പാലക്കാട് ∙ വേനൽച്ചൂടിന് ആശ്വാസമായെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ വിയർക്കുകയാണു ജില്ലയുടെ വിവിധ മേഖലകളിലെ നെൽക്കർഷകർ. കൊയ്തെടുത്ത നെല്ലെല്ലാം വേനൽമഴയിൽ നനഞ്ഞും നശിച്ചും തുടങ്ങിയതോടെ കർഷകർ ദുരിതത്തിൽ.
ഒറ്റപ്പാലം ചുനങ്ങാട് മുട്ടിപ്പാലത്തു കൊയ്തെടുത്തു ചാക്കുകളിലായി പാടശേഖരത്തിൽ സൂക്ഷിച്ച 30 ടണ്ണോളം നെല്ല് മഴ നനഞ്ഞു. തൃത്താല ബ്ലോക്കിലെ തിരുമിറ്റക്കോട്, തൃത്താല, നാഗലശ്ശേരി, ചാലിശ്ശേരി, പരുതൂർ അടക്കമുള്ള പഞ്ചായത്തുകളിൽ കൊയ്തെടുത്ത് നെൽപാടത്തു സൂക്ഷിച്ചിരുന്ന നെല്ലും കഴിഞ്ഞദിവസം പെയ്ത മഴയിൽ നനഞ്ഞു.
അകത്തേത്തറ ധോണി പാടശേഖരത്തിൽ വേനൽമഴയിൽ നനഞ്ഞ നെല്ല് മുളപൊട്ടി നശിച്ചുതുടങ്ങി. ഇവിടെ ജനുവരിയിൽ കൊയ്ത്തു കഴിഞ്ഞതാണ്.
നെല്ലെടുക്കാനുള്ള രസീതും നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒന്നര മാസമായി ജില്ലയിലെ നെല്ലുസംഭരണം സർക്കാർ നീട്ടിക്കൊണ്ടുപോയതാണ് ഇപ്പോഴത്തെ ദുരിതത്തിനു കാരണം. ജനുവരി ഒന്നിനു രണ്ടാംവിള നെല്ലെടുപ്പ് ആരംഭിക്കേണ്ടതാണെങ്കിലും ജില്ലയിൽ സഹകരണസംഘങ്ങൾ മുഖേനയാണോ അതോ പതിവു രീതിയിലാണോ നെല്ലെടുക്കേണ്ടത് എന്നതിൽ സർക്കാർ ഫെബ്രുവരി പകുതി വരെ തീരുമാനം നീട്ടി.
തീരുമാനിച്ച ശേഷവും പല തവണ വീണ്ടും തിരുത്തലുണ്ടായി. ഇതോടെ ജനുവരി ഒന്നു മുതൽ ഫെബ്രുവരി 15 വരെയുള്ള നെല്ലു സംഭരണം നീണ്ടു.
ഇക്കാലയളവിൽ കൊയ്തു വച്ച നെല്ലും ഇപ്പോൾ കൊയ്യുന്ന നെല്ലുമെല്ലാം ഒരേസമയം സംഭരിക്കേണ്ട
സ്ഥിതിയാണ്. ഇതിനാവശ്യമായ ഉദ്യോഗസ്ഥ സംവിധാനം ഇപ്പോഴും സപ്ലൈകോയ്ക്ക് ഇല്ല.
വേണ്ടത്ര ഉദ്യോഗസ്ഥരെയും ലഭ്യമാക്കിയിട്ടില്ല. ഇതെല്ലാം നെല്ലു പാടത്തു കെട്ടിക്കിടക്കുന്നതിനു കാരണമാകുന്നു.
ഇതിനിടെയാണു തുടർച്ചയായ ദിവസങ്ങളിൽ ശക്തമായ വേനൽ മഴ ലഭിക്കുന്നത്. ഇതിനിടെ നെല്ലു നനഞ്ഞെന്ന പേരിൽ മില്ലുകൾ കർഷകരോടു വൻതോതിൽ കിഴിവ് ആവശ്യപ്പെടുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
മാർച്ച് ആദ്യത്തോടെ പാലക്കാട്, ആലത്തൂർ, ചിറ്റൂർ താലൂക്കുകളിൽ കൊയ്ത്ത് സജീവമാകും. അപ്പോഴും വേനൽമഴ തുടർന്നാൽ നെല്ലു സംഭരണം കടുത്ത പ്രതിസന്ധിയിലാകും.
ഉടൻ നെല്ലുവിലയെന്ന ഉറപ്പും പാഴാകുന്നു
∙ സപ്ലൈകോ മില്ലുകൾ മുഖേന നെല്ലെടുത്ത് പിആർഎസ് നൽകി ആ പിആർഎസ് സഹകരണ ബാങ്കിൽ ഹാജരാക്കിയാൽ ഉടൻ കർഷകർക്കു നെല്ലുവില ലഭിക്കുമെന്ന പ്രഖ്യാപനവും നടപ്പാക്കിത്തുടങ്ങിയില്ല.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ വ്യക്തമായ മാർഗനിർദേശം പുറത്തിറക്കാത്തതാണു കാരണം. ഇതേത്തുടർന്നു സപ്ലൈകോ പിആർഎസും നൽകിത്തുടങ്ങിയിട്ടില്ല.
പാടത്ത് ചാക്കിലാക്കി ടൺ കണക്കിനു നെല്ല്
ഒറ്റപ്പാലം ∙ നെല്ലുസംഭരണം വൈകുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ കനത്ത വേനൽമഴ കർഷകർക്കു കണ്ണീരായി.
