വടക്കഞ്ചേരി∙ ടൗണിൽ ജയഭാരത് തിയറ്ററിന് മുൻപിലുള്ള ആയക്കാട് സ്കൂൾ ഗ്രൗണ്ട് കളിസ്ഥലമായി നിലനിർത്തണമെന്ന് പി.പി.സുമോദ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം ആവശ്യപ്പെട്ടു. 1941 മുതൽ 84 വർഷമായി സ്കൂൾ, പഞ്ചായത്ത് ആവശ്യങ്ങൾക്കും പ്രദേശത്തുള്ളവർക്കു കായിക പരിശീലനത്തിനും പ്രഭാത നടത്തത്തിനുമാണ് ഗ്രൗണ്ട് ഉപയോഗിക്കുന്നത്.
എന്നാൽ കളിസ്ഥലം സ്വകാര്യ സ്ഥാപനത്തിനു വിൽപന നടത്തിയതായി അറിയിപ്പ് വന്നതോടെ പ്രദേശവാസികളും വിവിധ രാഷ്ട്രീയ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. സ്കൂൾ ഗ്രൗണ്ട് ആധാരത്തിൽ നിലമാക്കി മാറ്റി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ സ്ഥലം വാങ്ങിയവർ എത്തിയപ്പോഴാണ് നാട്ടുകാരും ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് സംഘടനകളും പ്രതിഷേധവുമായി എത്തിയത്.
ഗ്രൗണ്ടിൽ രാവിലെയും വൈകിട്ടും പരിശീലനങ്ങൾ നടക്കുന്നുണ്ട്.
പഞ്ചായത്ത് കേരളോത്സവം കായികമേളയും ജില്ലാ സ്കൂൾ കായികമേളയും ഇവിടെ നടത്തിയിട്ടുണ്ട്. സ്കൂളും ഗ്രൗണ്ടും തമ്മിൽ അര കിലോമീറ്റർ വ്യത്യാസമുണ്ട്.
2017ൽ പുതിയ മാനേജ്മെന്റ് സ്കൂൾ വാങ്ങി. എന്നാൽ മുൻ സ്കൂൾ മാനേജ്മെന്റിലെ ചിലർ കളി സ്ഥലം ഈട് നൽകി സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിൽനിന്ന് വായ്പ എടുത്തിരുന്നു.
ഇത് തിരിച്ചടയ്ക്കാതായതോടെ സ്ഥാപനം സ്ഥലം എഴുതി വാങ്ങുകയായിരുന്നു. എന്നാൽ 84 വർഷമായി സ്കൂൾ ഗ്രൗണ്ടായി പൊതുജനങ്ങൾ ഉൾപ്പെടെ ഉപയോഗിക്കുന്ന സ്ഥലം മറ്റൊരു കാര്യത്തിനും നൽകില്ലെന്ന് കായിക പ്രേമികൾ നിലപാടെടുത്തു.
ഇതോടെ കോടതിയിൽ പോയി സ്ഥലം തങ്ങളുടേതാണെന്ന് പണമിടപാട് സ്ഥാപനം സ്ഥാപിച്ചു.
എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വിധി വാങ്ങിയതെന്ന് സ്കൂൾ പിടിഎ കമ്മിറ്റി ആരോപിച്ചു. സ്കൂൾ ഗ്രൗണ്ട് എന്ന് ആധാരത്തിൽ ഉള്ളതായും സ്കൂൾ ഹയർസെക്കൻഡറി ആക്കാൻ അനുമതിക്ക് അപേക്ഷിച്ചപ്പോഴും സ്കൂൾ കളിസ്ഥലമായി രേഖയിൽ കാണിച്ചത് ഈ സ്ഥലമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
2019 ൽ ഗ്രൗണ്ടിൽ കുഴികൾ എടുക്കാൻ വന്നവരെ നാട്ടുകാർ തടഞ്ഞിരുന്നു. പിന്നീട് തർക്കത്തിൽ കിടന്ന സ്ഥലത്തിന് ഹൈക്കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായതായി അവകാശപ്പെട്ടാണ് സ്ഥലം വേലികെട്ടി തിരിക്കാനായി ഇന്നലെ സ്ഥലം ഉടമകൾ എത്തിയത്.
എന്നാൽ നാട്ടുകാർ തടഞ്ഞതോടെ പൊലീസ് ഇടപെട്ടെങ്കിലും ഇരു വിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല.
തുടർന്നാണ് ഇന്നലെ വൈകിട്ട് എംഎൽഎ സർവകക്ഷി യോഗം വിളിച്ചത്. സ്കൂൾ മാനേജ്മെന്റും പിടിഎ കമ്മിറ്റിയും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സ്ഥലം വാങ്ങിയവരുടെ പ്രതിനിധികളും പൊലീസ് അധികാരികളും യോഗത്തിൽ പങ്കെടുത്തു.
തൽസ്ഥിതി തുടരാനും സ്ഥലം ഉടമകളുമായി തുടർ ചർച്ച നടത്താനും യോഗത്തിൽ തീരുമാനിച്ചു. സ്കൂൾ ഗ്രൗണ്ടിന് പുറമെ വടക്കഞ്ചേരി പഞ്ചായത്ത് കളിസ്ഥലമായും ഇത് ഉപയോഗിക്കാമോ എന്നും പരിശോധിക്കുമെന്ന് എംഎൽഎ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]