
ദേശീയപാതയിൽ റോഡ് ഇടിഞ്ഞ സംഭവം: ഗതാഗതം പുനരാരംഭിക്കാൻ വേണ്ടത് 3 ആഴ്ച സമയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലത്തൂർ∙ ദേശീയപാത 544 ൽ സ്വാതിജംക്ഷനും കുമ്പളക്കോടിനും ഇടയിൽ റോഡ് ഇടിഞ്ഞു താഴ്ന്ന ഭാഗത്ത് പണി പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാൻ 3 ആഴ്ച വേണ്ടിവരുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. കലുങ്ക് നിർമാണം പൂർത്തിയാക്കിയ ശേഷമാണ് റോഡിന്റെ ഭാഗം പുനർനിർമിക്കുന്നത്. അതിനു ശേഷമേ റോഡ് തുറന്നു കൊടുക്കു. പാലക്കാട്–തൃശൂർ ദിശയിലെ ട്രാക്കിലാണ് കഴിഞ്ഞ ദിവസം ടാറിളകി റോഡിൽ ഗർത്തം രൂപപ്പെട്ടത്. തുടർന്ന് റോഡ് ഇടിഞ്ഞു താഴുകയായിരുന്നു.ഇടിഞ്ഞ ഭാഗം 16 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും പൊളിച്ചു നീക്കിയാണ് പുനർനിർമിക്കുന്നത്.
അഴുക്കുചാലിന്റെയും കലുങ്കിന്റെയും പണി പൂർത്തിയായ ശേഷമാണ് റോഡ് നിർമിക്കുക. സ്വാതിജംക്ഷനിൽ അടിപ്പാത നിർമിക്കുന്നതിനു വേണ്ടിയാണ് വെള്ളം ഒഴുകിപോകുന്നതിനായി ചാലിന്റെ പണി നടന്നു കൊണ്ടിരുന്നത്. ദേശീയപാതയ്ക്കു കുറുകെയായിരുന്നു ചാൽ നിർമാണം. ആദ്യം തൃശൂർ–പാലക്കാട് ദിശയിലെ പാതയുടെ അടിയിലായിരുന്നു നിർമാണം ആരംഭിച്ചത്. ഏകദേശം പണി പൂർത്തിയായി. തുടർന്ന് പാലക്കാട്–തൃശൂർ ദിശയിലെ പാതയിൽ പണി തുടങ്ങാനിരിക്കെയാണ് ആദ്യത്തെ അഴുക്കുചാലിനു വേണ്ടി കോൺക്രീറ്റ് ചെയ്തപ്പോൾ ഉണ്ടായ വിടവിലേക്ക് മണ്ണിടിഞ്ഞ് പാലക്കാട്–തൃശൂർ പാതയിൽ വിള്ളൽ ഉണ്ടായത്.