
കൂറ്റനാട് ∙ തൃശൂർ, പാലക്കാട് ജില്ലകളിൽ കുടിവെള്ളം എത്തിക്കുന്ന പാവറട്ടി കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടൽ നിത്യസംഭവമായി. ഗുരുവായൂർ കൂറ്റനാട് പാതയോരത്തു കൂടെ പോകുന്ന പദ്ധതിയുടെ പ്രധാന ഭൂഗർഭ പൈപ്പിലെ തകരാറുകളാണു നാട്ടുകാർക്കു ദുരിതമായിരിക്കുന്നത്.
ഭാരതപ്പുഴയിൽ നിന്നു തൃശൂർ ജില്ലയിലെ രണ്ടു നഗരസഭകളിലേക്കും തൃത്താല മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്കുമാണു പദ്ധതിയിലൂടെ വെള്ളം എത്തിക്കുന്നത്. ഭൂമിക്ക് അടിയിലുള്ള പൈപ്പിന്റെ കാലപ്പഴക്കമാണു പൈപ്പ് തകരാൻ പ്രധാന കാരണമായി പറയുന്നത്.
ഇന്നലെ രാവിലെ 11നു കൂറ്റനാട് ചാലിശ്ശേരി പാതയിൽ പദ്ധതിയുടെ പ്രധാന പൈപ്പിനു തകരാർ സംഭവിച്ച് ആയിരക്കണക്കിന് ലീറ്റർ വെള്ളമാണു പാഴായത്.
2020 കാലഘട്ടത്തിൽ കൂറ്റനാട് ഗുരുവായൂർ പാതയിൽ ജില്ലാ അതിർത്തിയിൽ പുതിയഞ്ചേരിക്കാവ് പാലത്തിനു സമീപം വലിയ പൈപ്പ് പൊട്ടി ഒരു മാസത്തോളം പ്രദേശത്തെ കുടിവെള്ളം മുടങ്ങിയിരുന്നു. പിന്നീട് തുടർന്നുള്ള കാലങ്ങളിൽ ചെറിയ രീതിയിലുള്ള തകർച്ചയിൽ പാതയോരത്തു പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
2022 ഡിസംബറിലാണു കൂറ്റനാട് ടൗണിലെ വലിയ പൈപ്പുപൊട്ടൽ ഉണ്ടായത്.
700 എംഎം വിസ്തൃതിയുള്ള കാസ്റ്റഡ് അയൺ പൈപ്പ് പൊട്ടി ടൗണിൽ തൃത്താല റോഡിലെ ബസ് കാത്തിരിപ്പു കേന്ദ്രം ഒലിച്ചുപോകുന്ന സംഭവം ഉണ്ടായിട്ടുണ്ട്. പൈപ്പ് പൊട്ടി ടൗണിലുള്ള കടകളിലേക്കു വെള്ളം കയറുകയും ചെയ്തിരുന്നു.
ഭൂമിക്ക് അടിയിലുള്ള വലിയ പൈപ്പുകളിലെ സമ്മർദ്ദവും കാലപ്പഴക്കവുമാണ് ഇടക്കിടെ ഉണ്ടാകുന്ന തകരാറുകൾക്ക് കാരണമെന്നാണ് ഉദ്ധ്യേഗസ്ഥർ പറയുന്നത്. പൈപ്പിലെ തകരാറുകൾ കാരണം വെള്ളം കുത്തിയിലൊച്ചു റോഡിനു തകരാനും കാരണമായിട്ടുണ്ട്. കൂറ്റനാട് പട്ടാമ്പി റോഡ് നവീകരണം നടത്തുന്നതിൽ പാതയോരത്തു കൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പുകളും മാറ്റി സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]