കടമ്പഴിപ്പുറം ∙ അപൂർവയിനം രക്താർബുദം ബാധിച്ചതിനെ തുടർന്ന് ചെലവേറിയ ഇമ്യൂണോ തെറപ്പി ആവശ്യമായി വന്ന 8 വയസ്സുകാരൻ കാർത്തികേയനെ രക്ഷിക്കാൻ നടന്ന ജനകീയ കാരുണ്യ വിപ്ലവത്തിനു സുമനസ്സുകളുടെ സഹായ പ്രവാഹം. പുലാപ്പറ്റ കോണിക്കഴി മുണ്ടൊള്ളി വീട്ടിൽ മണികണ്ഠന്റെ മകൻ കാർത്തികേയൻ ജീവിതത്തിലേക്ക് തിരികെ എത്താൻ നാടൊന്നാകെ കൈകോർത്തതു സമാനതകളില്ലാത്ത കനിവിന്റെ സ്നേഹ സ്പർശമായി.
വീടുകൾ തോറും നടത്തിയ ബക്കറ്റ് പിരിവിൽ 48,80245 ലക്ഷം രൂപ സമാഹരിച്ചു.
മൂന്ന് ആഴ്ചകളായി കുട്ടിയുടെ ചികിത്സയ്ക്കായുള്ള ഫണ്ട് സമാഹരണം തുടങ്ങിയിട്ട്. ഇന്നലെ വരെ ലഭിച്ച തുക 2 കോടി കവിഞ്ഞു.
പെരിങ്ങോട്ടുകുറുശ്ശി ദയാ ചാരിറ്റബിൾ ട്രസ്റ്റും കടമ്പഴിപ്പുറം പഞ്ചായത്തും ചേർന്നാണ് കാരുണ്യ വിപ്ലവം സംഘടിപ്പിച്ചത്. കാർത്തികേയൻ ഒരു വർഷമായി രക്താർബുദം ആയ മെറ്റാസ്റ്റാറ്റിക് ന്യൂറോ ബ്ലാസ്റ്റോമ ബാധിച്ച് കൊച്ചി സ്വകാര്യ ആശുപത്രി ചികിത്സയിലാണ്.
ഇമ്യൂണോ തെറപ്പി ചെയ്താൽ മാത്രമേ ജീവൻ നില നിർത്താൻ കഴിയൂ എന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. 91 സ്ക്വാഡുകൾ സീൽ ചെയ്ത ബക്കറ്റുകളുമായി കടമ്പഴിപ്പുറം പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറിയിറങ്ങി പണം ശേഖരിച്ചു.
6 മണിക്കൂർ നീണ്ട കാരുണ്യ വിപ്ലവം സ്നേഹത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി.
ബക്കറ്റ് പിരിവ് കഴിഞ്ഞ സ്ക്വാഡുകൾ സീൽഡ് ബക്കറ്റ് പൊളിച്ച് പണം എണ്ണം തിട്ടപ്പെടുത്തി കാഷ് കൗണ്ടറിൽ നൽകി രസീത് വാങ്ങുന്ന വിധത്തിലായിരുന്നു കർമ പരിപാടി.
കാരുണ്യ പ്രവർത്തനത്തിനു കക്ഷി രാഷ്ട്രീയ, ജാതിമതഭേദമെന്യേ മുഴുവൻ ജനങ്ങളും സഹകരിച്ചു. ഉദ്ഘാടനം പ്രചോദക പ്രഭാഷകൻ ഫിലിപ്പ് മമ്പാട് നിർവഹിച്ചു.
ദയ ട്രസ്റ്റ് സ്ഥാപകൻ ഇ.ബി.രമേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അധ്യക്ഷ എം.കെ.ബീന, ദയ ജനറൽ കൺവീനർ ശങ്കർ ജി.
കോങ്ങാട്, ഷൈനി രമേഷ്, ജോജോ പൂമരത്തിങ്കൽ, മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന സമാപനം സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു.
സമാഹരിച്ച തുക പുലാപ്പറ്റ അർബൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി സെക്രട്ടറി കെ.ജയശങ്കറിനു കൈമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