ഒറ്റപ്പാലം ചുനങ്ങാട് മുട്ടിപ്പാലത്തു കൊയ്തെടുത്തു ചാക്കുകളിലായി പാടശേഖരത്തിൽ സൂക്ഷിച്ച ടൺ കണക്കിനു നെല്ല് നനഞ്ഞു നാശത്തിന്റെ വക്കിലായി. മുട്ടിപ്പാലം മഞ്ഞളാടിപ്പടി പാടശേഖരത്തിലാണു പ്രതിസന്ധി.
30 ഏക്കറോളം വരുന്ന പാടത്തു നിന്നു കൊയ്തെടുത്ത 30 ടണ്ണോളം നെല്ല് നശിക്കുമെന്ന ആശങ്കയിലാണു കർഷകർ. എട്ടോളം കർഷകരാണു പ്രതിസന്ധിയിലുള്ളത്.
കർഷകർ ഏറെയും പാട്ടത്തിനെടുത്തു വിളവിറക്കിയവരാണ്.
നെല്ല് കൂട്ടിയിട്ടിരിക്കുന്ന പാടത്ത് എലി, പെരുച്ചാഴി ശല്യവും രൂക്ഷം. ഇത്തവണ താരതമ്യേന മികച്ച വിളവു ലഭിച്ചെങ്കിലും സംഭരണം വൈകിയതു തിരിച്ചടിയായി.
കഴിഞ്ഞ മാസം അവസാനം കൊയ്തെടുത്ത നെല്ലാണു ചാക്കുകളിലാക്കി സൂക്ഷിച്ചിട്ടുള്ളത്. സംഭരണ ചുമതല ഏറ്റെടുത്ത മില്ലുകാർക്ക് നെല്ലെടുക്കാനുള്ള സൗകര്യം പരിഗണിച്ചാണിത്.
പലരും വീടുകളിലെത്തിച്ചു സുരക്ഷിതമായി സൂക്ഷിച്ചിരുന്ന നെല്ലാണു മില്ലുകാർ ഉടൻ കൊണ്ടുപോകുമെന്നു കരുതി പാടത്തേക്കു തിരിച്ചു കൊണ്ടുവന്നത്. പിന്നാലെയായിരുന്നു കനത്ത വേനൽ മഴ.
നെല്ല് ഉടൻ കൊണ്ടുപോകുമെന്നാണു സപ്ലൈകോ അറിയിക്കുന്നതെങ്കിലും വാക്കു പാഴാകുന്നതായാണു കർഷകരുടെ പരാതി.
തൃത്താലയിലും പ്രതിസന്ധി
കൂറ്റനാട് ∙ സംഭരണം വൈകുന്നതിനിടെ, വേനൽമഴയിൽ നെല്ലുനനഞ്ഞ് തൃത്താല മേഖലയിലും പ്രതിസന്ധി. ഡിസംബർ മാസത്തിൽ കൊയ്തെടുത്ത നെല്ലുചാക്കുകൾ അടക്കം പാടങ്ങളിൽ കൂട്ടിയിട്ട
നിലയിലാണ്. തൃത്താല ബ്ലോക്കിലെ തിരുമിറ്റക്കോട്, തൃത്താല, നാഗലശ്ശേരി, ചാലിശ്ശേരി, പരുതൂർ അടക്കമുള്ള പഞ്ചായത്തുകളിലെ പാടങ്ങളിൽ കൊയ്ത് പാടത്തുതന്നെ സൂക്ഷിച്ചിരുന്ന നെല്ലാണു മഴയിൽ നനഞ്ഞത്.
മേഖലയിൽ നെല്ല് സംഭരിച്ചു സൂക്ഷിക്കാൻ സർക്കാർ മേഖലയിൽ സംഭരണ കേന്ദ്രം വേണമെന്ന കർഷകരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
തിരുമറ്റക്കോട് പഞ്ചായത്തിൽ ഒഴുവത്ര, ചാത്തന്നൂർ, തിരുമിറ്റക്കോട്, അകിലാണം, വെള്ളടിക്കുന്ന് എന്നിവിടങ്ങളിൽ ജനുവരി ആദ്യ ആഴ്ചയിൽ കൊയ്ത്തുകഴിത്തതാണ്. നെല്ലിൽ ഏറിയ പങ്കും നെൽപാടത്തുതന്നെ ചാക്കിൽ സൂക്ഷിച്ച അവസ്ഥയിലാണ്.
സംഭരണവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ പാടശേഖര സമിതികൾക്കു ലഭിച്ചിട്ടില്ലെന്നാണു കർഷകർ പറയുന്നത്.
നെല്ല് എടുക്കുന്നതിനായുള്ള പാസുകൾക്ക് ജനുവരിയിൽ തന്നെ അപേക്ഷകൊടുത്ത് കർഷകർ കാത്തിരിപ്പിലാണ്. തിരുമിറ്റക്കോട് പഞ്ചായത്തിൽ രായമംഗലം, ഒഴുവത്ര പാടശേഖരങ്ങളിലെ ചാക്കിൽ സൂക്ഷിച്ചിരുന്ന ഉണങ്ങിയ നെല്ല് മഴയിൽ കുതിർന്നു.
കഴിഞ്ഞ ദിവസം നെല്ലു നോക്കാനായി എത്തിയ മില്ലുടമകൾ വളരെ കുറഞ്ഞ വിലയാണു കർഷകരോട് പറഞ്ഞത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

