
ആലത്തൂർ ∙ കോർട്ട് റോഡ് നവീകരണത്തിനു സമർപ്പിച്ച പുതുക്കിയ എസ്റ്റിമേറ്റിനു അനുമതിയായില്ല. പാതയുടെ പുനരുദ്ധാരണം അനിശ്ചിതാവസ്ഥയിലായി.
ടൗണിന്റെ ഹൃദയഭാഗമായ താലൂക്ക് ഓഫിസിന്റെ മുന്നിലെ പവിഴം കോർണർ മുതൽ കോർട്ട് റോഡ്, സ്വാതി ജംക്ഷൻ, അഗ്രഹാര പാത അവസാനിക്കുന്ന പുതിയങ്കം തെക്കുമുറി വരെയുള്ള 3 കിലോമീറ്ററോളം വരുന്ന പാത തകർന്ന നിലയിലാണ്. ഇത് നന്നാക്കുന്നതിനാണ് സംസ്ഥാന ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയത്. ഗാന്ധി ജംക്ഷൻ സെന്ററിൽ പാത വിള്ളൽ ബാധിച്ച നിലയിലാണ്.
ഗാന്ധി ജംക്ഷനിലേക്കു കയറുന്ന ഭാഗത്തും ഒട്ടേറെ കുഴികളുണ്ട്.
കല്ലും മണ്ണും ഉപയോഗിച്ച് ഇവ മൂടാറുണ്ടെങ്കിലും മഴ ശക്തമാകുമ്പോൾ കുഴി പഴയ സ്ഥിതിയിലാകും. പുതിയങ്കം ജിയുപി സ്കൂളിനു മുന്നിലെ വലിയ കുഴികളിൽ വെള്ളം നിറയുന്നത് ഭീഷണിയാണ്.
സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ വിദ്യാർഥികളെ കൊണ്ടു വരുന്നതിനും പോകുന്നതിനും ഈ വഴിയാണ് ആശ്രയിക്കുന്നത്. കോർട്ട് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
ബസ് സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്തും കുഴി ഉണ്ട്. വാഹനങ്ങളുടെ ടയർ കുഴിയിൽപ്പെടുന്നതു പതിവാണ്. നിർമാണ സാമഗ്രികൾക്കുണ്ടായ വിലവർധന മൂലം പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ പഴയ നിരക്ക് അനുസരിച്ചു തയാറാക്കിയ എസ്റ്റിമേറ്റ് അപര്യാപ്തമായി.
2025 ഏപ്രിലിലാണു പുതിയ നിരക്ക് നിലവിൽ വന്നത്.
2018ലെ നിരക്കനുസരിച്ചാണ് ആദ്യ എസ്റ്റിമേറ്റ് തയാറാക്കിയത്. പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടു മാസങ്ങൾ കഴിഞ്ഞു.
സാങ്കേതികാനുമതി ലഭിച്ചാൽ മാത്രമേ ടെൻഡർ ക്ഷണിക്കാൻ കഴിയുകയുള്ളൂ. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ളതാണു പാത.
ടൗണിലെ തിരക്കുള്ള പാതയാണിത്. ഗതാഗതക്കുരുക്ക് ഇവിടെ പതിവാണ്.
കോർട്ട് റോഡ് ഉൾപ്പെടെയുള്ള പാതയോരം കയ്യേറ്റം ഒഴിപ്പിക്കുന്നതിനു താലൂക്ക് സർവേയറെ കൊണ്ട് അളന്ന് തിട്ടപ്പെടുത്തി നടപടി ആരംഭിച്ചിരുന്നു. ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിന്റെ ഭാഗമായി വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും പ്രാരംഭ നടപടി തുടങ്ങിയിട്ടുണ്ട്.
അനധികൃത പാർക്കിങ് മൂലം ഗതാഗത സ്തംഭനം പതിവാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]