തച്ചമ്പാറ ∙ മാച്ചാംതോട് ചെന്തണ്ട് ജനവാസ മേഖലയ്ക്കു സമീപം വനംവകുപ്പു സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. 5 വയസ്സ് പ്രായമുള്ള ആൺപുലിയാണു കെണിയിൽപെട്ടത് .
ഇന്നലെ രാവിലെ ആറു മണിയോടെ റബർ ടാപ്പിങ് തൊഴിലാളിയാണു പുലി കുടുങ്ങിയതായി കണ്ടത്.വെള്ളിയാഴ്ച വീട്ടിൽ കെട്ടിയിട്ടിരുന്ന കാളക്കുട്ടിയെ പുലി കൊന്നിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണു വനം വകുപ്പ് വനാതിർത്തിയോടു ചേർന്നു കൂടു സ്ഥാപിച്ചത്. ഒട്ടേറെപ്പേർ പുലിയെ കാണാനെത്തിയതോടെ വളരെപ്പെട്ടെന്നു കൂടു വാഹനത്തിൽ കയറ്റി.
റേഞ്ച് ഓഫിസർ ഇംറാസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ ഓഫിസിൽ എത്തിച്ചു. വൈദ്യ പരിശോധനകൾക്കു ശേഷം ഉൾക്കാട്ടിൽ തുറന്നുവിടും.
ചെന്തണ്ട് ഈറ്റത്തോട്ടിൽ വീട്ടിൽ റെജി സെബാസ്റ്റ്യന്റെ എട്ടു മാസമായ കാളക്കുട്ടിയെയാണു പുലി പാതി ഭക്ഷിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഒരു മാസം മുൻപു സമീപപ്രദേശമായ വാക്കോടനിൽ നിന്ന് ഒരു പുലിയെ വനംവകുപ്പ് കൂടുവച്ചു പിടികൂടി ശിരുവാണിയിലെ കേരളമേട് ഭാഗത്ത് ഉൾവനത്തിൽ വിട്ടിരുന്നു.
ഡിവിഷൻ ഓഫിസിൽ എത്തിച്ച പുലിയെ വെറ്ററിനറി ഡോക്ടർ കെ.ഡേവിഡിന്റെ നേതൃത്വത്തിൽ പരിശോധിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി.
പുലിക്കു പരുക്കുകളില്ല. പ്രത്യേക നിരീക്ഷണത്തിനു ശേഷമേ പുലിയെ കാട്ടിൽ കൊണ്ടുപോയി വിടൂ എന്നു വനം ഉദ്യോഗസ്ഥർ പറഞ്ഞു. കെഎഫ്ഡിസി ചെയർമാൻ റസാഖ് മൗലവി, തച്ചമ്പാറ പഞ്ചായത്ത് അധ്യക്ഷ മേരി ജോസഫ്, വാർഡ് അംഗം പ്രകാശ് തോമസ് എന്നിവർ സ്ഥലത്തെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

