
കാഞ്ഞിരപ്പുഴ ∙ മഴ ശക്തമായതോടെ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു സ്പിൽവേ ഷട്ടറുകൾ വീണ്ടും തുറന്നു. ജലനിരപ്പു ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണു മൂന്നു ഷട്ടറുകളും 10 സെന്റിമീറ്റർ വീതം ഉയർത്തിയത്.
ഇതോടെ പുഴയോരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കാനും അധികൃതർ നിർദേശം നൽകി. ഡാമിന്റെ പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്.
ഇന്നലെ ജലനിരപ്പ് 95.71 മീറ്ററിലെത്തി.കനത്ത മഴയെത്തുടർന്ന് ഒരു മാസത്തോളം തുടർച്ചയായി ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കിവിട്ടിരുന്നു. മഴ കുറഞ്ഞതിനാൽ കഴിഞ്ഞ ആഴ്ചയിൽ ഷട്ടർ അടച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വൃഷ്ടിപ്രദേശമായ പാലക്കയം, ഇരുമ്പകച്ചോല വനമേഖലയിൽ ശക്തമായ മഴ പെയ്തു.
ഇതോടെ ഇരുവശത്തെയും പുഴയിൽ നീരൊഴുക്കു വർധിക്കുകയും ഡാമിൽ ഒരാഴ്ചയ്ക്കിടെ ഒന്നര മീറ്ററോളം ജലനിരപ്പ് ഉയരുകയും ചെയ്തു. തുടർന്നാണു ഷട്ടറുകൾ ഉയർത്താൻ അധികൃതർ തീരുമാനിച്ചത്.
മഴക്കാലത്ത് ജില്ലയിൽ ആദ്യമായി ഷട്ടർ തുറക്കുന്ന ഡാമാണു കാഞ്ഞിരപ്പുഴ.
ഇക്കുറി മേയ് 31നു തന്നെ ഷട്ടറുകൾ തുറന്നു. രണ്ടു ദിവസത്തിനു ശേഷം അടച്ചു.
ജൂൺ 13നു വീണ്ടും ഷട്ടറുകൾ ഉയർത്തി. ജൂലൈ 16ന് അടച്ചു. ഇക്കാലയളിൽ അഞ്ചു മുതൽ 40 സെന്റി മീറ്റർ വരെ ഷട്ടറുകൾ ഉയർത്തിയിരുന്നു.
മുൻ വർഷം ജൂലൈ 16നായിരുന്നു ആദ്യമായി ഷട്ടറുകൾ ഉയർത്തിയത്. നിലവിൽ വൃഷ്ടിപ്രദേശത്തു മഴ തുടരുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]