.
ഹരിദാസ് തോപ്പുകളുടെ നടത്തിപ്പുകാരൻ
മീനാക്ഷിപുരം∙ സ്വന്തം തോപ്പിലും പാട്ടത്തിനെടുത്ത തോപ്പുകളിലും കള്ളു ചെത്തുന്നതിന്റെ മാനേജരാണു ഹരിദാസ് എന്നാണു വിവരം.
തോപ്പുകളിൽ നിന്നു കള്ളു കൊണ്ടു പോകുന്ന ഷാപ്പ് ലൈസൻസികൾ, എക്സൈസ് വകുപ്പ് എന്നിവരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ഇയാളാണ്.
തോപ്പുകളിൽ നിന്നു പ്രതിദിനം 2000 ലീറ്റർ ലീറ്റർ കള്ളു കൊണ്ടുപോകാൻ പെർമിറ്റുണ്ട് ഹരിദാസിന്റെ തോപ്പുകളിൽ നിന്നു മാവേലിക്കര, കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ 15 ഷാപ്പുകളിലേക്കാണു കള്ളു പോകുന്നത്. കടത്തുന്നതിൽ ഭൂരിഭാഗവും കലക്കുകള്ളാണെന്ന് ആരോപണമുണ്ട്.ചെത്ത് പേരിനു മാത്രമാണ്.
സിപിഎമ്മിലെ ചില പ്രധാന ജില്ലാ നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്.
പുറത്താക്കിയതായി സിപിഎം
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും പാർട്ടിക്കു പൊതുജനമധ്യത്തിൽ അവമതിപ്പും കളങ്കവും വരുത്തിയതിനും പെരുമാട്ടി–2 ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ഹരിദാസിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കിയതായി സിപിഎം ചിറ്റൂർ ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ശിവപ്രകാശ് അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

