
ഒറ്റപ്പാലം∙ മൂന്നര മാസത്തിനിടെ 5 തവണ സംസ്ഥാന സർക്കാർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം! മാസങ്ങളായി ‘ഭാഗ്യം’ തലോടുന്നത് ഒറ്റപ്പാലത്തെയാണെന്നാണ് ലോട്ടറി ഫലങ്ങൾ സൂചിപ്പിക്കുന്നത്.
നഗരത്തിലെ ഒരേ ഏജൻസി വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിക്കുന്നത് അഞ്ചാം തവണ. ഇന്നലെ നറുക്കെടുത്ത ‘സ്ത്രീശക്തി’ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒറ്റപ്പാലത്തെ ഏജൻസി വിറ്റ ടിക്കറ്റിനായിരുന്നു.
വി.രാജൻ ലോട്ടറി ഏജൻസിയിൽ നിന്നു ചുനങ്ങാട് മുരുക്കുംപറ്റ സ്വദേശിയായ വിൽപനക്കാരൻ കെ.പി.ഹരിദാസൻ വിറ്റ ടിക്കറ്റിനാണു സമ്മാനം.
വിജയിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഉടമ വി.രാജൻ പറഞ്ഞു. SL-345939 എന്ന ടിക്കറ്റിനാണു സമ്മാനം. മേയ് 8നു നറുക്കെടുത്ത ‘കാരുണ്യ പ്ലസ്’ ടിക്കറ്റിന്റെ ഒന്നാം സമ്മാനമാണ് ആദ്യം ഒറ്റപ്പാലത്തേക്കെത്തുന്നത്.
പിറ്റേന്നു നറുക്കെടുത്ത ‘സുവർണ കേരളം’ ഭാഗ്യക്കുറി വിജയിയും ഇതേ ഏജൻസി വിറ്റ ടിക്കറ്റ് വാങ്ങിയ വ്യക്തിയായിരുന്നു. ജൂലൈ 28നു ‘ഭാഗ്യതാര’ നറുക്കെടുപ്പിലൂടെ ഏജൻസിക്ക് ഹാട്രിക് നേട്ടം.
കഴിഞ്ഞ ചൊവ്വാഴ്ച നറുക്കെടുത്തതും ഇന്നലത്തെയും സ്ത്രീശക്തിക്കു സമ്മാനം ലഭിച്ചതും ഇതേ ഏജൻസിയുടെ ടിക്കറ്റിന്.
ഇന്നലത്തേത് ഉൾപ്പെടെ 3 തവണ വിൽപനക്കാർ കൊണ്ടുപോയി വിറ്റ ടിക്കറ്റിനും 2 തവണ കടയിൽ നിന്നു നേരിട്ടു വിറ്റ ടിക്കറ്റിനുമായിരുന്നു ഒന്നാം സമ്മാനം.
5 മിനിറ്റിൽ ഹരിദാസന് നഷ്ടമായത് ഒരു കോടി
ടിക്കറ്റ് വിൽപനക്കാരൻ കെ.പി.ഹരിദാസനിൽ നിന്ന് ഒരു കോടി പോയത് വെറും 5 മിനിറ്റ് വ്യത്യാസത്തിൽ. ഇന്നലെ ഉച്ചകഴിഞ്ഞു 3നു നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ്, ചുനങ്ങാട് മുരുക്കുംപറ്റ സ്വദേശിയായ ഹരിദാസൻ വിറ്റതു 2.55ന്.
നറുക്കെടുപ്പു നടപടികൾ തുടങ്ങുമ്പോൾ പോലും ഒരു കോടിയുടെ അവകാശി ഹരിദാസൻ ആയിരുന്നു. 2.55ന് ഒറ്റപ്പാലം മായന്നൂർപ്പാലം പരിസരത്താണ് ഹരിദാസൻ ടിക്കറ്റ് വിറ്റത്. വാങ്ങിയയാളെ മുൻപരിചയമില്ല.
സമയം 3 പിന്നിട്ടു ഫലം പ്രസിദ്ധീകരിച്ചപ്പോഴാണു നിമിഷങ്ങൾക്കു മുൻപു താൻ വിറ്റ ടിക്കറ്റിനാണു സമ്മാനമെന്നു തിരിച്ചറിയുന്നത്. ഒന്നാം സമ്മാനമായ ഒരു കോടി കൈവിട്ടെങ്കിലും സമ്മാനാർഹമായ ടിക്കറ്റ് വിറ്റതിന്റെ പ്രതിഫലം ഹരിദാസന് ഉറപ്പ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]