പാലക്കാട് ∙ ദിനോസറുകൾക്കും മുൻപുള്ള മരം കണ്ടിട്ടുണ്ടോ ? ലോകത്ത് ആകെ അവശേഷിക്കുന്ന 24 മരങ്ങൾ മാത്രമുള്ള വോളെമി (Wollemia) മരം. പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ ബോട്ടണി വിഭാഗം നടത്തുന്ന ‘ബോട്ടണി ഫിയസ്റ്റ 75’ സസ്യപ്രദർശനത്തിലെത്തിയാൽ വോളെമി മരത്തിന്റെ തൈ കാണാം.
ദിനോസറുകൾക്കു വംശനാശം സംഭവിച്ചപ്പോഴും അതിജീവിച്ച സസ്യവർഗങ്ങളിലൊന്ന്. ഓസ്ട്രേലിയൻ കാടുകളിൽ മാത്രമാണ് മരം കണ്ടെത്തിയിട്ടുള്ളത്.
ഇവയെ സംരക്ഷിക്കാൻ മാത്രം അവിടെ സൈനികരെ നിയോഗിച്ചിട്ടുണ്ട്.
ഇന്ത്യയിൽ കൊൽക്കത്തയിലെ ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിൽ മാത്രമാണ് ഇവയുടെ 5 തൈകളുള്ളത്. അവിടെ നിന്നാണ് എത്തിച്ചത്.
10 കോടി വർഷങ്ങൾക്കു മുൻപേ ഇവ ഭൂമിയിലുണ്ടായിരുന്നതായി ശാസ്ത്ര ലോകം പറയുന്നു. അതുകൊണ്ടു തന്നെ ദിനോസർ മരമെന്നും അറിയപ്പെടുന്നു.
ഫോസിലായി മാത്രമേ അവശേഷിക്കുകയുള്ളൂ എന്നു കരുതിയ ലോകത്തിനു മുന്നിലേക്കു 1994ലാണു വോളെമി, ഓസ്ട്രേലിയയിലെ കാട്ടിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് നടത്തിയ തിരച്ചിലിൽ 23 മരങ്ങൾ കൂടി കണ്ടെത്തി.
ഓസ്ട്രേലിയയിൽ നിന്നാണു പഠനാവശ്യത്തിനായി തൈ ഇന്ത്യയിലെത്തിച്ചത്.
മിത്തുകൾ നിറഞ്ഞ വിത്ത്
ഭൂമിയിലെ ഏറ്റവും ഭാരമുള്ള വിത്ത് ഏതെന്ന് അറിയുമോ ? അതു കൊകോ ഡി മെർ എന്ന മരത്തിന്റെ വിത്താണ്. 25 മുതൽ 35 കിലോഗ്രാം വരെ ഭാരമുണ്ടാകും.
പ്രദർശനത്തിൽ വിത്ത് കാണാം. കൊകോ ഡി മെർ മരം നിഗൂഢതകളാലും മിത്തുകളാലും ചുറ്റപ്പെട്ടതാണ്.
തെങ്ങുകൾ ഉൾപ്പെട്ട ‘പാം ട്രീ’ കുടുംബാംഗമായ കൊകോ ഡി മെർ ഇന്ത്യൻ മഹാസമുദ്രത്തിലെ സെയ്ഷൽസ് ദ്വീപിലാണ് ആദ്യമുണ്ടായത്.
ഈ ദ്വീപുകളിലെ മരങ്ങളിൽ നിന്നു കായകൾ കടലിലേക്കു വീണ്, മാലദ്വീപിലേക്ക് ഒഴുകി, വിത്തുകൾ കിട്ടിയാൽ മാലദ്വീപ് സുൽത്താനു നൽകണമെന്നായിരുന്നു ചട്ടം.
മാലദ്വീപിൽ, കടലിന്റെ അടിത്തട്ടിൽ വളരുന്ന അദ്ഭുത ശക്തിയുള്ള വിത്തായാണ് കണക്കാക്കിയിരുന്നത്. റോമൻ ചക്രവർത്തിയായ റുഡോൾഫ് രണ്ടാമൻ സ്വർണനാണയങ്ങൾ കൊടുത്തു വിത്ത് സ്വന്തമാക്കിയതായും ചരിത്ര രേഖകളിലുണ്ട്.
എല്ലാ വിഷങ്ങൾക്കുമുള്ള പ്രതിമരുന്നാണു വിത്തെന്നു കരുതപ്പെട്ടു. 1768ൽ ഫ്രഞ്ച് പര്യവേക്ഷകനായ മാർക്ക് ജോസഫ് മാരിയോൻ ദ്വീപിലെത്തി മരങ്ങൾ കണ്ടെത്തിയതോടെയാണു ദിവ്യകഥകൾക്ക് അവസാനമായത്.
ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യാനത്തിൽ മൂന്നു മരങ്ങളുണ്ട്.
ദേവദാരൂ പൂക്കില്ല
ശരിക്കും ദേവദാരൂ പൂക്കില്ല, അതു കവിഭാവന മാത്രമാണ്. കാരണം അതു പൂവല്ല, വിത്താണ്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ദേവദാരു വിത്തുകളുടെ ശേഖരം പ്രദർശനത്തിലുണ്ട്. നൂറിലേറെ ഇനം അപൂർവ സസ്യങ്ങളും പുഷ്പങ്ങളും ബോൺസായ് പാർക്കുമെല്ലാം പ്രദർശനത്തിലുണ്ട്.
ലോകത്തിലെ ഏറ്റവും ചെറിയ പൈനാപ്പിൾ (Ananus Nanus) മുതൽ തണ്ടില്ലാതെ ഇലകളിൽ വേരുകളുള്ള (cardio spermum) സസ്യങ്ങളും വിസ്മയമാണ്. ഗവേഷണ, ലബോറട്ടറി ഉപകരണങ്ങളും കാണാം.
ബോട്ടണി വിദ്യാർഥികൾ നിർമിച്ച ഉൽപന്നങ്ങൾ വിൽക്കുന്ന സ്റ്റാളുകളുമുണ്ട്. പ്രദർശനം ഇന്നു സമാപിക്കും.
രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണു പ്രദർശനം. കോളജിലെ ബോട്ടണി വിഭാഗത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണു പ്രദർശനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]