
മെഡിക്കൽ കോളജ്: കർശന നിർദേശം നൽകി മന്ത്രി; രണ്ടാഴ്ചയ്ക്കകം കെട്ടിടം കൈമാറണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙എന്തു പറഞ്ഞാലും ‘നോ ’ എന്ന വാക്ക് പറയുന്ന നിലപാട് ഗവ.മെഡിക്കൽ കോളജിന്റെ നിർമാണത്തിൽ ഉണ്ടാകരുതെന്ന് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കർശന നിർദേശം നൽകി മന്ത്രി ഒ.ആർ.കേളു. നിർമാണത്തിൽ വീഴ്ച വരുത്തുന്ന കരാറുകാരനെ ഇനി പുറത്താക്കും. വിദ്യാർഥികൾക്കു മാത്രമല്ല ഡോക്ടർമാർക്കും ജീവനക്കാർക്കുമെല്ലാം അച്ചടക്കം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. മൂന്നു മണിക്കൂർ മെഡിക്കൽ കോളജിൽ ചെലവഴിച്ച അദ്ദേഹം മൊബൈൽ ഫോണിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിലാണു രാത്രി നിർമാണപുരോഗതി വിലയിരുത്തിയത്.നിർമാണം പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കകം കെട്ടിടങ്ങൾ മെഡിക്കൽ കോളജിനു കൈമാറണമെന്നു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകി. പ്രവൃത്തികൾ വൈകിപ്പിക്കുന്നതിൽ മരാമത്ത് ഉദ്യോഗസ്ഥരെയും കരാറുകാരെയും മന്ത്രി ശാസിച്ചു.
മെഡിക്കൽ കോളജിനു കെട്ടിടം കൈമാറേണ്ട സമയം അതിക്രമിച്ചിട്ടും നടപടിയില്ലാത്തത് എന്തെന്നു മന്ത്രി ചോദിച്ചു. നാലു തവണയിൽ കൂടുതൽ സമയം നീട്ടി നൽകിയിട്ടുണ്ട്. ഇനി സമയം അനുവദിക്കാൻ കഴിയില്ല. പ്രവൃത്തികളുടെ പുരോഗതി എല്ലാ ദിവസവും നോഡൽ ഓഫിസറായ ഒറ്റപ്പാലം സബ് കലക്ടറെ അറിയിക്കണം. മോർച്ചറിയുടെ നിർമാണം തടസ്സപ്പെട്ടു കിടന്നതു പുരോഗമിക്കുന്നു. ഡ്രെയ്നേജ്, റോഡുകൾ എന്നിവയും പൂർത്തിയാക്കും. 5,6,7 ബ്ലോക്കുകളുടെ നിർമാണമാണു പുരോഗമിക്കുന്നത്.കരാറുകാരുടെ ഭാഗത്തു വലിയ വീഴ്ചയുണ്ട്. സമയത്തിനു പ്രവൃത്തികൾ പൂർത്തിയാകുന്നില്ല. കരാറുകാർ അവരുടെ പ്രതിസന്ധി പറയുകയാണ്. അവ പരിഹരിക്കാൻ ഇടപെടൽ ഉണ്ടാകും. മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടാകുമ്പോൾ താൻ നേരിട്ട് ഇടപെട്ടു പ്രശ്നം പരിഹരിക്കും. ഡോക്ടർമാരും ജീവനക്കാരും മെഡിക്കൽ കോളജിന്റെ കാര്യത്തിൽ കൂടുതൽ താൽപര്യമെടുക്കണം. കിടത്തിച്ചികിത്സ കൂട്ടണമെന്നും മന്ത്രി പറഞ്ഞു.
ചെലവാക്കിയത് 800 കോടിയോളം
മെഡിക്കൽ കോളജിനായി പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടിൽ നിന്ന് 800 കോടി രൂപയോളം രൂപ ഇതുവരെ ചെലവാക്കിയതായി മന്ത്രി.പട്ടികജാതി വകുപ്പിനു കീഴിലായതുകൊണ്ടു ഫണ്ടിന്റെ പ്രശ്നമുണ്ട്. ഇതിനെ ആരോഗ്യ വകുപ്പിനു കീഴിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചന ഉണ്ടായിരുന്നു. പക്ഷേ നിലവിൽ പട്ടികജാതി വിഭാഗക്കാരായ കുട്ടികൾക്കു ലഭിക്കുന്ന സംവരണം കുറയും.പാലക്കാട് മെഡിക്കൽ കോളജിനെ സംസ്ഥാനത്തെ ഏറ്റവും മികച്ചതാക്കി മാറ്റും. അതിനു പ്രതീക്ഷയുണ്ട്. അത്രയും ആധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഭാവിയിൽ വേണ്ട കന്റീൻ, മെഡിക്കൽ സ്റ്റോർ, ഡെന്റൽ വിഭാഗം എന്നിവ ആരംഭിക്കും.
അച്ചടക്കം വേണം
മെഡിക്കൽ കോളജിലെ ജീവനക്കാർ അച്ചടക്കം പാലിക്കണമെന്നു മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളജിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കൃത്യമായി ജോലി ചെയ്യുന്നില്ലെന്ന പരാതിയെ തുടർന്നാണു നിർദേശം. ജീവനക്കാരുടെ ഭാഗത്തു വീഴ്ചയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു നിർദേശങ്ങൾ
∙ സിടി സ്കാൻ യന്ത്രം ഉൾപ്പെടെ സാമഗ്രികൾ വാങ്ങാൻ സമർപ്പിച്ചിട്ടുള്ള 23 കോടി രൂപയുടെ പദ്ധതിക്കു വൈകാതെ അനുമതി നൽകും.∙ അത്യാഹിത വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ കൂടുതൽ ഫണ്ട് അനുവദിക്കും. അത്യാഹിത വിഭാഗം നിലവിൽ പറ്റാവുന്ന രീതിയിൽ നന്നായി പ്രവർത്തിപ്പിക്കണം∙ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവു നികത്താൻ വീണ്ടും കൂടിക്കാഴ്ച നടത്തണം. കൂടുതൽ ശമ്പള പാക്കേജിന്റെ കാര്യം പരിഗണിക്കും.