അലനല്ലൂർ∙ അന്ന് കുഞ്ഞു മനസ്സ് പതറാതെ മുഹമ്മദ് സിദാൻ നടത്തിയ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു. ആ മനഃസമാധാനത്തിനു ലഭിച്ച അംഗീകാരം ഇന്നലെ മുഹമ്മദ് സിദാൻ രാഷ്ട്രപതിയിൽ നിന്നു സ്വീകരിച്ചപ്പോഴാണു സിദാനും തന്റെ ഒരു നിമിഷത്തെ ഇടപെടലിന്റെ വില അറിഞ്ഞത്.
കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സിദാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അവസരോചിതമായി ഇടപെട്ടതു കാരണം കൂട്ടുകാരായ രണ്ടു പേരാണു ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. മകൻ രാഷ്ട്രപതിയുടെ പക്കൽ നിന്ന് അവാർഡ് വാങ്ങുന്നത് ഉമ്മയും അമ്മൂമ്മയും സഹോദരങ്ങളും മൊബൈൽ ഫോണിലൂടെ തൽസമയം കണ്ടെങ്കിലും മതിവരാതെ പിന്നീട് എത്ര തവണ കണ്ടു എന്ന് അവർക്കു പോലും അറിയില്ല.
കഴിഞ്ഞ വർഷം ഡിസംബർ 18 നു രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകാനായി വീടിനടുത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സ്കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് സുഹൃത്ത് മുഹമ്മദ് റാജിഹ് അപകടത്തിൽപെട്ടത്. പ്ലാസ്റ്റിക് ബോട്ടിൽ തട്ടിക്കളിക്കുന്നതിനിടെ ബോട്ടിൽ തൊട്ടടുത്ത പറമ്പിലേക്കു വീഴുകയായിരുന്നു.
ഇത് എടുക്കാനായി മതിലിൽ കയറി പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ കാൽ വഴുതിയതോടെ തൊട്ടുള്ള ഇലക്ട്രിക് പോസ്റ്റിലെ ഫ്യൂസ് കരിയറിന്റെ ഇടയിൽ കൈ കുടുങ്ങി. മറ്റേ കൈ ഉപയോഗിച്ച് കൈ വലിക്കാൻ ശ്രമിച്ചതോടെ ഷോക്കേൽക്കുകയും ചെയ്തു.
താഴേക്കു തൂങ്ങിക്കിടന്ന് പിടയുന്നത് കണ്ട് മറ്റൊരു കൂട്ടുകാരൻ ഷഹജാസ് റാജിഹിന്റെ കാലിൽ പിടിച്ച് വലിക്കാൻ ശ്രമിച്ചതോടെയാണ് ഷഹജാസിനും ചെറിയ തോതിൽ ഷോക്കേറ്റത്.
ഇതു കണ്ട് സമയം ഒട്ടും പാഴാക്കാതെ സിദാൻ തൊട്ടടുത്തു കണ്ട കമ്പ് എടുത്ത് റാജിഹിനെ അടിച്ച് വീഴ്ത്തിയാണു അപകടത്തിൽ നിന്നു രക്ഷപ്പെടുത്തിയത്. സിദാൻ അവസരോചിതമായി ഇടപെട്ടിരുന്നില്ലെങ്കിൽ മറ്റു രണ്ടു പേർക്കും അപകടം സംഭവിക്കുമായിരുന്നു.
കോട്ടോപ്പാടം കൊടുവാളിപ്പുറത്തെ കല്ലായത്ത് വീട്ടിൽ ഉമ്മർ ഫാറൂഖിന്റെയും ഫാത്തിമത്ത് സുഹ്റയുടെയും മകനാണ് മുഹമ്മദ് സിദാൻ(11). വീട്ടിൽ മുൻപ് ഉണ്ടായ അപകടത്തിൽ നിന്നാണ് ഷോക്കേറ്റാൽ ഉണങ്ങിയ വടി കൊണ്ട് അടിക്കണമെന്ന അറിവു കിട്ടിയത്. അന്ന് മന്ത്രി വി.ശിവൻകുട്ടി ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും സ്കൂൾ അധികൃതരും പാലക്കാട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും സിദാനെയും സുഹൃത്ത് ഷഹജാസിനെയും ആദരിക്കുകയും ചെയ്തിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

