പാലക്കാട് ∙ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തെ ‘സ്റ്റേഡിയമാക്കി’ വീണ്ടെടുക്കാനും ഒപ്പം പാലക്കാടിനെ ദക്ഷിണേന്ത്യയിലെ സ്പോർട്സ് ഹബ് ആക്കി മാറ്റാനും പദ്ധതിയുമായി പാലക്കാട് നഗരസഭ. ഇതിനായി കായിക മേഖലയിലെ വിദഗ്ധരുടെ യോഗം ഉടൻ വിളിക്കും.
പാലക്കാടിന്റെയും കേരളത്തിന്റെയും കായിക ആവശ്യം കണ്ടറിഞ്ഞുള്ള വികസന പദ്ധതി ആരാഞ്ഞാണു യോഗം. തുടർന്ന് ഇതുകൂടി ഉൾപ്പെടുത്തി വിശദ പദ്ധതി തയാറാക്കി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള ഫണ്ട് സാധ്യത അടക്കം ആരായും.
പാലക്കാട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാർ 40 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ജില്ലാ സ്റ്റേഡിയം പദ്ധതി ഇവിടെ നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. ലാഭവിഹിതവും സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശവും പാലക്കാട് നഗരസഭയ്ക്ക് അനുവദിച്ചാൽ പദ്ധതി നടപ്പാക്കാമെന്നു നഗരസഭ സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് അധ്യക്ഷൻ പി.സ്മിതേഷ് പറഞ്ഞു. അതേസമയം നഗരസഭ പദ്ധതിക്കു തടസ്സം നിൽക്കുന്നതായാണു സർക്കാരിന്റെ ആരോപണം.
സംസ്ഥാന സർക്കാർ സഹകരിച്ചില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് നഗരസഭാധ്യക്ഷൻ പി.സ്മിതേഷ് പറഞ്ഞു.
ഇന്ദിരാഗാന്ധി സ്റ്റേഡിയം ഈ വിധം നശിപ്പിക്കരുതെന്നും മുൻപ് ഒരുപാട് ഫുട്ബോൾ ടൂർണമെന്റുകൾ നടന്ന മൈതാനമാണെന്നും പാലക്കാട് നഗരസഭ യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.വിപുലമായ മൈതാനം, കളിക്കാർക്കു പരിശീലനം, സ്പോർട്സ് ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കൽ, കായികതാരങ്ങൾക്കും പരിശീലകർക്കും താമസസൗകര്യം ഉൾപ്പെടെയുള്ള വിപുലമായ സ്പോർട്സ് ഹബ് പദ്ധതിയാണു പരിഗണിക്കുന്നത്. പാലക്കാട് നഗരമധ്യത്തിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇന്ദിരാഗാന്ധി സ്റ്റേഡിയം പതിറ്റാണ്ടുകളായി നശിച്ചുകിടക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

