
പല്ലശ്ശന ∙ ചാണകമിട്ടു മെഴുകിയ മുറ്റത്ത് ഓണത്തപ്പനെ (മാതോർ) വച്ചു പൊന്നോണത്തെ വരവേൽക്കുന്ന മലയാളിയുടെ വിശ്വാസത്തിനു ചരിത്രത്തോളം പഴക്കമുണ്ട്. പുതിയ കാലത്തു കോൺക്രീറ്റ് മുറ്റങ്ങൾ നിറഞ്ഞെങ്കിലും മാതോർ വയ്ക്കുന്ന കുടുംബങ്ങൾക്കു കുറവില്ല.
അരിമാവു കൊണ്ട് അണിഞ്ഞൊരുക്കുന്ന വീട്ടുമുറ്റത്തു പൂക്കൾ ചൂടിയാണു കളിമണ്ണു കൊണ്ടുണ്ടാക്കിയ പ്രത്യേക തളികയിൽ താഴികക്കുടങ്ങളോടു കൂടിയ മൂന്നു മാതോറും നാലു കുട്ടികളും വയ്ക്കുക.
ഓണത്തപ്പനെന്ന മാതോർ
ഓണപ്പൂക്കളത്തിനിടെയുള്ള അവിഭാജ്യ ഘടകമാണ് ഓണത്തപ്പനെന്ന മാതോർ. ആചാരങ്ങളിൽ വെള്ളം ചേർക്കാതെ ഓണാഘോഷത്തിന്റെ സങ്കൽപത്തിനൊപ്പം നീങ്ങുന്ന കുടുംബങ്ങൾ അരിമാവ് ഉപയോഗിച്ചു കോലമിട്ട
ശേഷം പൂക്കളാൽ അലങ്കരിച്ചു മാതോർ വയ്ക്കും.
വർഷത്തിലൊരിക്കൽ നാടു കാണാനെത്തുന്ന മഹാബലിയെ സ്വീകരിക്കാൻ വീട്ടിലെ പ്രായമായ സ്ത്രീകൾ വീട്ടിൽ മാവേലിരൂപം ഉണ്ടാക്കിയാണ് വച്ചിരുന്നത്. ഓണം വിപണിയുടെ ആഘോഷമായതോടെ ഇന്നു മാതോർ കടയിൽനിന്നു വാങ്ങേണ്ട
സ്ഥിതിയായി. മണ്ണിന്റെ ലഭ്യതക്കുറവും ഇവ നിർമിച്ചിരുന്ന തലമുറ കുടുംബങ്ങളിൽ നിന്ന് അന്യമായതുമാണ് ഇത്തരം അവസ്ഥയ്ക്കു കാരണമായത്.
മാതോർ വിപണിക്ക് തിരിച്ചടിയായി കളിമൺ ക്ഷാമം
വില കൊടുത്തു വാങ്ങിയ കളിമണ്ണു കുഴച്ചെടുത്ത് ഓണത്തപ്പന്റെ രൂപങ്ങളാക്കി മാറ്റിയ ശേഷം റെഡ് ഓക്സൈഡ് പൂശി കാവിനിറം നൽകും.
വെയിലത്തു ഉണക്കിയെടുത്ത മാതോർ തലച്ചുമടായി വിവിധ ഭാഗങ്ങളിൽ എത്തിച്ചും കടകളിലും വിൽപന നടത്തും. എന്നാൽ മണ്ണെടുക്കുന്നതിനു നിയന്ത്രണം വന്നതോടെ മാതോർ നിർമാണ തൊഴിലിലേർപ്പെട്ടിരുന്നവരും പ്രതിസന്ധിയിലാണ്.
വലിയ വില കൊടുത്തു വാങ്ങുന്ന മണ്ണു കൊണ്ടുണ്ടാക്കുന്ന ഓണത്തപ്പനു ചെറിയ വില മാത്രമാണു ലഭിക്കുന്നതെന്നു പല്ലശ്ശനക്കാർ പറയുന്നു.
താഴികക്കുടങ്ങളോടു കൂടിയ മൂന്നു മാതോറും നാലു കുട്ടികളും അടങ്ങിയ ഒരു സെറ്റിന് 250 – 350 രൂപ വരെയാണു വില. സൂപ്പർ മാർക്കറ്റുകളിലേക്ക് എത്തുമ്പോൾ ഇതിന്റെ വില അഞ്ഞൂറിലേറെയാകും.
മണ്ണുകൊണ്ടുണ്ടാക്കിയ മാതോറിന്റെ ഭാരം കാരണം പരമാവധി ഒരു ദിവസത്തേക്ക് ആറു സെറ്റ് മാത്രമാണു തലയിൽ ചുമടായി കൊണ്ടുനടന്നു വിൽപന നടത്താൻ കഴിയുകയെന്നു കുടുംബങ്ങൾ പറയുന്നു. തുച്ഛമായ ലാഭമാണെങ്കിലും ഓണക്കാലത്ത് മണ്ണു കൊണ്ടുണ്ടാക്കി വിൽപന നടത്തുന്നതു മുടക്കാൻ മനസ്സില്ലാത്തവരുണ്ട്.
മറ്റുള്ള സമയങ്ങളിൽ പാത്രം, പൂച്ചട്ടി, ദോശക്കല്ല് ഉൾപ്പെടെയുള്ളവ നിർമിച്ചാണ് ഇൗ കുടുംബങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]