പെരിങ്ങോട്ടുകുറിശ്ശി ∙ ആകാശിന്റെയും സുഹൃത്ത് സുർജിത്തിന്റെയും മരണം നാടിനെ നടുക്കിയ ദുരന്തമായി. പരുത്തിപ്പുള്ളി കല്ലംപറമ്പ് വീട്ടിൽ മോഹനൻ, സുനിത ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളാണ് മരിച്ച ആകാശ്.
സഹോദരൻ ആദർശ് പ്ലസ് ടു വിദ്യാർഥിയാണ്. ബിരുദത്തിനുശേഷം സർക്കാർ ജോലിക്കായി തയാറെടുക്കുന്ന ആകാശിലായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ.
മരിച്ച സുർജിത്തും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അശ്വിനും പരുത്തിപ്പുള്ളിയിലെ വീട്ടിൽ വരുന്നത് പതിവാണ്.
സുഹൃത്തുക്കളായ മൂന്നു പേരും ചേർന്നാണ് ഇന്നലെ കോട്ടായി കണ്ടത്താർ ഭഗവതി ക്ഷേത്രത്തിൽ വേലയ്ക്കു പോയത്. വേല കഴിഞ്ഞ് പരുത്തിപ്പുള്ളിയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
സംസ്കാരം ഇന്നലെ വൈകിട്ട് ഐവർമഠത്തിൽ നടത്തി. സുർജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പാലക്കാട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
കരസേനയിൽ ജോലി ചെയ്യുന്ന സഹോദരൻ സുധീഷ് അരുണാചൽപ്രദേശിൽ നിന്നു വന്നതിനു ശേഷമാകും സംസ്കാരം. സുർജിത്തിന്റെ അച്ഛൻ രണ്ടു വർഷം മുൻപ് പറളി ചക്കാന്തറയ്ക്കു സമീപം വാഹനാപകടത്തിൽ മരിച്ചിരുന്നു.
അച്ഛന്റെ മരണത്തിനു ശേഷം അമ്മ ദീപയും സഹോദരി അശ്വതിയും ഉൾപ്പെടുന്ന വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് സുർജിത്താണ്.
ബൈക്ക് മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു
കോട്ടായി ∙ ഈസ്റ്റ് പരുത്തിപ്പുള്ളി വില്ലേജ് ഓഫിസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു.
ഒരാൾക്കു ഗുരുതര പരുക്കേറ്റു. വേല കഴിഞ്ഞു മടങ്ങിയ സുഹൃത്തുക്കളാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ അപകടത്തിൽപെട്ടത്.
പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളി കല്ലംപറമ്പ് വീട്ടിൽ മോഹനൻ– സുനിത ദമ്പതികളുടെ മകൻ ആകാശ് (23), കോട്ടായി കരിയാങ്കോട് സുദീപത്തിൽ സുബ്രഹ്മണ്യൻ – ദീപ ദമ്പതികളുടെ മകൻ സുർജിത്ത് (23) എന്നിവരാണു മരിച്ചത്. കോട്ടായി പുളിനെല്ലി പഴയ കല്ലേക്കാട് വടക്കേപുരയിൽ കൃഷ്ണദാസിന്റെ മകൻ അശ്വിൻ കൃഷ്ണനെയാണ് (23) ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കണ്ടത്താർ ഭഗവതി ക്ഷേത്രത്തിലെ വേല കഴിഞ്ഞ് ആകാശിനെ പരുത്തിപ്പുള്ളിയിലെ വീട്ടിലാക്കാൻ പോകുമ്പോഴാണ് നാടിനെ നടുക്കിയ അപകടം.
നിയന്ത്രണംവിട്ട ബൈക്ക് റോഡിൽ നിന്നിറങ്ങി 10 മീറ്ററോളം മുന്നോട്ടുപോയാണ് ഗേറ്റിനോടു ചേർന്ന മതിലിൽ ഇടിച്ചത്.
ഗുരുതര പരുക്കേറ്റ മൂന്നു പേരെയും കോട്ടായി പൊലീസും വീട്ടുകാരും ചേർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആകാശും സുർജിത്തും മരിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അശ്വിൻ കൃഷ്ണ അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.
ആകാശിന്റെ സംസ്കാരം നടത്തി. സുർജിത്തിന്റെ സംസ്കാരം പിന്നീട്.
ആകാശിന്റെ സഹോദരൻ: ആദർശ്. സുർജിത്തിന്റെ സഹോദരങ്ങൾ: സുധീഷ് (സൈനികൻ), അശ്വതി.
ഈസ്റ്റ് പരുത്തിപ്പുള്ളി: സ്ഥിരം അപകടമേഖല
പെരിങ്ങോട്ടുകുറിശ്ശി ∙ ഈസ്റ്റ് പരുത്തിപ്പുള്ളി കനാൽ പാലവും എൽപി സ്കൂളും കഴിഞ്ഞുള്ള വളവിൽ വാഹനാപകടം പതിവാകുന്നു.
നാലു വ്യത്യസ്ത അപകടങ്ങളിൽ അഞ്ചു ജീവനാണ് ഇവിടെ നഷ്ടമായത്. കനാൽ പാലം കഴിഞ്ഞ് വളവിലാണ് വാഹനങ്ങൾ നിയന്ത്രണംവിട്ടു മറിയുന്നത്.
റോഡ് പരിചയമില്ലാതെ വരുന്ന യാത്രക്കാർക്ക് വളവിൽ പെട്ടെന്നു വാഹനം നിയന്ത്രിക്കാൻ കഴിയാത്തതാണ് അപകടകാരണം. അപകടമേഖല സൂചിപ്പിക്കുന്നതിനായി പ്രത്യേകം ട്രാഫിക് ബോർഡുകൾ സ്ഥാപിക്കാത്തതും ബുദ്ധിമുട്ടാകുന്നു.
കനാൽപാലം കഴിഞ്ഞും സ്കൂളിനു സമീപവും ഡിവൈഡർ സ്ഥാപിക്കണമെന്ന് ഏറെ നാളായി നാട്ടുകാർ ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

