കാഞ്ഞിരപ്പുഴ ∙ പൂഞ്ചോലയിൽ വീണ്ടും പുലി ആക്രമണം. ഇത്തവണ കൊന്നു തിന്നതു വിദേശ ഇനം വളർത്തു നായയെ.
ജനവാസമേഖലയിലെ പുലിയുടെ ആക്രമണത്തിൽ ഭീതിയൊഴിയാതെ നാട്ടുകാർ. പിടികൂടണമെന്നും ഇല്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും നാട്ടുകാർ നിലപാടെടുത്തതോടെ വൈകിട്ടോടെ വനംവകുപ്പ് കൂടും സ്ഥാപിച്ചു. പൂഞ്ചോല കുറ്റിയാംപാടം പുലാവഴി വീട്ടിൽ സുനിലിന്റെ വീട്ടിലെ വളർത്തു നായയെയാണു പുലി കൊന്നു തിന്നത്.
വീടിനോടു ചേർന്നു ചങ്ങലയിൽ കെട്ടിയിട്ട 14 മാസം പ്രായമുള്ള ഡോബർമാൻ നായയെയാണു കൊന്നത്.
ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണു സംഭവം. നായ ശബ്ദമുണ്ടാക്കിയിരുന്നെങ്കിലും കുറുക്കന്റെയും മറ്റും ശല്യമുള്ളതിനാൽ വീട്ടുകാർ കാര്യമാക്കിയില്ല.
രാവിലെ വിറകെടുക്കാനായി സുനിലിന്റെ ഭാര്യ എത്തിയപ്പോഴാണു നായയെ ചത്ത നിലയിൽ കണ്ടത്. പകുതിയോളം ഭക്ഷിച്ച നിലയിമായിരുന്നു.
ചങ്ങല കൊണ്ടു ബന്ധിച്ചിരുന്നതിനാൽ നായയെ കൊണ്ടു പോകാനായില്ല.വിവരം അറിയിച്ചതിനെ തുടർന്നു വനപാലകരും ദ്രുതകർമസേനയും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
രണ്ടു ദിവസം മുൻപു രണ്ടു കിലോമീറ്റർ അകലെ മുനിക്കോടത്തും പുലി ആടിനെ പിടികൂടിയിരുന്നു.
എന്നാൽ, ആക്രമണം നടത്തിയതു പുലി വർഗത്തിൽപെട്ട വന്യജീവിയാണെന്നാണ് അധികൃതർ പറയുന്നത്.
ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ക്യാമറ സ്ഥാപിച്ചാൽ മാത്രം പോരെന്നും കൂടു സ്ഥാപിച്ചു പിടികൂടണമെന്നും അവർ ആവശ്യപ്പെട്ടു. വൈകിട്ടോടെ വനംവകുപ്പ് കൂടെത്തിക്കുകയും സുനിലിന്റെ വീടിനു സമീപം സ്ഥാപികകുകയും ചെയ്തു. മണ്ണാർക്കാട് റേഞ്ച് ഓഫിസർ ഇമ്രോസ് ഏലിയാസ് നവാസ്.
പാലക്കയം ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.മനോജ് എന്നിവർ നേതൃത്വം നൽകി.
പുലിഭീതി ഒഴിയാതെ മലയോര ജനവാസ മേഖല
കാഞ്ഞിരപ്പുഴ ∙ ജനവാസ മേഖലയിൽ പുലി ഭീതിയൊഴിയുന്നില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിടങ്ങളിൽ പുലിയുടെ ആക്രമണത്തിൽ മൂന്നു വളർത്തു മൃഗങ്ങൾക്കു ജീവൻ നഷ്ടപ്പെട്ടു.കഴിഞ്ഞ 19നു പുലർച്ചെ പൂഞ്ചോലയ്ക്കു സമീപം മുനിക്കോടം കാങ്കത്ത് ഗോപാലന്റെ വീട്ടിലെ ആടിനെ കൊന്നു തിന്നു.
വീടിനു സമീപം കൂട്ടിൽ കെട്ടിയിരുന്ന ആടിനെ പിടികൂടി കൊലപ്പെടുത്തുകയായിരുന്നു.
ഇതിനു മുൻപു രണ്ടു ദിവസം മുൻപു കാഞ്ഞിരപ്പുഴ വക്കോടനിൽ ഒരു വീട്ടിൽ നിന്നു പുലി വളർത്തു നായ്ക്കളെ പിടികൂടുന്ന സിസിടിവി ദൃശ്യവും വന്നിരുന്നു. ഇക്കാര്യം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്നലെ പൂഞ്ചോല കുറ്റിയാംപാടത്തും വളർത്തുനായയെ പിടികൂടി.
തുടർച്ചയായി ജനവാസ മേഖലയിൽ വന്യജീവി ആക്രമണം മലയോര മേഖലയിൽ ഏറെ ആശങ്കയുണ്ടാക്കുന്നത്. സന്ധ്യമയങ്ങിയാലും പുലർച്ചെയും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയെന്നും ജനങ്ങൾ. ഇനിയെങ്കിലും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ നാട്ടിലിറങ്ങുന്ന വന്യജീവികളെ പിടികൂടണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇരുമ്പകച്ചോലയിൽ കടുവയുടെ കാൽപാടെന്ന് അഭ്യൂഹം
കാഞ്ഞിരപ്പുഴ ∙ ഇരുമ്പകച്ചോല വെറ്റിലച്ചോലയിൽ കിഴക്കേക്കര മാത്തച്ചന്റെ റബർ പുരയ്ക്കു സമീപം കടുവയുടെ കാൽപാടുകൾ കണ്ടതായി അഭ്യൂഹം.
ഇന്നലെ രാവിലെയാണു കടുവയുടേതിനു സമാനമായ കാൽപാടുകൾ കണ്ടതായി പറയുന്നത്. വനംവകുപ്പിനു വിവരം നൽകി. ഇരുമ്പകച്ചോല മലയോര മേഖലയിൽ മുൻപു പുലിയുടെ സാന്നിധ്യം വനംവകുപ്പു കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

