ഒറ്റപ്പാലം∙ അസുഖബാധിതരായ മാതാപിതാക്കളും ഓട്ടിസം ബാധിച്ച ജ്യേഷ്ഠ സഹോദരനും ഉൾപ്പെട്ട കുടുംബം നോക്കാൻ പഠനത്തോടൊപ്പം എൽഇഡി ബൾബുകൾ നിർമിച്ചു വിൽക്കുന്ന എട്ടാം ക്ലാസുകാരൻ രഞ്ജിത്തിന്റെ കഠിനാധ്വാനത്തിനു നെഹ്റു ഗ്രൂപ്പിന്റെ കൈത്താങ്ങ്.
വാണിയംകുളം കോതയൂർ ചോലയ്ക്കൽ രഞ്ജിത്തിന്റെ (13) വീട്ടിലെത്തിയ ശേഷമാണു ചെയർമാൻ ഡോ. പി.കൃഷ്ണദാസ് സഹായങ്ങൾ വാഗ്ദാനം ചെയ്തത്. കുടുംബം നോക്കാനുള്ള രഞ്ജിത്തിന്റെ രാപകൽ പോരാട്ടത്തെയും ജീവിത സാഹചര്യങ്ങളെയും കുറിച്ചു ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെ വിശദ വിവരങ്ങൾ ശേഖരിച്ചാണു നെഹ്റു ഗ്രൂപ്പ് ചെയർമാൻ ഇന്നലെ കുടുംബാംഗങ്ങളെ നേരിൽ കാണാൻ വീട്ടിലെത്തിയത്.
പാതിവഴിയിൽ എത്തിനിൽക്കുന്ന രഞ്ജിത്തിന്റെ വീടു നിർമാണം പൂർത്തിയാക്കിനൽകുമെന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു. അസുഖബാധിതരായ കുടുംബാംഗങ്ങൾക്കു നെഹ്റു ഗ്രൂപ്പിനു കീഴിലെ പികെ ദാസ് ആശുപത്രിയിൽ സൗജന്യ ചികിത്സയ്ക്കു സൗകര്യം ഒരുക്കും. രഞ്ജിത്തിനും സഹോദരനും അഭിരുചിക്ക് അനുസരിച്ചു നെഹ്റു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ഉന്നത പഠനത്തിനു ക്രമീകരണം ഒരുക്കുമെന്നും നാട്ടുകാരൻ കൂടിയായ പി.കൃഷ്ണദാസ് അറിയിച്ചു.വർഷങ്ങളായി ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്ന അച്ഛൻ രാമചന്ദ്രനു ജോലിക്കു പോകാനാകില്ല.
ജ്യേഷ്ഠ സഹോദരൻ രോഹിത്തിന് ഓട്ടിസമാണ്.
അമ്മ രാജേശ്വരി കണ്ടെത്തിയിരുന്ന തുച്ഛമായ വരുമാനത്തെ ആശ്രയിച്ചായിരുന്നു കുടുംബത്തിന്റെ ജീവിതം. 8 മാസം മുൻപു നടന്നുപോകുന്നതിനിടെ തെന്നി വീണു രാജേശ്വരിയുടെ കാലിനു ഗുരുതരമായി പരുക്കേറ്റതോടെ വരുമാനം നിലച്ചു.
കുടുംബത്തിന്റെ താളം തെറ്റി.ഇതിനിടെയാണു കെ.പ്രേംകുമാർ എംഎൽഎ നടപ്പാക്കുന്ന ‘മാനത്തോളം’ പദ്ധതിയുടെ ഭാഗമായി രഞ്ജിത്ത് എൽഇഡി ബൾബ് നിർമാണം പഠിച്ചെടുത്തത്.
പരിശീലനത്തിൽ രഞ്ജിത്തിന്റെ വൈദഗ്ധ്യവും താൽപര്യവും കണ്ടു ബൾബുകൾ നിർമിക്കാനുള്ള യൂണിറ്റും പദ്ധതിയുടെ ഭാഗമായിത്തന്നെ അനുവദിച്ചു നൽകിയിരുന്നു. ഒഴിവു സമയങ്ങളിലെല്ലാം രഞ്ജിത്ത് വീട്ടിൽ ബൾബുകൾ നിർമിക്കും.
സ്കൂൾ വിട്ടു വീട്ടിലെത്തിയാൽ ബൾബുകളുമായി സൈക്കിളിൽ വാണിയംകുളത്തേക്ക്.ഇവിടെ കടകൾക്കു മുന്നിൽ കാത്തുനിന്നു നേരിട്ടാണു വിൽപന. ഇതിൽ നിന്നു കിട്ടുന്ന പ്രതിഫലമാണു കുടുംബാംഗങ്ങളുടെ ചികിത്സാ ചെലവിനും കുടുംബത്തിന്റെ ഉപജീവനത്തിനും ആശ്രയം. ബൾബുകൾ തീരുന്ന മുറയ്ക്കു രാത്രി ഉറക്കമൊഴിച്ചു പുതിയവ നിർമിച്ചു വീണ്ടും വിപണി തേടിയിറങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

